ഓട്ടത്തിനൊരുങ്ങണം സ്‌കൂള്‍ വാഹനങ്ങള്‍ കട്ടപ്പുറത്ത് നിന്നിറക്കാന്‍ സഹായവുമില്ല
ഹാറൂണ്‍ റഷീദ്
പുത്തനത്താണി (മലപ്പുറം): നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ഒക്ടോബര്‍ 20ന് മുമ്പ് സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ മാര്‍ഗരേഖ പുറപ്പെടുവിക്കുമ്പോഴും രണ്ട് വര്‍ഷമായി കട്ടപ്പുറത്ത് കിടക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ മാര്‍ഗമില്ല.
മിക്ക സ്‌കൂള്‍ അധികൃതരും പണം കണ്ടെത്താന്‍ മാര്‍ഗമില്ലാതെ ഇരുട്ടില്‍ തപ്പുകയാണ്. കൊവിഡ് സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടഞ്ഞുകിടന്നതിനാല്‍ രക്ഷാകര്‍തൃസമിതിക്ക് ഫണ്ട് കണ്ടെത്താനാകാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മെയ്ന്റനന്‍സ്, ഇന്‍ഷുറന്‍സ്, ടാക്‌സ്, ഫിറ്റ്‌നസ് എന്നീ ഇനങ്ങളില്‍ വലിയ തുക ഒടുക്കിയാലല്ലാതെ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ കഴിയില്ല. ഇവയ്‌ക്കൊന്നും സര്‍ക്കാര്‍ സഹായമോ ഇളവോ അനുവദിച്ചിട്ടില്ല. എം.എല്‍.എമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചും ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ചും സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കനുവദിച്ച വാഹനങ്ങള്‍ രക്ഷാകര്‍ത്താക്കള്‍ പണം കണ്ടെത്തിയാണ് നടത്തി വരുന്നത്. ഇന്‍ഷുര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഫീസും ജീവനക്കാരുടെ ശമ്പളവും മെയ്ന്റനന്‍സുമുള്‍പ്പെടെ ഭാരിച്ച ചെലവില്‍ വളരെ പ്രയാസപ്പെട്ടാണ് സ്‌കൂളുകള്‍ ഈ വാഹനങ്ങള്‍ നിലനിര്‍ത്തി വരുന്നത്. വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യം കണക്കിലെടുത്ത് പ്രയാസങ്ങള്‍ സഹിച്ച് മിക്ക സ്‌കൂളുകളും ഈ വാഹനങ്ങള്‍ നിലനിര്‍ത്തുന്നുണ്ടെങ്കിലും ചെലവുകള്‍ താങ്ങാനാവാതെ ചില സ്‌കൂള്‍ അധികൃതര്‍ വാഹനങ്ങള്‍ ജില്ലാ ഭരണകൂടങ്ങളെ തിരിച്ചേല്‍പ്പിച്ചിട്ടുണ്ട്. എയ്ഡഡ് വിദ്യാലയങ്ങളിലെ വാഹനങ്ങളും രണ്ട് വര്‍ഷമായി കട്ടപ്പുറത്തായതിനാല്‍ നിരത്തിലിറക്കാന്‍ പാടുപെടുകയാണ്.
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വാഹനങ്ങള്‍ മഴയും വെയിലുമേല്‍ക്കാതെ സൂക്ഷിക്കാനുള്ള സൗകര്യമില്ലാത്തതിനാല്‍ രണ്ട് വര്‍ഷമായി നശിച്ച് തുരുമ്പെടുത്തിരിക്കുകയാണ്. ബാറ്ററിയുള്‍പ്പെടെയുള്ളവയെല്ലാം നശിച്ചതിനാല്‍ ഇനി വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ വലിയ തുക മുടക്കേണ്ടി വരും. രണ്ടും അതിലധികവും വാഹനങ്ങളുള്ള വിദ്യാലയങ്ങളെ ഈയിനത്തില്‍ ഭാരിച്ച ചെലവാണ് കാത്തിരിക്കുന്നത്. ഇന്‍ഷുര്‍, ടാക്‌സ്, ഫിറ്റ്‌നസ് ഫീസ് എന്നിവ ഒഴിവാക്കി പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."