ചോക്ലേറ്റ് മധുരത്തിൽ അലിഞ്ഞ് ദോഹ
ദോഹ:ദോഹയിൽ രുചി വൈവിധ്യങ്ങൾ ഒത്തുചേരുന്ന കോഫി, ടീ, ചോക്ലേറ്റ് ഫെസ്‌റ്റിവലിന്, അൽ ബിദ പാർക്കിൽ നടക്കുന്ന ദോഹ എക്സ്പോയിൽ തുടക്കമായി. എക്സ്പോയിലെ ഫാമിലി സോണിലാണ് മുൻനിര ബ്രാൻഡുകളുടെ പങ്കാളിത്തത്തോടെ ഫെസ്‌റ്റിവൽ തുടങ്ങിയത്. പുത്തൻ രുചികളുമായി 50 കോഫി ഷോപ്പുകളും 10 റസ്‌റ്ററൻ്റുകളും പങ്കെടുക്കുന്നു. ബബ്ൾ മിൽക് ടീ, ക്ലാസിക് മിൽക് ടീ, കരക്, തായ് ടീ, ടോറോ മിൽക് ടീ തുടങ്ങി വ്യത്യസ്ത രുചികളാണ് ഫെസ്‌റ്റിവലിലെ കോഫി ഷോപ്പുകളിലുള്ളത്.
സമോസ, വടാപാവ്, മോമോസ്, തായ് ഗാർലിക് ഫ്രൈഡ് ചിക്കൻ എന്നിങ്ങനെ സ്പാനിഷ്, തായ്, ഫിലിപ്പിനോ, ഇന്ത്യൻ വിഭവങ്ങളും ഇവിടെയുണ്ട്. സഊദിയുടെ തേൻ, വിവിധതരം പഴങ്ങളുടെ ജൂസ് എന്നിവയും ലഭ്യമാണ്. ഡിസംബർ 2 വരെ നീളുന്ന ഫെസ്‌റ്റിവലിൽ ദിവസവും തൽസമയ വിനോദ പരിപാടികളും അരങ്ങേറുന്നുണ്ട്. കുട്ടികൾക്കായി പ്രത്യേക ഇൻഫ്ളേറ്റബിൾ ഗെയിം ഏരിയയുമുണ്ട്. ഫെസ്‌റ്റിവലിലെത്തുന്ന സന്ദർശകർക്ക് തൽസമയ ഡിജെയും പൊയ്ക്കാൽ കലാകാരന്മാരുടെ മനോഹരമായ പ്രകടനങ്ങളും ഫെയ്സ് പെയിന്റിങ്ങുമെല്ലാം ആസ്വദിക്കാം.
ഇക്കഴിഞ്ഞ മാർച്ചിൽ അൽബിദ പാർക്കിൽ നടന്ന 10 ദിവസം നീണ്ട അഞ്ചാമത് കോഫി, ടീ, ചോക്കലേറ്റ് ഫെസ്‌റ്റിവലിൽ 25,000 സന്ദർശകരാണ് എത്തിയത്. ദോഹ എക്സ്‌പോ വേദിയിലേക്ക് എത്തുന്ന സന്ദർശകരും ഫെസ്‌റ്റിവലിലേക്ക് എത്തുമെന്നതിനാൽ ഇത്തവണത്തെ ആറാമത് എഡിഷനിലേക്ക് ഇതിൻ്റെ ഇരട്ടിയിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ഫാമിലി സോണിൽ ഞായർ മുതൽ ബുധൻ വരെ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയാണ് ഫെസ്റ്റിവൽ നടക്കുക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് 3 മുതൽ രാത്രി 11 വരെയാണ് പ്രവേശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."