'എന്തിനാണ് എന്റെ മകനെ പൊലിസ് വെടിവച്ചുകൊന്നത് ?' മുഈനുല്‍ ഹഖിന്റെ പിതാവ് ചോദിക്കുന്നു
ധോല്‍പൂര്‍: 'എന്തിനാണ് എന്റെ മകനെ പൊലിസ് വെടിവച്ചു കൊന്നത്. ഞങ്ങള്‍ ബംഗ്ലാദേശികളാണോ? എങ്കില്‍ ഞങ്ങളെ നാടുകടത്തൂ..'
ധോല്‍പൂരില്‍ പൊലിസ് വെടിവച്ചുകൊന്ന മുഈനുല്‍ ഹഖിന്റെ പിതാവിന്റെ വിലാപമാണിത്. 30 കാരനായ ഹഖിനെ കഴിഞ്ഞ ദിവസമാണ് പൊലിസ് വെടിവച്ചിട്ടതും ബിജോയ് ബോണിയ എന്ന ഫോട്ടോഗ്രാഫര്‍ നെഞ്ചില്‍ ചാടിവീണ് ചവിട്ടിയതും. വെടിയേറ്റു വീണ പ്രതിഷേധക്കാരനെ മുഖംമറച്ച ഒരു ഫോട്ടോഗ്രാഫര്‍ നിലത്തിട്ട് ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. പൊലിസിന്റെ വെടിയേറ്റ് വീണിട്ടും ഫോട്ടോഗ്രാഫറുടെ ക്രൂരമായ മര്‍ദനത്തിന് ഇരയാകേണ്ടിവന്നതില്‍ മുഈനുല്‍ ഹഖിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും രോഷവും ദുഃഖവും അടക്കാനാകുന്നില്ല. മൂന്നു മക്കളുടെ പിതാവും പ്രായമായ മാതാപിതാക്കളുടെ അത്താണിയുമായിരുന്നു ഹഖ്. മുഈന്‍ കൃഷി നടത്തുന്ന പ്രദേശമാണ് സര്‍ക്കാര്‍ ഭൂമിയെന്ന് അവകാശപ്പെട്ട് പിടിച്ചെടുക്കാന്‍ ശ്രമിച്ചത്. പൊലിസും ജില്ലാ ഭരണകൂടവും കണ്ണില്‍ച്ചോരയില്ലാതെയാണ് നിസ്സഹായരായ പ്രതിഷേധക്കാരോട് പെരുമാറിയതെന്ന് ദൃക്‌സാക്ഷികളും പറയുന്നു. കൊല്ലപ്പെട്ട മുഈനിനെ കുറിച്ച് നല്ലതേ നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും പറയാനുള്ളൂ. ശാന്ത സ്വഭാവക്കാരനായിരുന്ന ഇയാള്‍ ഉപജീവനമാര്‍ഗമായ കൃഷിഭൂമി നഷ്ടപ്പെടുമെന്ന ഘട്ടത്തിലാണ് പ്രതിഷേധിച്ചത്. അതിനു വെടിവച്ചു കൊല്ലുകയാണോ വേണ്ടിയിരുന്നത് എന്നാണ് സുഹൃത്തുക്കള്‍ ചോദിക്കുന്നത്. ഹഖിന്റെ മാതാവും ഭാര്യയും ഞെട്ടലില്‍ നിന്ന് മോചിതരായിട്ടില്ല. തിങ്കളാഴ്ച മുതല്‍ 800 കുടുംബങ്ങളെയാണ് പ്രദേശത്ത് നിന്ന് കുടിയൊഴിപ്പിച്ചത്. ഇവരില്‍ ഒരു കുടുംബം ഹഖിന്റേതാണ്. താല്‍ക്കാലിക ദുരിതാശ്വാസ ക്യാംപിലേക്കാണ് ഇവരെ മാറ്റിപ്പാര്‍പ്പിച്ചത്. ഹഖിന് ഏഴും രണ്ടും വയസുള്ള രണ്ട് ആണ്‍കുട്ടികളും അഞ്ച് വയസുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്. ശിപാജറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയ മൃതദേഹം നഷ്ടപരിഹാരം പ്രഖ്യാപിക്കും വരെ സ്വീകരിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."