സിവില്‍ സ്റ്റേഷനിലെ ടിപ്പര്‍ പാര്‍ക്കിങ്: എസ്.ഇ.യു നിവേദനം നല്‍കി
മലപ്പുറം: അനധികൃത ചെങ്കല്‍കടത്തിനിടെ റവന്യൂ വകുപ്പ് പിടികൂടിയ ടിപ്പര്‍ ലോറികള്‍ സിവില്‍ സ്റ്റേഷനുള്ളിലെ പ്രധാന പാതയുടെ ഇരുവശങ്ങളിലുമായി നിര്‍ത്തിയിട്ട നടപടിക്കെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. ഈയിടെ പെരിന്തല്‍മണ്ണയില്‍ നിന്നും പിടികൂടിയ എഴുപതോളം വാഹനങ്ങളാണ് ദിവസങ്ങളോളമായി ഇപ്രകാരം നിര്‍ത്തിയിട്ടിട്ടുള്ളത്.
സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമെ, വിവിധ ഓഫീസുകളിലേക്ക് വ്യത്യസ്ത ആവശ്യങ്ങളുമായി വരുന്ന പൊതുജനങ്ങള്‍ക്കും പ്രയാസമുണ്ടാക്കുന്ന രീതിയില്‍ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ലോറികള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. സൈഡ് നഷ്ടപ്പെട്ടതിനാല്‍ ആളുകള്‍ റോഡിലൂടെ പരന്നു നടക്കുന്ന സാഹചര്യമാണുള്ളത്. വീതി കുറഞ്ഞ റോഡില്‍ തിരക്കേറിയ സമയങ്ങളില്‍ ഇത് വാഹനയാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും ഒരുപോലെ കടുത്ത സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായും, കലക്ടറേറ്റ് റോഡിന്റെ ഇരുവശങ്ങളില്‍ നിന്നും ടിപ്പര്‍ ലോറികള്‍ നീക്കം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എസ്.ഇ.യു നിവേദനത്തില്‍ ആവശ്യപ്പെട്ടു.
നിവേദക സംഘത്തില്‍ ജില്ലാ സെക്രട്ടറിമാരായ സി. അബ്ദുല്‍ ശരീഫ്, സാദിഖലി വെള്ളില, മലപ്പുറം മണ്ഡലം ജനറല്‍ സെക്രട്ടറി ഹാഷിം അരീക്കോട്, അന്‍വര്‍ ജുമാന്‍ പെരിമ്പലം, ഹമീദ് കോഡൂര്‍ , റിയാസ് കടന്നമണ്ണ , മുഹമ്മദ് ഷബീബ് മങ്കട എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."