ഒടുവിൽ സമാഗമം
എന്‍.സി ഷെരീഫ്
കൂട്ടിനാളില്ലാതെ മണലാരണ്യത്തിലെ കൊടിയ ചൂടിലും കഠിന തണുപ്പിലും അയാൾ കഴിച്ചുകൂട്ടിയത് 15 വർഷം. കൂലിയില്ലാതെ വേല ചെയ്തും കൊടിയ പീഡനങ്ങൾ നേരിട്ടും എണ്ണിത്തീർത്ത ദിനരാത്രങ്ങൾക്ക് ദൈർഘ്യം ഏറെയായിരുന്നു. ഒടുവിൽ ജയിലിലെ ഏകാന്തതയുടെ തീക്ഷ്ണത അയാളുടെ ഉടലിൽ തുളഞ്ഞുകയറി. ഭാര്യയും ഏക കൺമണിയും നഷ്ടമായതോടെ നിരാശയുടെ ഭാണ്ഡവും പേറി കടൽ കടന്നെത്തിയ നാട്ടിൽനിന്ന് ഒരു തിരിച്ചുപോക്ക് അസാധ്യമെന്ന് അയാൾ ഉറപ്പിച്ചു. കൺമുന്നിൽ ഇരുട്ടു പരന്നു. ആരോടെങ്കിലും എല്ലാമൊന്ന് മനസുതുറന്ന് പറയണമെന്നുണ്ട്. കാലങ്ങളായി കൂട്ടിവച്ച ഏകാന്ത സങ്കടങ്ങളെ കെട്ടഴിച്ചുവിടണം. അതിലൂടെ കാതങ്ങൾക്കപ്പുറം നടന്ന് കുടുംബത്തെ തിരയണം. പക്ഷേ, അയാളുടെ മനസിലെ നൊമ്പരങ്ങൾക്ക് ആരും ചെവികൊടുത്തില്ല. എല്ലാം നഷ്ടപ്പെട്ടവന്റെ കരഞ്ഞുകലങ്ങിയ കണ്ണിലെ ചുവപ്പു കാരണമാകാം ആ നോട്ടത്തെപ്പോലും പലരും ഭയന്നത്. അവസാന പ്രതീക്ഷയും നഷ്ടമായ സുബ്രഹ്‌മണ്ണിയെ ദൈവം തനിച്ചാക്കിയില്ല. ജീവിതത്തിന്റെ പുതിയ വാതിൽ തുറന്ന് ദൈവം കൂടെനിന്നു. സഊദി അറേബ്യയിലെ 15 വർഷത്തെ ഏകാന്ത ജീവിതത്തിനൊടുവിൽ മഞ്ചേരി ജയിലിലെത്തിയ തമിഴ്‌നാട് കടലൂരിലെ സുബ്രഹ്മണ്ണിയെ തേടി കുടുംബമെത്തി. അറ്റുപോയെന്ന് ഉറപ്പിച്ച ബന്ധം അവിടെ നിന്ന് വിളക്കിച്ചേർത്തു. അങ്ങനെ ഒന്നര പതിറ്റാണ്ടിനു ശേഷം ജയിലഴികൾ മറികടന്ന് സുബ്രഹ്‌മണ്ണിസ്വഭവനത്തിലെത്തി.
സ്വപ്‌നച്ചിറകിലേറി സഊദിയിലേക്ക്
തമിഴ്‌നാട് കടലൂരിലെ മംഗളംപറ്റ ഗ്രാമം. കൂലിവേല ചെയ്ത് പിതാവ് പെരിയ സ്വാമിക്കും മാതാവ് പാർവതിക്കും തുണയായി ജീവിച്ചു സുബ്രഹ്മണ്ണി. 28ാം വയസിലാണ് അയാൾ ജീവിതത്തിൽ കൂടുകൂട്ടിയ പുതിയ സ്വപ്‌നങ്ങൾക്ക് നിറംനൽകാൻ വിദേശത്തേക്ക് വിമാനം കയറിയത്. ഈറനണിഞ്ഞ് അവനെ യാത്രയാക്കുമ്പോൾ മാതാപിതാക്കളുടെ കണ്ണുകളിൽ പ്രതീക്ഷകളുടെ തിളക്കമുണ്ടായിരുന്നു. പച്ചപിടിച്ച സ്വപ്‌നങ്ങളുമായി കേട്ടുപരിചയം മാത്രമുള്ള സഊദിയുടെ മണലാരണ്യത്തിലെത്തിയ സുബ്രഹ്മണ്ണി കഠിനാധ്വാനിയായ തൊഴിലാളിയായി. പലവിധ ജോലികൾ ചെയ്തു. പകരം ലഭിച്ചത് തുച്ഛ വേതനം മാത്രം. രണ്ടു വർഷത്തിനു ശേഷം അയാൾ വീടണഞ്ഞത് ഇനി ഒരിക്കലും സഊദിയിലേക്ക് മടങ്ങിപ്പോകില്ലെന്ന് ഉറപ്പിച്ചാണ്.
രോഗാതുരമായ ദാമ്പത്യ വല്ലരി
പിതാവ് പെരിയ സ്വാമിയും മാതാവ് പാർവതിയുമായിരുന്നു സുബ്രഹ്മണ്ണിയുടെ ലോകം. മറ്റൊന്നിനോടും തോന്നാത്ത ഇഷ്ടം സുബ്രഹ്മണ്ണിക്ക് പഴനിയോട് തോന്നി. എടച്ചത്തൂർ വീട്ടിൽ മംഗല്യപ്പന്തലൊരുങ്ങി. 1994 ഫെബ്രുവരിയിൽ സുബ്രഹ്മണ്ണി പഴനിക്ക് മിന്നുകെട്ടി. സന്തോഷം നിറഞ്ഞ ജീവിതം. 10 വർഷത്തെ അവരുടെ കാത്തിരിപ്പ് സഫലമാക്കി വഴിപാടുകളുടെയും നേർച്ചകളുടെയും ഉത്തരമായി കുഞ്ഞു സുമിത്ര പിറന്നു.അവളിലൂടെ ദമ്പതികളുടെ ഇരട്ടിയായ സന്തോഷങ്ങൾക്കു പക്ഷേ, അധികം ആയുസുണ്ടായില്ല. കുഞ്ഞുശരീരത്തിന് സഹിക്കാവുന്നതിലുമപ്പുറം വേദന നിറഞ്ഞതായിരുന്നു സുമിത്രയുടെ ഓരോ നിമിഷവും. അസുഖബാധിതയായ മകളെ അവർ ആകുന്ന രീതിയിലെല്ലാം ചികിത്സിച്ചു. ഒടുവിൽ ഡോക്ടർമാർ കുഞ്ഞിന് കാൻസറാണെന്ന് വിധിയെഴുതി. പത്തുവർഷത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ മകൾ കാൻസർ ബാധിതയാണെന്ന സത്യം അംഗീകരിക്കാനുള്ള മനശ്ശക്തി മാതാവിനുണ്ടായിരുന്നില്ല. വേദനകൊണ്ടു പുളയുന്ന മകളെ കണ്ടു സഹിക്കാനാകാതെ പഴനി മരണത്തിനു കീഴടങ്ങി. ഭാര്യയുടെ വേർപാടിന്റെ നോവ് ഉള്ളിലൊതുക്കി സുബ്രഹ്മണ്ണി മകളുടെ ജീവനുവേണ്ടി നെട്ടോട്ടം തുടർന്നു. ആശുപ്രതികളിൽ നിന്ന് ആശുപത്രികളിലേക്ക് അയാൾ അവളെയും പേറിനടന്നു. ആ ദുരിതക്കയത്തിൽ രണ്ടു വർഷം അവർ ഒരുമിച്ചു നീന്തി. ഒടുവിൽ മരണത്തിന്റെ മാലാഖ സുമിത്രയെയും കൊണ്ടുപോയി. ഭാര്യയും മകളും നഷ്ടപ്പെട്ടതോടെ അയാളുടെ ജീവിതത്തിൽ ബാക്കിയുണ്ടായിരുന്നത് കട്ടപിടിച്ച കൂരിരുട്ടു മാത്രം. ആ ഇരുട്ടിൽ വഴി കണ്ടെത്താനാവാതെ അയാൾ ഉഴറി.
ഇരുട്ടിൽനിന്ന് ഒളിച്ചോട്ടം
പ്രിയപ്പെട്ടവരുടെ ഓർമകളുമൊത്തുള്ള ജീവിതം പതിയെ ഏകാന്തതയിലേക്ക് വഴിതുറന്നു. പകലുകളും രാത്രികളും ഒരുപോലെ ഇരുൾ പരന്നു. സാന്ത്വനത്തിന്റെയും സമാശ്വാസത്തിന്റെയും വാക്കുകൾക്കായി അയാൾ ചുറ്റും പരതി. ആകുലതകൾ നിറഞ്ഞ ഉള്ളം തണുപ്പിക്കാൻ ആരും കടന്നുവന്നില്ല. ജീവിതത്തിന്റെ ഇടവഴിയിൽ എല്ലാം ഇട്ടെറിഞ്ഞ് സ്വയം ഒടുങ്ങാമെന്നുപോലും അയാൾ ചിന്തിച്ചു. അതിന് തടസമായത് ജീവനോളം സ്‌നേഹം പകർന്ന മാതാവും പിതാവും തന്നെ.
ഒടുവിൽ ഇനിയൊരിക്കലും മടങ്ങിവരില്ലെന്ന് ഉറപ്പിച്ച് യാത്രപറഞ്ഞുപോന്ന അറേബ്യൻ മണ്ണിലേക്ക് അയാൾ വീണ്ടും വിമാനം കയറി. ആദ്യ യാത്ര ജീവിതം കരുപിടിപ്പിക്കാനായിരുന്നെങ്കിൽ ഇത്തവണ സർവതും നഷ്ടപ്പെട്ടവന്റെ ഒളിച്ചോട്ടമായിരുന്നു. സിനിമാക്കഥ പോലും തോറ്റുപോകുന്നതായിരുന്നു പിന്നീട് സുബ്രഹ്‌മണ്ണിയുടെ ജീവിതം. തകർച്ചയുടെ ആഴം കണ്ട സുബ്രഹ്‌മണ്ണിക്ക് വീട്ടുകാരോടോ ബന്ധുക്കളോടോ ബന്ധം പുലർത്താൻ തോന്നിയില്ല. വർഷങ്ങൾ 15 കടന്നുപോയി. ഇതിനിടെ സുബ്രഹ്മണ്ണിയെ തേടി കുടുംബം അലയാത്ത ഇടങ്ങളില്ല. സഹോദരങ്ങളായ വെങ്കിടേഷൻ, അളമേലു, സഹോദരി അലനല്ലു എന്നിവർ പലയിടങ്ങളിലും അന്വേഷിച്ചു. ഹൈദരാബാദിൽ സുബ്രഹ്മണ്ണിയെ പോലെ ഒരാളെ കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കുടുംബാംഗങ്ങൾ ഹൈദരാബാദ് മുഴുവൻ തിരഞ്ഞു. ഇടക്ക് മറ്റു പലയിടങ്ങളിൽ നിന്നും സുബ്രഹ്‌മണ്ണിയെ കണ്ടുവെന്ന വാർത്തകളെത്തി. അപ്പോഴൊക്കെയും കൂടപ്പിറപ്പിനെ തേടി അവർ അലഞ്ഞെങ്കിലും നിരാശ മാത്രമായിരുന്നു ഫലം.
ഒന്നാം വരവിനേക്കാൾ ദുരിതം നിറഞ്ഞതായിരുന്നു സുബ്രഹ്‌മണ്ണിയുടെ രണ്ടാം പ്രവാസം. മണിക്കൂറുകൾ നീളുന്ന ഭാരിച്ച ജോലി ചെയ്ത് അയാൾ തളർന്നവശനായി. സമയത്തിനു ഭക്ഷണംപോലും ലഭിച്ചില്ല. ജോലി സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു. യാത്രാരേഖകളും മറ്റും തൊഴിലുടമ പിടിച്ചുവച്ചു. പാസ്‌പോർട്ട് പോലും തിരികെ ലഭിക്കില്ലെന്ന് ഉറപ്പായതോടെ രണ്ടും കൽപ്പിച്ച് ജോലി ചെയ്തിരുന്ന സ്ഥലത്തുനിന്ന് അയാൾ ഒളിച്ചുകടന്നു. പൗരത്വം തെളിയിക്കാൻ പോലും ഒരു രേഖയില്ലാതെ അലഞ്ഞു. ദിവസങ്ങളോളം മറ്റുള്ളവർ നൽകിയ വെള്ളവും ഭക്ഷണവും കഴിച്ച് ജീവൻ നിലനിർത്തി. രേഖകളൊന്നുമില്ലാതെ ഒരിടത്ത് ജോലി ചെയ്തുകൊണ്ടിരിക്കെ പരിശോധനക്കെത്തിയ പൊലിസ് അയാളെ പിടികൂടി. ആവശ്യമായ രേഖകൾ കൈവശം ഇല്ലാത്തതിനാൽ ജയിലിലടച്ചു. ആറുമാസത്തെ ശിക്ഷയ്ക്കു ശേഷം ഇന്ത്യയിലേക്കുള്ള വിമാനത്തിൽ സുബ്രഹ്‌മണ്ണിയെ കയറ്റിവിട്ടു. മാനസികമായി തകർന്നുപോയിരുന്ന അയാൾക്ക് 15 വർഷത്തിനു ശേഷം സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തുകയാണ് എന്ന് തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല. കരിപ്പൂർ വിമാനത്താവളത്തിലാണ് സുബ്രഹ്മണ്ണി വന്നിറങ്ങിയത്. ഒരു രേഖയുമില്ലാതെ തമിഴ് ഭാഷ സംസാരിക്കുന്ന ഒരാൾ വിമാനത്താവളത്തിൽ എത്തിയത് സംശയത്തിനിടയാക്കി. ഊരും പേരും തിരക്കിയുള്ള ചോദ്യങ്ങൾക്കൊന്നും മറുപടി ഉണ്ടായില്ല. ഇതോടെ കേസ് രജിസ്റ്റർ ചെയ്തു. വിദേശ ജയിലിലെ തടവു ജീവിതത്തിനുശേഷം നാട്ടിലെത്തിയ അയാളെ കഴിഞ്ഞ ഒക്ടോബർ നാലിന് മഞ്ചേരി സ്‌പെഷൽ ജയിലിൽ അടച്ചു. ജയിലിലെത്തിയ സുബ്രഹ്‌മണ്ണി ഒന്നും സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. താൻ എവിടെ, ഏതു സ്ഥലത്താണ്, ഏതു നാട്ടിലാണ് എത്തിച്ചേർന്നത് എന്നുപോലും അറിയാത്ത സ്ഥിതി.
കുടുംബത്തിലേക്ക്.
തുറന്ന ജയിൽ വാതിൽ
മഞ്ചേരി സ്‌പെഷൽ സബ് ജയിൽ സൂപ്രണ്ട് ഷൈജുവാണ് ജയിലിൽ നിന്ന് സുബ്രഹ്‌മണ്ണിക്ക് കുടുംബത്തിലുള്ള വഴി തുറന്നത്. അദ്ദേഹത്തിന്റെ നിരന്തര ഇടപെടലിനെ തുടർന്ന് സുബ്രഹ്‌മണ്ണി 15 വർഷം മുമ്പുള്ള കഥകൾ ഓർത്തെടുത്തു. ഒന്നും പൂർണമായിരുന്നില്ല. അവ്യക്തത നിറഞ്ഞ ഒത്തിരി കാര്യങ്ങൾ പറഞ്ഞു. വിവാഹം നടന്നതും ഭാര്യയും മകളും വിടപറഞ്ഞതും പങ്കുവച്ച് കരഞ്ഞു. തമിഴ്‌നാട്ടിലെ കടലൂരിലാണ് ബന്ധുക്കൾ ഉള്ളതെന്ന് മാത്രമായിരുന്നു വ്യക്തമായ വിവരം. ഭാര്യയും മകളും നഷ്ടപ്പെട്ട ദുഃഖത്തിൽ രാജ്യംവിട്ട അയാൾക്ക് മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയുമായിരുന്നില്ല.
തമിഴ്‌നാട്ടുകാരനാണെന്ന് അറിഞ്ഞ ജയിൽ അധികൃതർ ജില്ലാ ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി ഷാബിർ ഇബ്രാഹിമിനെയും ജില്ലാ പ്രൊബേഷൻ ഓഫിസർ സമീർ മച്ചിങ്ങലിനെയും വിവരമറിയിച്ചു. ഇക്കാര്യം സമീർ പ്രൊബേഷൻ ഓഫിസർമാരുടെ ദേശീയതലത്തിലുള്ള വാട്‌സ്ആപ് ഗ്രൂപ്പിൽ പങ്കുവച്ചു. കടലൂർ പ്രൊബേഷൻ ഓഫിസർ പ്രേമലത തമിഴ്‌നാട് പൊലിസിന്റെ സഹായത്തോടു കൂടി സുബ്രഹ്‌മണ്ണിയുടെ കുടുംബാംഗങ്ങളെ കണ്ടെത്താനുള്ള ശ്രമം നടത്തി. തൊട്ടടുത്ത ദിവസം തന്നെ സുബ്രഹ്‌മണ്ണിയുടെ സഹോദരി അലനല്ലുവിനെ കണ്ടെത്തുകയും വിവരം മലപ്പുറം പ്രൊബേഷൻ ഓഫിസറെ അറിയിക്കുകയും ചെയ്തു. നിയമസഹായവുമായി മലപ്പുറം ജില്ലാ ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി ഷാബീർ ഇബ്രാഹിം കൂടെ നിന്നു.
റൊമ്പ നന്ദി
പലപ്പോഴായി ഇരുവരും വിദേശത്തായിരുതിനാല്‍ 30 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും സഹോദരി അലനല്ലു സുബ്രമണ്ണിയെ കണ്ടിട്ടില്ല. ഭര്‍ത്താവ് നഷ്ടപ്പെട്ട അലനല്ലു വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു. സഹോദരന്‍ മഞ്ചേരിയിലെ ജയിലില്‍ ഉണ്ടെന്ന് അറിഞ്ഞതോടെ മകൻ ശ്രാവണനെയും കൂട്ടി പഴയ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ലഭ്യമായ രേഖകളും കൈയില്‍ കരുതി കടലൂരില്‍ നിന്നു കോഴിക്കേട്ടേക്ക് ട്രെയിന്‍ കയറി. നേരത്തെ പലയിടങ്ങളില്‍ നിന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുബ്രഹ്മണ്ണിയെ തേടി ഇറങ്ങിയിട്ടുണ്ടെങ്കിലും ഇത്തവണ വലിയ പ്രതീക്ഷയോടെയായിരുന്നു യാത്ര. വര്‍ഷങ്ങളായി കാണാമറയത്തുള്ള കൂടപ്പിറപ്പിനെ നേരിലൊന്ന് കാണണമെന്ന പ്രാര്‍ഥനയായിരുന്നു ഉള്ളം നിറയെ. അലനല്ലുവും മകനും മഞ്ചേരിയില്‍ എത്തിയത് ഞായറാഴ്ച ആയതിനാല്‍ ജയിലില്‍ സന്ദര്‍ശനത്തിനു പ്രയാസമുണ്ടായിരുന്നു. സഹോദരങ്ങളുടെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒത്തുചേരലിനുള്ള അവസരമായതിനാല്‍ സബ്ജയില്‍ സൂപ്രണ്ട് ഷൈജു പ്രത്യേക അനുമതി നല്‍കി. 30 വര്‍ഷത്തിനു ശേഷം ജയിലില്‍ വച്ചുള്ള കൂടിക്കാഴ്ച ഇരുവരുടെയും കണ്ണുനിറച്ചു. ഒന്നും പറഞ്ഞതും ചോദിച്ചതുമില്ല. ചേര്‍ത്തണച്ച് കൂടപ്പിറപ്പുകള്‍ സ്‌നേഹം പങ്കിട്ടു. മലപ്പുറം ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റി ചുമതലപ്പെടുത്തിയ അഭിഭാഷക മുഖേനെ സുബ്രഹ്‌മണ്ണിയുടെ സഹോദരി അലനല്ലു തൊട്ടടുത്ത ദിവസം തന്നെ കോടതിയില്‍ ഹാജരായി. മലപ്പുറം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് പി.എം സുരേഷ് ജാമ്യം അനുവദിച്ചു. അങ്ങനെ സുബ്രഹ്‌മണ്ണിയും സഹോദരി അലനല്ലുവും കുടുംബങ്ങളും ഒരുമിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം കുടുംബബന്ധം വിളക്കിച്ചേര്‍ക്കാന്‍ സഹായിച്ച സാമൂഹ്യ നീതി വകുപ്പ്, ലീഗല്‍ സര്‍വിസസ് അതോറിറ്റി, ജയില്‍ തുടങ്ങി സംവിധാനങ്ങളോട് തമിഴ് കലര്‍ന്ന ഭാഷ യില്‍ 'റൊമ്പ നന്ദി' അറിയിച്ചാണ് അവര്‍ നാട്ടിലേക്ക് മടങ്ങിയത്.
പ്രിയതമയുടെയും കുഞ്ഞിന്റെയും ഓർമകളുറങ്ങുന്ന മണ്ണില്‍ തിരികെയെത്തിയ സുബ്രഹ്‌മണ്ണി അവരുടെ ഫോട്ടാക്കു മുമ്പില്‍ കൂപ്പുകൈകളോടെ കണ്ണീര്‍വാര്‍ത്തു നിന്നു. ഇനിയൊരിക്കലും നഷ്ടപ്പെടുത്തില്ലെന്ന ഉറപ്പോടെ അപ്പോള്‍ സഹോദരങ്ങള്‍ അയാളെ ചേര്‍ത്തുപിടിച്ചു. മംഗളംപറ്റയിലെ എടച്ചത്തൂര്‍ വീട്ടില്‍ മാതാപിതാക്കളെ പരിപാലിച്ച് സുബ്രമണ്ണി ഇന്ന് സന്തോഷത്തോടെ കഴിയുന്നു. ഇനിയുള്ള കാലം ജോലി ചെയ്ത് മാതാപിതാക്കളെയും കുടുംബത്തെയും സംരക്ഷിക്കണം എന്ന ഉറച്ച തീരുമാനത്തോടെ ജീവിതത്തിന്റെ പുതിയ യാനം തുഴഞ്ഞുതുടങ്ങുകയാണ് അയാൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."