ഭര്‍ത്താവിനെയും മകളെയും മോഷ്ടാക്കളാക്കി; പിങ്ക് പൊലിസിനെതിരേ ഉപവാസ സമരവുമായി രേഖ
അപമാനിച്ച സിവില്‍ പൊലിസ് ഓഫിസര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഇവര്‍ക്കൊപ്പം ഐക്യദാര്‍ഢ്യകൂട്ടായ്മ പ്രവര്‍ത്തകരും അണിനിരന്നു. വിവിധ ദലിത് സംഘടനാ നേതാക്കളും സാമൂഹ്യ സാംസ്‌കാരിക സംഘടനാ നേതാക്കളും സമരത്തിന് പിന്തുണയുമായെത്തി. നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കിയെന്നാണ് ആരോപണം. ഐ.എസ്.ആര്‍ഒയിലേക്കുള്ള യന്ത്രസാമഗ്രികള്‍ കൊണ്ടുവരുന്നതു കാണാന്‍ ആറ്റിങ്ങലിലെത്തിയ ജയചന്ദ്രനെയും മൂന്നാം ക്ലാസുകാരി മകളെയും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ചാണ് സിവില്‍ പൊലിസ് ഓഫിസര്‍ രജിത അപമാനിച്ചത്. ഇവര്‍ നില്‍ക്കുന്നതിന് സമീപം പിങ്ക് പൊലിസിന്റെ വാഹനവും പാര്‍ക്ക് ചെയ്തിരുന്നു. ഇതിനിടെ മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പൊലിസ് ഉദ്യോഗസ്ഥ ജയചന്ദ്രനോടും മകളോടും മോശമായി പെരുമാറിയെന്നാണ് പരാതി. അച്ഛനെയും മകളെയും പൊതുനിരത്തില്‍ പരസ്യവിചാരണ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മോഷണംപോയെന്നു പറഞ്ഞ ഫോണ്‍ പിന്നീട് പൊലിസ് വാഹനത്തില്‍ നിന്നു കണ്ടെത്തിയിട്ടും ഇവര്‍ അച്ഛനോടും മകളോടും മാപ്പ് പറയാന്‍ തയാറായില്ല. സംഭവം വിവാദമായതോടെ ഇവരെ കൊല്ലത്തേക്ക് സ്ഥലംമാറ്റി. സംഭവം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാകട്ടെ ഇതുവരെ ജയചന്ദ്രനെയും മകളെയും സമീപിച്ചിട്ടുപോലുമില്ല. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജയചന്ദ്രന്‍ മനുഷ്യാവകാശ കമ്മിഷനും പട്ടികജാതി ക്ഷേമ കമ്മിഷനും പരാതി നല്‍കിയിരുന്നു. ഇതിലും ഒരു അന്വേഷണവും നടന്നിട്ടില്ലെന്ന് ജയചന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."