കോളജ് മാറിപ്പോകുന്ന വിദ്യാര്‍ഥികളില്‍നിന്ന് ട്യൂഷന്‍ ഫീസ് ഈടാക്കുന്നു ഇത് അനീതിയല്ലേ ?
നിലമ്പൂര്‍: സംസ്ഥാനത്തെ വിവിധ യൂനിവേഴ്‌സിറ്റികള്‍ക്കു കീഴില്‍ അലോട്ട്‌മെന്റ് മുഖേന മെറിറ്റില്‍ അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അടുത്ത അലോട്ട്‌മെന്റില്‍ മറ്റു കോളജുകളിലേക്ക് പോകുമ്പോള്‍ ട്യൂഷന്‍ ഫീസ്, സ്‌പെഷല്‍ ഫീസ് എന്നിവ അടച്ചശേഷമേ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്ന സര്‍ക്കാര്‍ ചട്ടം വിദ്യാര്‍ഥികള്‍ക്ക് വിനയാവുന്നു.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബിരുദ കോഴ്‌സുകളിലേക്ക് ഒന്നും രണ്ടും മൂന്നും അലോട്ട്‌മെന്റുകള്‍ പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ പ്രവേശനം നേടിയ പല വിദ്യാര്‍ഥികളും മറ്റു കോളജിലേക്കും കോഴ്‌സുകളിലേക്കും പ്രവേശനത്തിന് യോഗ്യത നേടിയിരിക്കുകയാണ്.
മറ്റു കോളജുകളിലേക്ക് മാറി പോകുന്ന വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ സമയത്ത് വാങ്ങിയ മുഴുവന്‍ ഫീസും തിരിച്ചു കൊടുക്കണമെന്നാണ് കാലിക്കറ്റ് സര്‍വകലാശാല ഉള്‍പെടെ യൂനിവേഴ്‌സിറ്റികള്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എന്നാല്‍ കാലങ്ങളായി തുടരുന്ന നയം കോളജ് വിദ്യാഭ്യാസ വകുപ്പ് ഇതുവരെ മാറ്റിയിട്ടില്ല. ഒരു അലോട്ട്‌മെന്റില്‍ ഒന്നാം സെമസ്റ്ററിന് ഒരു കോളജില്‍ പ്രവേശനം ലഭിക്കുകയും രണ്ടാമത്തേയോ മൂന്നാമത്തേയോ അലോട്ട്‌മെന്റില്‍ മറ്റൊരു കോളജില്‍ സീറ്റ് ലഭിക്കുകയും ചെയ്താല്‍ ആ വിദ്യാര്‍ഥിക്ക് ട്യൂഷന്‍ ഫീസും സ്‌പെഷല്‍ ഫീസും അടച്ചാല്‍ മാത്രമേ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ.
ആദ്യം പ്രവേശനം ലഭിച്ച കോളജാണ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. മുഴുവന്‍ ഫീസും തിരികെ വിദ്യാര്‍ഥികള്‍ക്ക് നല്‍കണമെന്ന് നിര്‍ദേശം നല്‍കുന്നുണ്ടെങ്കിലും സര്‍ക്കാറിലേക്ക് അടയ്‌ക്കേണ്ട ട്യൂഷന്‍ ഫീസും കോളജുകള്‍ക്കുള്ള സ്‌പെഷല്‍ ഫീസും വാങ്ങിയ ശേഷമാണ് വിടുതല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റും ഇപ്പോഴും നല്‍കുന്നുള്ളു.
ട്യൂഷന്‍ ഫീസും സ്‌പെഷല്‍ ഫീസും ഈടാക്കാതെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് ബാധ്യതയായി ഓഡിറ്റില്‍ രേഖപ്പെടുത്തുമെന്നതിനാല്‍ ടി.സി നല്‍കുമ്പോള്‍ തന്നെ സ്ഥാപനങ്ങള്‍ ഇവ വിദ്യാര്‍ഥികളില്‍നിന്ന് വാങ്ങി ട്രഷറിയില്‍ അടയ്ക്കുകയാണ് പതിവ്.
സര്‍ക്കാറില്‍നിന്ന് വ്യക്തത ലഭിക്കാത്തതിനാല്‍ ചില സ്ഥാപനങ്ങള്‍ വാങ്ങുകയും മറ്റു ചില സ്ഥാപനങ്ങള്‍ മുഴുവന്‍ ഫീസ് തിരികെ നല്‍കുകയും ചെയ്യുന്നുണ്ട്. ബിരുദ കോഴ്‌സുകളില്‍ ബി.എസ്‌സി കംപ്യൂട്ടര്‍ സയന്‍സിന് ട്യൂഷന്‍ ഫീസ് മാത്രം 3150 രൂപയാണ് വിദ്യാര്‍ഥികളില്‍നിന്ന് വാങ്ങുന്നത്. പുറമെ സ്‌പെഷല്‍ ഫീസ് ഇനത്തില്‍ 1200 രൂപയും ഉള്‍പ്പെടെ 4350 രൂപയാണ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുമ്പോള്‍ ഈടാക്കുന്നത്. മറ്റു കോഴ്‌സുകള്‍ക്ക് ട്യൂഷന്‍ ഫീസ് 1050, സ്‌പെഷല്‍ ഫീസ് 850 മുതല്‍ 1120 വരെയും. പി.ജി കോഴ്‌സുകള്‍ക്ക് ട്യൂഷന്‍ ഫീസ് 1890, സ്‌പെഷല്‍ ഫീസ് 950 രൂപയും വരും.
അതേസമയം സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍നിന്ന് വിഭിന്നമായി സ്വാശ്രയ കോളജുകളില്‍നിന്ന് മറ്റൊരു കോളജിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ ഫീസും തിരികെ നല്‍കുന്നുണ്ട്. വിദ്യാര്‍ഥി സംഘടനകളും കോളജ് മാനേജ്‌മെന്റ്, അധ്യാപക സംഘടനകളും ഈ വിഷയത്തില്‍ ഇടപ്പെട്ട് ശാശ്വത പരിഹാരം കാണണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."