HOME
DETAILS
MAL
കൊടികുത്തല്‍ ഭീഷണി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു
backup
September 26 2021 | 03:09 AM
സ്വന്തം ലേഖകന്‍
കൊല്ലം: കൊടികുത്തല്‍ ഭീഷണിയില്‍ അവസാനം പാര്‍ട്ടിയുടെ ഇടപെടല്‍. പിരിവു നല്‍കാത്തതിന്റെ പേരില്‍ അമേരിക്കന്‍ മലയാളിയായ കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമയെ ഭീഷണിപ്പെടുത്തിയ സി.പി.എം പ്രാദേശിക നേതാവിനെ പാര്‍ട്ടി നേതൃത്വം സസ്‌പെന്‍ഡ് ചെയ്തു.
സി.പി.എം ചവറ ഈസ്റ്റ് മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെയാണ് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതിന് പ്രാഥമിക അംഗത്വത്തില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഉത്തരവാദിത്വമുള്ള ഒരു പാര്‍ട്ടി അംഗത്തില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണ് ബ്രാഞ്ച് സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ജില്ലാ സെക്രട്ടറി എസ്.സുദേവന്‍ അറിയിച്ചു.
അതേസമയം ബ്രാഞ്ച് സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സി.പി.എം ജില്ലാ ഘടകം നേരത്തെ സ്വീകരിച്ചിരുന്നത്. ബിജുവിന്റെ ഫോണിലൂടെയുള്ള ഭീഷണിയുടെ ശബ്ദരേഖ മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോള്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നെങ്കിലും ബിജു കുറ്റക്കാരനല്ലെന്നായിരുന്നു ജില്ലാ ഘടകത്തിന്റെ വിലയിരുത്തല്‍. പ്രതിഷേധങ്ങള്‍ ശക്തമായതോടെ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
ചവറ മുകുന്ദപുരത്ത് 10 കോടി രൂപ ചെലവില്‍ അമേരിക്കയില്‍ താമസിക്കുന്ന മൈനാഗപ്പള്ളി കോവൂര്‍ സ്വദേശികളായ ഷഹി വിജയന്‍, ഭാര്യ ഷൈനി എന്നിവര്‍ നിര്‍മിക്കുന്ന കണ്‍വന്‍ഷന്‍ സെന്ററിന്റെ ഭൂമിയില്‍ കൊടികുത്തുമെന്നായിരുന്നു ബിജുവിന്റെ ഫോണിലൂടെയുള്ള ഭീഷണി. ഭീഷണിയെ സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കുള്‍പ്പെടെ ഇവര്‍ പരാതി നല്‍കിയിരുന്നു. ചവറയില്‍ നിര്‍മിക്കുന്ന ശ്രീകുമാര്‍ രക്തസാക്ഷി മന്ദിരത്തിനായി 10,000 രൂപ പിരിവ് ആവശ്യപ്പെട്ടിട്ട് ലഭിക്കാത്തതാണ് ഭീഷണിയ്ക്ക് പിന്നില്‍. വര്‍ഷങ്ങളായി അമേരിക്കയില്‍ ജോലി ചെയ്യുന്ന ഷഹി വിജയനും ഷൈനിയും തങ്ങളുടെ സമ്പാദ്യമെല്ലാം മുടക്കിയും വായ്പയെടുത്തുമാണ് കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചത്. സ്ഥാപനത്തിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് സി.പി.എം നേതാവ് ഭീഷണിയുമായെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."