നേവിസിന്റെ ഹൃദയം കണ്ണൂര്‍ സ്വദേശിയുടെ ഉയിരായി : ഹൃദയമാറ്റശസ്ത്രക്രിയ വിജയമെന്ന് ആശുപത്രി
കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം 59കാരനായ കണ്ണൂര്‍ സ്വദേശിയായ രോഗിയുടെ ജീവനില്‍ തുടിക്കും.ഇന്നലെ രാത്രി ഏഴരയോടെ ആരംഭിച്ച ശസ്ത്രക്രിയ പുലര്‍ച്ചെ മൂന്നരയോടെയാണ് പൂര്‍ത്തിയായത്. കോഴിക്കോട് മെട്രോ ആശുപത്രിയിലാണ് എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് ഹൃദയവുമായി ആംബുലന്‍സ് ഇന്നലെ വൈകുന്നേരം 4.10നാണ് എത്തിയത്. 173 കിലോമീറ്റര്‍ ദൂരം രണ്ടര മണിക്കൂര്‍ കൊണ്ടാണ് താണ്ടിയത് . മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ നേവിസിന്റെ ഹൃദയവുമായാണ് കോഴിക്കോട്ടെ രോഗിയിലേക്ക് മാറ്റുന്നത്. എത്രയും വേഗത്തില്‍ ഹൃദയം ആശുപത്രിയില്‍ എത്തണമെന്നും എല്ലാവരും വഴിയൊരുക്കി ആംബുലന്‍സ് കടത്തിവിടാന്‍ സഹകരിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.ആംബുലന്‍സിന്റെ യാത്രക്കായി പൊലിസ് ക്രമീകരണം ഒരുക്കിയിരുന്നു.
ഫ്രാന്‍സില്‍ അക്കൗണ്ടിങ് മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. കൊവിഡ് കാരണം ഇപ്പോള്‍ ഓണ്‍ലൈനായായിരുന്നു ക്ലാസ്. കഴിഞ്ഞ 16ന് രാത്രിയുള്ള പഠനം കഴിഞ്ഞിട്ട് ഉണരാന്‍ വൈകി. സഹോദരി വിസ്മയ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോള്‍ അബോധാവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നത് മൂലമാണ് അബോധാവസ്ഥയിലായത്. ആരോഗ്യ നിലയില്‍ വലിയ മാറ്റം വരാത്തതിനാല്‍ 20ന് എറണാകുളം രാജഗിരി ആശുപത്രിയില്‍ എത്തിച്ചു.
ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ നേവിസിന്റെ അച്ഛനും അമ്മയും സ്വമേധയാ അവയവദാനത്തിന് തയ്യാറാവുകയായിരുന്നു. ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. ഹൃദയമൊഴികെയുള്ള ആറു അവയവങ്ങള്‍ കൊച്ചിയിലെയും കോഴിക്കോട്ടെയും ആശുപത്രികളില്‍ കഴിയുന്ന രോഗികളിലേക്ക് മാറ്റും. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ പൂര്‍ത്തിയാക്കിയത്.നേവിസിന്റെ മൃതദേഹം സ്വദേശമായ കോട്ടയത്തേക്ക് കൊണ്ട് പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."