HOME
DETAILS

ഭരണഘടനയുടെ അതിജീവനം: ജനകീയ ഇടപെടല്‍ അനിവാര്യം

  
backup
November 26 2023 | 01:11 AM

survival-of-the-constitution-the-need-for-popular-intervention

പി.ബി ജിജീഷ്

ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് മനസിലാക്കിയവരെല്ലാം അതിനെ സചേതനമായൊരു രാഷ്ട്രീയ ദര്‍ശന സംഹിതയായാണ് തിരിച്ചറിയുന്നത്. കൊളോണിയല്‍ ഭരണകൂടത്തില്‍ നിന്നുള്ള അധികാര കൈമാറ്റത്തിനപ്പുറത്തേക്ക്, ഏറ്റവും ദുഷ്‌കരമായൊരു ഭൂമികയില്‍, രാഷ്ട്രീയ ജനാധിപത്യത്തിന്റെയും സാമൂഹിക ജനാധിപത്യത്തിന്റെയും വിത്തുകള്‍ പാകി മുളപ്പിക്കാനുള്ള സാഹസികമായൊരു ശ്രമമായിരുന്നു ഭരണഘടനയുടെ നിര്‍മിതി എന്ന് അതിന്റെ രചനാചരിത്രം പരിശോധിച്ചാല്‍ നമുക്ക് വ്യക്തമാകും.
22 ഭാഗങ്ങളും 448 അനുച്ഛേദങ്ങളും 12 ഷെഡ്യൂളുകളൂം 5 അനുബന്ധങ്ങളുമായി 1,46,385 വാക്കുകള്‍ അടങ്ങുന്ന ബൃഹത്തായൊരു ഭരണഘടനയാണ് നമ്മുടേത്; ലോകത്തിലെ ഏറ്റവും വലുത്. രണ്ടാം സ്ഥാനത്തുള്ള ഭരണഘടനയില്‍ അറുപത്തിയാറായിരത്തില്‍പരം വാക്കുകള്‍ മാത്രമാണുള്ളത്. അമേരിക്കന്‍ ഭരണഘടനയില്‍ ഉള്ളത് കേവലം 4,543 വാക്കുകളാണ്. വിശദാംശങ്ങളില്‍ അതീവ ശ്രദ്ധചെലുത്തി തയാറാക്കിയതുകൊണ്ടാവാം ഇത്ര ദൈര്‍ഘ്യമേറിയതായത്. സാധാരണഗതിയില്‍ ഒരു ഭരണഘടന എഴുതാന്‍ എടുക്കുന്ന ശരാശരി സമയം 16 മാസമാണെങ്കില്‍, നമ്മുടേത് രണ്ട് വര്‍ഷവും 11 മാസവും 18 ദിവസങ്ങളുമെടുത്താണ് പൂര്‍ത്തീകരിച്ചത്. അതിനു കാരണം ഭരണഘടനയുടെ വലിപ്പം മാത്രമായിരുന്നില്ല, രാജ്യം കടന്നുപോന്ന സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങളും ഇവിടെ നിലനിന്നിരുന്ന ചരിത്ര സാംസ്‌കാരിക പശ്ചാത്തലവും കൂടിയായിരുന്നു.
1788ലെ അമേരിക്കന്‍ ഭരണഘടനയ്ക്ക് ശേഷമുള്ള കാലഘട്ടമെടുത്താല്‍, എണ്ണൂറിലേറെ ഭരണഘടനകള്‍ രൂപം കൊണ്ടിട്ടുണ്ട്. 1945–നു ശേഷം പിറന്ന 189 ഭരണഘടനകളുണ്ട്. ഇതില്‍ വളരെ കുറച്ച് ഭരണഘടനകള്‍ മാത്രമേ ഇന്ന് നിലനില്‍ക്കുന്നുള്ളു. പഠനങ്ങള്‍ പറയുന്നത് ഭരണഘടനയുടെ ശരാശരി ആയുസ്സ് 17 വര്‍ഷമാണെന്നാണ്. 10 ശതമാനം ഭരണഘടനകളെങ്കിലും ഒരു വര്‍ഷമെത്തുന്നതിനു മുന്നേ പരാജയപ്പെടുന്നവയാണ്. അതുകൊണ്ടുതന്നെ ഏഴു പതിറ്റാണ്ടുകള്‍ ചെറിയൊരു കാലയളവല്ല. കടുത്ത രാഷ്ട്രീയ പരീക്ഷണങ്ങളെ നേരിടാന്‍ കഴിയുന്നത്ര വഴക്കവും ദാര്‍ശനികസ്ഥിരതയും ഉണ്ടായിരുന്നതുകൊണ്ടാണ് അതിജീവനം സാധ്യമായത്.

യുദ്ധവും ഭരണമാറ്റവും വിഭാഗീയ പ്രവണതകളുടെ ഹിംസാത്മകമായ പരിണിതിയും മാത്രമല്ല ഭരണഘടനയുടെ പതനത്തിനു കാരണമാകുന്നത്. ഇതൊക്കെ ഭരണഘടനാ നിര്‍മാണ സമിതിയുടെയോ, അക്കാലത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെയോ പരിധിയില്‍ നില്‍ക്കാത്ത കാര്യങ്ങളാണ്. ഉള്ളടക്കത്തിന്റെ വ്യക്തതയില്ലായ്മ, മാറുന്ന കാലത്തിനനുസരിച്ച് രൂപാന്തരപ്പെടാനുള്ള അന്തര്‍ലീനമായ കഴിവിന്റെ അഭാവം എന്നിവയും ഭരണഘടനയെ അപ്രസക്തമാകും. സചേതനമായ ഒരു രേഖയായി നിലനില്‍ക്കുക എന്നത് വളരെ പ്രധാനമാണ്. അതിനു കഴിഞ്ഞതുകൊണ്ടാണ് ഇന്നും ഇന്ത്യയില്‍ നമുക്ക് ഭരണഘടനാദിനം ആചരിക്കാന്‍ കഴിയുന്നത്.

ഒരു രാജ്യമെന്നു വിളിക്കാന്‍ പോലും കഴിയില്ലെന്ന് വിധിയെഴുതാന്‍ വൈദേശിക രാഷ്ട്രതന്ത്രജ്ഞരെ പ്രേരിപ്പിക്കുമാറ്, ജാതിമതവംശഭാഷാ വൈവിധ്യങ്ങളും അനവധി ദേശീയതകളും നിലനിന്നിരുന്ന ഒരു ഭൂപ്രദേശത്തെ, ഇന്ത്യയെന്ന ഒരൊറ്റ വികാരത്തിന്റെ നൂലില്‍ കോര്‍ത്തിണക്കാന്‍, ഭരണഘടനാ നിര്‍മാണ സമിതിയും ദേശീയ നേതൃത്വവും കാണിച്ച സന്നദ്ധത എത്ര അഭിനന്ദിച്ചാലും മതിവരാത്തതാണ്.

മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായിരുന്ന കെ.ജി കണ്ണബിരന്‍ പറയുന്നതുപോലെ, 'ഒരു വിമോചന പോരാട്ടത്തിനു ശേഷം, അല്ലെങ്കില്‍ സ്വാതന്ത്ര്യസമരത്തിന് ശേഷം, രൂപീകൃതമായ ഭരണഘടന കവിത പോലെയാണ്; പ്രശാന്തതയില്‍ വീണ്ടെടുത്ത വികാരം. രാഷ്ട്രീയ സിദ്ധാന്തവല്‍ക്കരണത്തിനും നിയമ സിദ്ധാന്തങ്ങള്‍ക്കും വെവ്വേറെ സാമൂഹ്യ ചരിത്രം ഉണ്ടാവാന്‍ കഴിയില്ല, ഉണ്ടാകാനും പാടില്ല… ഭരണഘടനാ നിര്‍മാണസഭയിലെ അംഗങ്ങള്‍ ഗവണ്‍മെന്റിനു പ്രവര്‍ത്തിക്കാനുള്ള കൈപ്പുസ്തകമുണ്ടാക്കാന്‍ ഒത്തുചേര്‍ന്ന വെറും ടെക്‌നീഷ്യന്മാര്‍ ആയിരുന്നില്ല. പ്രോജ്ജ്വലമായ ഒരു സമരചരിത്രത്തിന്റെ ഭാഗമായിരുന്നു അവര്‍, അതിന് കൃത്യമായൊരു പ്രാധിനിത്യസ്വഭാവം നല്‍കാനുള്ള എല്ലാ ശ്രമവും ഉണ്ടായിട്ടുണ്ട്. എല്ലാ വിഭാഗങ്ങളുടെയും പ്രാധിനിത്യം ഭരണഘടനായ നിര്‍മാണ സഭയില്‍ ഉറപ്പു വരുത്താന്‍ നമ്മുടെ ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വം ബദ്ധശ്രദ്ധരായിരുന്നു.

ഭരണഘടനയുടെ നിലനില്‍പിനുള്ള പ്രധാനപ്പെട്ടൊരു മൂന്ന് ഉപാധികൂടിയായിരുന്നു അത്. ഒരു ഗ്രന്ഥമെന്ന നിലയില്‍ മാത്രമല്ല, ഭരണഘടനാനിര്‍മിതിയുടെ ആഖ്യാനം കൂടി അതിന്റെ വിജയത്തെ സ്വാധീനിക്കുന്നുണ്ട്. അന്നത്തെ ദേശീയ നേതൃത്വത്തിന്റെ സ്വീകാര്യതയും അവര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന അംഗീകാരവും ഈ ആഖ്യാനത്തെ മുന്നോട്ടു കൊണ്ടുപോവാന്‍ സഹായിച്ചിട്ടുണ്ട്. സാമൂഹിക സ്വീകാര്യത സാധ്യമാക്കും വിധം എല്ലാവരെയും ഉള്‍ച്ചേര്‍ത്തുകൊണ്ടുപോകുവാന്‍ നമുക്ക് കഴിഞ്ഞതുകൊണ്ടാണ് ഭരണഘടന നിലനിന്നത്. കാരണം വാക്കുകള്‍ക്കും വാചകങ്ങള്‍ക്കും അപ്പുറത്തേയ്ക്ക്, ഭരണഘടനയുടെ ഉള്ളടക്കം നടപ്പിലാക്കാന്‍ കഴിയണമെങ്കില്‍ ഈ സ്വീകാര്യത അനിവാര്യമാണ്.

ആഖ്യാനപരമായ ഈ സ്വീകാര്യതയെ അപകടപ്പെടുത്താന്‍ ഉള്ള ശ്രമങ്ങള്‍ രാജ്യവ്യാപകമായി നടക്കുന്നുണ്ട്. ഒന്നാം എന്‍.ഡി.എ ഗവണ്മെന്റിന്റെ കാലത്ത്, പുതിയ ഭരണഘടനയ്ക്ക് രൂപം നല്‍കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിരുന്നു. രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ ശക്തമായ ഇടപെടലാണ് അതിനെ തടഞ്ഞത്. ഭരണഘടനാ പുനഃപരിശോധനാ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്ന കേന്ദ്ര സര്‍ക്കാര്‍, അത് മാറ്റി ഭരണഘടന പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നു പരിശോധിക്കാന്‍ ജസ്റ്റിസ് വെങ്കിടാചലയ്യ കമ്മിഷനെ നിയോഗിച്ചു തലയൂരി. എന്നാല്‍, ഇന്ന് അത്തരത്തിലുള്ള തിരുത്തല്‍ ശക്തികള്‍ അധികാരശ്രേണികളിലെങ്ങുമില്ല. ഭരണഘടനാ കോടതികള്‍, ജഡ്ജിമാരുടെ വൈയക്തികമായ വാഗ്വിലാസങ്ങള്‍ക്കപ്പുറം കൃത്യമായ ഇടപെടലുകള്‍ നടത്തുന്നില്ല. ഇടപെടുന്ന അവസരങ്ങളില്‍ പലപ്പോഴും, ഇ.ഡി നിയമനം സംബന്ധിച്ച കോടതിവിധി ഉണ്ടായപ്പോള്‍ സംഭവിച്ചതുപോലെ, വിധികള്‍ നടപ്പിലാക്കാതിരിക്കാനാണ് ഗവണ്മെന്റ് ശ്രമിക്കുന്നത്. നടപ്പിലാകില്ലെന്നു വന്നാല്‍, ഒരു പുസ്തകം എന്ന നിലയില്‍ ഭരണഘടനയും വ്യഖ്യാതാവ് എന്ന നിലയില്‍ കോടതിയും നിസ്സഹായരാണ്.
രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യബോധവും സമൂഹത്തില്‍ ഉണ്ടാവണമെന്ന് നാം കരുതുന്ന ഭരണഘടനാ ധാര്‍മികതയുമാണ് ഭരണഘടനയെ നിലനിര്‍ത്തേണ്ടത്. നീതിയെ സംബന്ധിച്ച സാമൂഹിക ആഖ്യാനങ്ങളെ ഭരണഘടനാ ധാര്‍മികതയുടെ വഴിയിലൂടെ നടത്തുക എന്നത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഫാഷിസ്റ്റ് രാഷ്ട്ര സങ്കല്‍പങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന രാഷ്ട്രീയാധികാര ശക്തികള്‍, മുമ്പില്ലാതിരുന്നത്ര ശക്തിയോടെ, ജനാധിപത്യത്തിന്റെ ദൗര്‍ബല്യങ്ങളില്‍ പിടിമുറുക്കുന്ന സമകാലിക ഇന്ത്യയില്‍ ഭരണഘടനയുടെ അതിജീവനം ജനകീയമായൊരു പ്രവര്‍ത്തനപദ്ധതിയിലൂടെ മാത്രമേ സാധ്യമാകൂ. അതിനുള്ള അവസരമായി ഭരണഘടനാ ദിനത്തെ മാറ്റുവാന്‍ നമുക്ക് കഴിയണം. (നിയമപൗരാവകാശ മേഖലയില്‍ സ്വതന്ത്ര ഗവേഷകനും ഗ്രന്ഥകാരനുമാണ് ലേഖകന്‍)

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago
No Image

നവീന്‍ ബാബു കെെക്കൂലി വാങ്ങിയതിന് തെളിവില്ല; ക്ലീന്‍ചിറ്റ് നല്‍കി റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

കുവൈത്തില്‍ പുതിയ ട്രാഫിക് നിയമം ഉടന്‍ പ്രാബല്യത്തില്‍; അശ്രദ്ധമായ ഡ്രൈവിങ്ങ്, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗം എന്നിവക്കെല്ലാം കടുത്ത പിഴ

Kuwait
  •  2 months ago
No Image

ഇറാഖ്, ഇറാന്‍, ലബനാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി ഖത്തര്‍ എയര്‍വേയ്‌സ്  

qatar
  •  2 months ago