കോടതി ഉത്തരവ് എത്തിക്കുന്നത് 'ഫാസ്റ്റ് ' ആക്കാന്‍ സുപ്രിംകോടതി
ഉത്തരവ് ജയിലിലെത്താന്‍ വൈകിയാല്‍ ജയില്‍ മോചനവും വൈകും
ന്യൂഡല്‍ഹി: കോടതിയുത്തരവുകള്‍ സര്‍ക്കാര്‍, ജയില്‍ അധികൃതര്‍ക്ക് വൈകിയെത്തുന്നത് ഒഴിവാക്കാന്‍ ഇലക്ട്രോണിക് ഡാറ്റാ കൈമാറ്റ സംവിധാനമായ ഫാസ്റ്റ് ആന്‍ഡ് സെക്യൂഡ് ട്രാന്സ്മിഷന് ഓഫ് ഇലക്ട്രോണിക് റെക്കോര്‍ഡ്സ് (ഫാസ്റ്റര്‍) ഉപയോഗിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം.
ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവുകള്‍ അധികൃതര്‍ക്ക് എത്തുന്നത് വൈകുന്നതിനാല്‍ പ്രതികള്‍ക്ക് ജാമ്യം വൈകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
കോടതിയുത്തരവുകള്‍ കൈമാറാന്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. ഫാസ്റ്റര്‍ സംവിധാനം ശരിയായ രീതിയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഡി.ജി.പിമാര്‍, നാഷനല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍, ആഭ്യന്തര സെക്രട്ടറി, ജയില്‍ ഡി.ജി.പിമാര്‍, ഐ.ജിമാര്‍ എന്നിവര്‍ ശ്രദ്ധിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഫാസ്റ്റര്‍ സംവിധാനത്തിലൂടെ കൈമാറുന്ന രേഖകള്‍ അംഗീകരിക്കും വിധം ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തണം. ജയിലുകളടക്കമുള്ള ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഫാസ്റ്റര്‍ സംവിധാനം പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സൗകര്യങ്ങളുണ്ടെന്നും മതിയായ സ്പീഡുള്ള ഇന്റര്‍നെറ്റ് സൗകര്യമുണ്ടെന്നും ചീഫ് സെക്രട്ടറിമാര്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."