പേസ്റ്റ്, മഷി, തേന്‍… പൊള്ളലേറ്റാല്‍ ഇത്തരം പൊടിക്കൈകള്‍ ഇനി ഉപയോഗിക്കല്ലെ
പൊള്ളലേറ്റ് നിരവധി മരണങ്ങളും പരുക്കും സംഭവിക്കാറുണ്ട്. ചില പൊള്ളലുകള്‍ സ്വയം ചികിത്സ നടത്തി അത് വലിയ പ്രയാസത്തിലേക്കും എത്താറുണ്ട്. ഇന്ത്യയില്‍ പ്രതിവര്‍ഷം 70 ലക്ഷം പൊള്ളല്‍ രോഗികള്‍ ഉണ്ടാകുന്നുവെന്നാണ് കണക്ക്. ശരാശരി 1.4 ലക്ഷം രോഗികള്‍ പൊള്ളല്‍ മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നത്താല്‍ മരണപ്പെടുന്നുവത്രേ. 80 ശതമാനം പൊള്ളലുകള്‍ സ്ത്രീകളിലും ചെറിയ കുട്ടികളിലും ആണ് ഉണ്ടാകുന്നത്. 80 ശതമാനം പൊള്ളലുകളും അടുക്കളകളില്‍ നിന്നും ഉണ്ടാകുന്ന അപകടങ്ങളില്‍ നിന്നാണ്. പൊള്ളല്‍ അതിജീവിച്ചാലും ജീവിതകാലം മുഴുവനും പലതരം ചികിത്സകള്‍ ആവശ്യമായി വരുന്നു.
പൊള്ളലേറ്റാല്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ ഇവയാണ്
- പൊള്ളല്‍ അപകടം ഉണ്ടായ ആളിന്റെ ശരീരത്തില്‍ നിന്നും കത്തിക്കരിഞ്ഞ തുണിയും ആഭരണങ്ങളും ഊരിമാറ്റാന്‍ ശ്രദ്ധിക്കുക. എന്നാല്‍ ശരീരത്തോട് ഒട്ടിചേര്‍ന്നു പോയ കത്തിയ തുണി വലിച്ചു മാറ്റാന്‍ ശ്രമിക്കരുത്.
- പൊള്ളല്‍ പറ്റിയ ശരീരഭാഗം പൈപ്പ് വെള്ളം ഉപയോഗിച്ച് കഴുകുന്നത് മാലിന്യങ്ങള്‍ നീക്കം ചെയ്യാനും വേദനയും നീരും കുറയ്ക്കാനും സഹായിക്കും. എന്നാല്‍, ഐസോ, തണുത്ത വെള്ളമോ ഉപയോഗിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും.
- ശരീരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ ഉണ്ടാകുന്ന പൊള്ളല്‍ വൃത്തിയുള്ള കോട്ടന്‍ തുണി കൊണ്ട് മൂടിയ ശേഷം അടിയന്തര വൈദ്യസഹായം തേടേണ്ടതാണ്.
- പൊള്ളല്‍ ഉണ്ടായശേഷം വീട്ടില്‍ തന്നെ ഉള്ള വെണ്ണ, ടൂത്ത് പേസ്റ്റ്, മഷി, സ്‌പ്രേ, ഓയിന്‍മെന്റ് തുടങ്ങിയ സാധനങ്ങള്‍ ശരീരത്തില്‍ തേച്ചുപിടിപ്പിക്കാതിരിക്കുക.
- പൊള്ളല്‍ മൂലം ശരീരത്തില്‍ ഉണ്ടാകുന്ന കുമിളകള്‍ വലുപ്പമുള്ളതോ, കുമിളകള്‍ക്കുള്ളില്‍ രക്തമോ പഴുപ്പോ കാണുകയാണെങ്കില്‍ പെട്ടെന്നു വൈദ്യസഹായം തേടണം. കുമിളകള്‍ കൈ കൊണ്ടോ സേഫ്ടി പിന്‍ കൊണ്ടോ കുത്തിപ്പൊട്ടിക്കാന്‍ ശ്രമിക്കരുത്.
പെട്ടെന്ന് വൈദ്യസഹായം തേടേണ്ട സാഹചര്യങ്ങള്‍
- പൊള്ളല്‍ പറ്റിയ മുറിവുകള്‍ക്കു കറുത്ത നിറമോ, രക്തത്തിന്റെ നിറമോ ചുമപ്പോ, മുറിവ് കരിഞ്ഞിരിക്കുകയോ ആണെങ്കില്‍ എത്രയും വേഗം വൈദ്യസഹായം തേടുക.
- രോഗിയുടെ കൈപ്പത്തിയേക്കാള്‍ വലിയ അളവില്‍ ശരീരത്തില്‍ പൊള്ളല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ വൈദ്യസഹായം തേടേണ്ടതാണ്.
- മുഖത്തോ കൈകളിലോ പാദങ്ങളിലോ കണ്ണുകളിലോ ജനനേന്ദ്രിയങ്ങളിലോ പൊള്ളല്‍ സംഭവിച്ചാല്‍ വൈദ്യസഹായം തേടുക.
- വൈദ്യുതി പൊള്ളലും കെമിക്കല്‍ മൂലം ഉണ്ടാകുന്ന പൊള്ളലുകളും എത്ര ചെറുതാണെങ്കിലും വൈദ്യസഹായം തേടണം.
- പൊള്ളല്‍ പറ്റിയ രോഗി പുകയോ മറ്റു പൊടികളോ ശ്വസിച്ചിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക.
- പ്രമേഹരോഗികള്‍ ചെറിയ പൊള്ളലുകളില്‍ പോലും ഡോക്ടറുടെ സഹായം സ്വീകരിക്കുന്നതാണ് നല്ലത്.
- ശിശുക്കളും ചെറിയ കുട്ടികളും പ്രായമായവരും പൊള്ളലുകള്‍ വൈദ്യസഹായത്തോടുകൂടി ചികിത്സിക്കുന്നതാണ് ഉത്തമം.
പൊള്ളലുകള്‍ മൂന്നു തരം
ഫസ്റ്റ് ഡിഗ്രി പൊള്ളല്‍: തൊലിപ്പുറത്ത് ചെറിയൊരു നിറവ്യത്യാസം ഉണ്ടാക്കുന്നു. പൊള്ളലേറ്റ ഭാഗത്ത് ചുവപ്പുനിറവും തടിപ്പുമാണ് ഉണ്ടാവുക. സൂപ്പര്‍ഫിഷ്യല്‍ ബേണ്‍ എന്നും ഇത് അറിയപ്പെടുന്നു.
സെക്കന്‍ഡ് ഡിഗ്രി പൊള്ളല്‍: ചര്‍മത്തിലെ പുറംപാളിയായ എപ്പിഡെര്‍മിസിനെ ബാധിക്കുന്നതാണിത്. ചര്‍മം പകുതിയോളം ആഴത്തില്‍ നശിച്ചുപോകുന്നു. വേദനയും പുകച്ചിലും ഉണ്ടാകുന്നു. ചര്‍മത്തില്‍ പോളകള്‍ ഉണ്ടാകൂം.
തേര്‍ഡ് ഡിഗ്രി പൊള്ളല്‍: ചര്‍മം മൊത്തത്തില്‍ കരിഞ്ഞു പോകുന്നു. ഇത് ഗുരുതരമാണ്. ചര്‍മത്തിലെ അകത്തും പുറത്തുമുള്ള പാളികളെ ബാധിക്കും. ചര്‍മത്തിലെ നാഡികള്‍, രക്തലോമികകള്‍, കൊഴുപ്പുകോശങ്ങള്‍, പേശികള്‍ എന്നിവയെയൊക്കെ ബാധിക്കുന്നു. അടിയന്തിര വൈദ്യസഹായം തേടണം.
ചെയ്യാന്‍ പാടില്ലാത്തത്
പൊള്ളിയതിന് മുകളില്‍ ഐസ്, പേസ്റ്റ്, മഷി, തേന്‍, കാപ്പിപ്പൊടി തുടങ്ങിയവയൊന്നും പുരട്ടരുത്. അത് പൊള്ളിയ ഭാഗത്ത് പഴുപ്പുണ്ടാകാനും അണുബാധയുണ്ടാകാനും ഇടയാക്കും. പേസ്റ്റിലും മഷിയിലുമുള്ള രാസവസ്തുക്കള്‍ പൊള്ളിയ ചര്‍മത്തിലൂടെ എളുപ്പത്തില്‍ ഉള്ളില്‍ കടന്നാണ് അണുബാധയുണ്ടാകുന്നത്. ചികിത്സ നല്‍കുന്നതിന് മുന്‍പ് ഇത് നീക്കം ചെയ്യുക എന്നത് വളരെ ശ്രമകരമാണ്.
പേസ്റ്റ്, മഷി, തേന്‍… പൊള്ളലേറ്റാല്‍ ഇത്തരം പൊടിക്കൈകള്‍ ഇനി ഉപയോഗിക്കല്ലെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."