ജയരാജനും ജയരാജനും
പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311
ഇ.പി ജയരാജനെതിരേ പി. ജയരാജൻ, സി.പി.എം കണ്ണൂർ യൂനിറ്റിൽ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധം സംഘർഷം ഉയരുന്നു. രണ്ട് മുതിർന്ന നേതാക്കൾ തമ്മിലുള്ള ഏറ്റുമുട്ടൽ പാർട്ടിയെ ആകെ പിടിച്ചു കുലുക്കുകയാണ്. ഇടതു മുന്നണി കൺവീനറും പാർട്ടി കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി ജയരാജനെതിരേ തിരിഞ്ഞിരിക്കുന്നത് മുതിർന്ന നേതാവും സംസ്ഥാന സമിതിയംഗവുമായ പി. ജയരാജൻ. വർഷങ്ങൾക്ക് മുമ്പ് കണ്ണൂർ ജില്ലയിലെ വെള്ളിക്കീലെന്ന സ്ഥലത്ത് സ്ഥാപിച്ച ആയുർവേദ റിസോർട്ടാണ് സംഘർഷത്തിനു കാരണമായിരിക്കുന്നത്.
ഒരു കുന്ന് ഇടിച്ചുനിരത്തിയാണ് റിസോർട്ട് പണിതിരിക്കുന്നത്.30 കോടിയോളം ചെലവാക്കിയാണ് റിസോർട്ട് പണിതിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇ.പി ജയരാജന്റെ ഭാര്യ കെ.പി ഇന്ദിരയും മകനും ഈ റിസോർട്ടിന്റെ ഡയരക്ടർ ബോർഡംഗങ്ങളാണ്. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് പി. ജയരാജൻ ആരോപണം ഉന്നയിച്ചത്. ഇ.പി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററും യോഗത്തിൽ ആദ്യാവസാനം പങ്കെടുക്കുകയും ചെയ്തു.
സി.പി.എമ്മിൽ വളരെ അപൂർവമായ സംഭവം തന്നെയാണ് സംസ്ഥാന കമ്മിറ്റിയിൽ അരങ്ങേറിയത്. മുതിർന്ന നേതാവായ പി. ജയരാജൻ അഴിച്ചുവിട്ട ആരോപണങ്ങൾ സംസ്ഥാന കമ്മിറ്റി അംഗങ്ങളൊക്കെയും ഞെട്ടിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജനെതിരേയാണ് തൊട്ടുതാഴെ സംസ്ഥാന കമ്മിറ്റിയംഗമായ പി. ജയരാജൻ കടുത്ത സാമ്പത്തിക കുറ്റങ്ങൾ അക്കമിട്ടു തന്നെ ഉന്നയിച്ചത്. ആരോപണങ്ങൾ എഴുതിത്തന്നാൽ അന്വേഷിക്കാമെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിരിക്കുന്നത്.
കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തമായ പാർട്ടി ജില്ലയാണ് കണ്ണൂരിലേത്. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ജില്ല എന്നതുതന്നെ പ്രധാനം. രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള ജില്ലയും കൂടിയാണ് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം കണ്ണൂർ. പാർട്ടിയുടെയും സർക്കാരിന്റെയും തലപ്പത്തുള്ള പ്രമുഖ നേതാക്കളൊക്കെയും കണ്ണൂരിൽ നിന്നുതന്നെ. മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ എന്നിവർ കണ്ണൂരിൽ നിന്നുള്ളവർ. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കണ്ണൂരിൽ നിന്നുതന്നെ.
കാലാകാലങ്ങളിൽ കണ്ണൂരിൽ നിന്നുള്ള നേതാക്കൾ തന്നെയാണ് പാർട്ടിയുടെയും സർക്കാരിന്റെയും തലപ്പത്തുണ്ടായിരുന്നത്. ഇ.കെ നായനാർ, എം.വി ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണൻ എന്നിങ്ങനെ. കണ്ണൂരിലെ പാർട്ടി ഘടകത്തെ വിശേഷിപ്പിക്കാൻ കണ്ണൂർ ഗ്രൂപ്പ്, കണ്ണൂർ ലോബി എന്നിങ്ങനെയുള്ള പേരുകളും ഉണ്ടായി. കണ്ണൂർ ഘടകത്തിലെ പ്രധാനികൾ മൂന്നും ജയരാജൻമാരാണ്- ഇ.പി ജയരാജൻ, പി. ജയരാജൻ, എം.വി ജയരാജൻ എന്നിവർ. എം.വി ജയരാജൻ ഇപ്പോൾ പാർട്ടി ജില്ലാ സെക്രട്ടറി.
ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞാൽ രണ്ടാമൻ തന്നെയായിരുന്നു വ്യവസായ മന്ത്രിയായിരുന്ന ഇ.പി ജയരാജൻ. പക്ഷേ, ബന്ധു നിയമനത്തിന്റെ പേരിൽ ജയരാജനു മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. ഭാര്യാ സഹോദരിയും മുൻ മന്ത്രിയും പ്രമുഖ പാർട്ടി നേതാവുമായ പി.കെ ശ്രീമതിയുടെ മകൻ പി.കെ സുധീറിനെ വ്യവസായ വകുപ്പിന് കീഴിലുള്ള കെ.എസ്.ഐ.ഇയുടെ മാനേജിങ് ഡയരക്ടറായി നിയമിച്ചതാണ് വിവാദമായത്.
അക്കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി വളരെ അടുപ്പത്തിലായിരുന്നു ഇ.പി. എങ്കിലും 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ പൊതുധാരണയുടെ പേരിൽ ഇ.പിക്കു മത്സരിക്കാൻ പോലും കഴിഞ്ഞില്ല. കോടിയേരി ബാലകൃഷ്ണനു ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുമുണ്ടായില്ല. കേന്ദ്ര കമ്മിറ്റിയംഗമായ ജയരാജൻ ഇപ്പോൾ ഇടതു മുന്നണി കൺവീനറാണ്. പാർട്ടിയിൽ മുതിർന്ന നേതാവുമാണ്. എങ്കിലും പാർട്ടി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് എം.വി ഗോവിന്ദൻ. പോളിറ്റ് ബ്യൂറോ അംഗവുമായി അദ്ദേഹം. ഇതെല്ലാം ഇ.പി ജയരാജന്റെ രാഷ്ട്രീയ കണക്കുകൂട്ടലുകൾ തെറ്റിച്ചു.
രണ്ടു മാസമായി ജയരാജൻ തിരുവനന്തപുരത്തെത്തിയിട്ട്. പാർട്ടിയിൽ നിന്ന് ആരോഗ്യ പ്രശ്‌നങ്ങളുടെ പേരിൽ അവധിയിലാണദ്ദേഹം. ഇടതു മുന്നണി യോഗവും ചേരുന്നില്ല. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയും ബുദ്ധിമുട്ടാണ്. വിമാന യാത്രയ്ക്കിടെ മുഖ്യമന്ത്രിക്കു നേരേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ പേരിലുണ്ടായ തർക്കങ്ങളിൽപ്പെട്ട ഇ.പി ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യില്ലെന്നു പ്രഖ്യാപിച്ചിരുന്നു. മുമ്പ് തീവണ്ടി യാത്രയ്ക്കിടെ അക്രമികളുടെ വെടിയേറ്റ് കഴുത്തിൽ ഗുരുതരമായി പരുക്കേറ്റ ജയരാജന് വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് തന്നെ കണ്ണൂർ-തിരുവനന്തപുരം തീവണ്ടി യാത്ര അദ്ദേഹത്തിനു ബുദ്ധിമുട്ടു തന്നെയാണ്.
എങ്കിലും തുടർച്ചയായി പാർട്ടി പ്രവർത്തനത്തിൽ നിന്ന് ഒരു മുതിർന്ന നേതാവ് അവധിയെടുത്തു മാറി നിൽക്കുന്നത് പാർട്ടിയിൽ തന്നെ ചർച്ചയായിട്ടുണ്ടെന്ന കാര്യം വ്യക്തം. തന്നെ ഒഴിവാക്കി സെക്രട്ടറിയായി നിയോഗിക്കപ്പെട്ട എം.വി ഗോവിന്ദനെ പാർട്ടി യോഗങ്ങളിൽ മുഖത്തോടു മുഖം കാണുന്നത് ഒഴിവാക്കാനാണ് ഇ.പിയുടെ ഈ നീണ്ട അവധിയെന്ന സംസാരവും പാർട്ടിയിലുണ്ട്.
വെള്ളിക്കീലിലെ ആയുർവേദ റിസോർട്ട്, നിർമാണഘട്ടം മുതൽ തന്നെ വിവാദമായിരുന്നു. വെള്ളിക്കീലിലെ പുഴയുടെ കരയിലുള്ള ഉടുപ്പ്കുന്ന് ഇടിച്ചുനിരത്തിയ 11 ഏക്കർ സ്ഥലത്താണ് ആയുർവേദ ഹീലിങ് വില്ലേജ് എന്ന പേരിലുള്ള റിസോർട്ട്. റിസോർട്ട് നിർമാണത്തിനെതിരേ പാർട്ടിക്കകത്ത് വലിയ വിവാദം ഉയർന്നിരുന്നുവെങ്കിലും ഇ.പി എന്ന മുതിർന്ന നേതാവിന്റെ സാമർഥ്യത്തിൽ എല്ലാം ഒതുങ്ങിപ്പോയി. മൂന്നു കോടി രൂപ മൂലധനത്തിൽ 2014ലാണ് കണ്ണൂർ ആയുർവേദ മെഡിക്കൽ കെയർ എന്ന കമ്പനി നിലവിൽ വന്നത്. 10 കോടി രൂപ വരെ സമാഹരിക്കാനാവും. 13 ഡയരക്ടർമാരാണ് കമ്പനിക്കുള്ളത്. ഏറ്റവുമധികം ഓഹരിയുള്ളത് ഇ.പിയുടെ മകൻ പി.കെ ജെയ്‌സണു തന്നെ.
കമ്പനി മാനേജിങ് ഡരക്ടറായിരുന്ന കെ.പി രമേശ്കുമാറിനെ തൽസ്ഥാനത്തുനിന്ന് മാറ്റി കെ.സി ഷാജിയെ ആ സ്ഥാനത്ത് നിയമിച്ചിടത്തുനിന്ന് സ്ഥാപനത്തിനുണ്ടായ പിരിമുറുക്കവും പിണക്കവുമാണ് പാർട്ടിയെ ആകെ പിടിച്ചുകുലുക്കുന്ന രാഷ്ട്രീയ വിവാദമായി വളർന്നത്. തലശേരി സ്വദേശിയായ രമേശ് കുമാർ കണ്ണൂർ ജില്ലയിലെ ഒരു പ്രമുഖ വ്യവസായിയാണ്. അഞ്ചു വർഷമായി ഈ സ്ഥാപനത്തിന്റെ തലപ്പത്തുള്ള രമേശ് കുമാറിന് സി.പി.എം ഉന്നതരുമായി അടുത്ത ബന്ധമുണ്ട്. രമേശ് കുമാറിനെ സ്ഥാപനത്തിന്റെ ചുമതലയിൽ നിന്ന് മാറ്റി പകരം ഷാജിയെ നിയോഗിച്ചതിനു പിന്നിൽ ഇ.പി ജയരാജനാണെന്നാണ് കണ്ണൂരിലെ സംസാരം. എല്ലാ വിവാദവും ഇവിടെയാണ് പൊട്ടിമുളച്ചത്.
ഭരണത്തുടർച്ച നേടിയ സി.പി.എമ്മിനെ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കടുത്ത ജീർണതകൾ ബാധിച്ചിരിക്കുന്നു എന്നു വിശദീകരിക്കുന്ന സംഘടനാ രേഖയിൽ സംസ്ഥാന കമ്മിറ്റിയിൽ നടന്ന ചർച്ചാ വേളയിലാണ് കണ്ണൂരിൽ ഇ.പി ജയരാജന്റെ നേതൃത്വത്തിൽ നടക്കുന്ന ഇടപാടുകളെക്കുറിച്ച് പി. ജയരാജൻ തുറന്നടിച്ചത്. തികച്ചും ആധികാരികമായിത്തന്നെയാണ് ആരോപണം ഉന്നയിക്കുന്നതെന്നും പി. ജയരാജൻ വിശദീകരിച്ചു.
കണ്ണൂരിൽ ഏറെ ജനപിന്തുണയുള്ള നേതാവാണ് പി. ജയരാജൻ. ഒരുവിധ അഴിമതിയിലും വീണിട്ടില്ലാത്ത നേതാവ്. അഴിമതിക്കെതിരായ നിലപാടിൽ എക്കാലവും ഉറച്ചു നിന്നിട്ടുള്ള നേതാവാണ് എം.വി ഗോവിന്ദൻ.
കുറേ കാലമായി പാർട്ടിയിൽ ഒറ്റപ്പെട്ട നിലയിലായിരുന്നു പി. ജയരാജൻ. അദ്ദേഹത്തിന്റെ പേരിൽ പ്രവർത്തിച്ച പി.ജെ. ആർമിയും അദ്ദേഹത്തോടു പാർട്ടി അണികൾ കാട്ടുന്ന വികാരപരമായ ആവശ്യവുമാണ് പി. ജയരാജന് പാർട്ടിയിൽ പ്രശ്‌നമായത്. പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ ആ സ്ഥാനം രാജിവച്ചാണ് വടകരയിൽ സ്ഥാനാർഥിയായത്. പക്ഷേ അവിടെ പരാജയപ്പെട്ടു. പാർട്ടി നേതൃത്വത്തിലേക്ക് ഒരു മടക്കമുണ്ടായതുമില്ല.രണ്ടാം പിണറായി സർക്കാരിൽ കേരള ഖാദി ബോർഡിന്റെ വൈസ് ചെയർമാൻ സ്ഥാനത്ത് പി. ജയരാജൻ നിയമിക്കപ്പെട്ടു. രാഷ്ട്രീയമായി കനമുള്ള പദവികളൊന്നുമില്ല അദ്ദേഹത്തിന്.
73കാരനായ ഇ.പി ജയരാജന് രാഷ്ട്രീയത്തിൽ ഇനി മുന്നോട്ട് പോകാനുള്ള അവസരങ്ങൾക്ക് പരിമിതികളേറെ. ആരോഗ്യ പ്രശ്‌നങ്ങളും ധാരാളം. അതിനു പുറമെയാണ് പി. ജയരാജൻ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ.
മുതിർന്ന നേതാക്കളിലാർക്കെങ്കിലും ഇ.പിയെ സഹായിക്കണമെന്നുണ്ടെങ്കിൽ പോലും ആരോപണങ്ങളുടെ ഗൗരവസ്വഭാവവും കൃത്യതയും അവരെ നിരുത്സാഹപ്പെടുത്തുക തന്നെ ചെയ്യും. ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത് കണ്ണൂരിൽ ഏറെ ജനപിന്തുണയുള്ള പി. ജയരാജനാണെന്ന കാര്യവും പ്രധാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."