കേന്ദ്ര-സംസ്ഥാന പോരിൽ ദുരിതം ജനങ്ങൾക്ക്
അർഹതപ്പെട്ടതുപോലും അനുവദിച്ച് തരില്ലെന്ന കേന്ദ്ര നിലപാട് ഒരു ജനതയുടെ അവകാശത്തെ ഹനിക്കുന്നതാണ്. എന്നിട്ടും രാഷ്ട്രീയ പ്രസംഗത്തിലൂടെ പ്രതിരോധം തീർത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും നീങ്ങുമ്പോൾ പാവം പൊതുജനം സാമ്പത്തിക പ്രതിസന്ധിയുടെ ദുരിതമെല്ലാം സഹിക്കാൻ എന്തുപിഴച്ചു? കേന്ദ്രവും കേരളവും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളുടെ കണക്കുപറച്ചിലും പരിഭവപ്പെടലുമൊക്കെയാണ് കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന വാർത്തകളിലൊന്ന്. കേന്ദ്രസർക്കാർ അർഹതപ്പെട്ട വിഹിതം തടഞ്ഞുവയ്ക്കുന്നതിനാൽ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷത നവകേരള സദസിന്റെ വേദികളിലൊക്കെ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും ആവർത്തിച്ച് പറയുന്നുണ്ട്. കേരളത്തിലെത്തിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും വിട്ടുകൊടുത്തില്ല. അർഹതപ്പെട്ടതൊന്നും തടഞ്ഞുവയ്ക്കുന്നില്ലെന്നും കേരളം കൃത്യമായ ബില്ലും റിപ്പോർട്ടും നൽകാത്തതിനാലാണ് പണം വൈകുന്നതെന്നുമാണ് കേന്ദ്രമന്ത്രിയുടെ മറുപടി. പദ്ധതിയുടെ പേരിൽ കേന്ദ്രവും കേരളവും പോര് തുടരുമ്പോൾ നട്ടംതിരിയുന്നത് സാധാരണക്കാരാണ്. നവകേരള സദസിലെ രാഷ്ട്രീയ പ്രസംഗമല്ല, കേരളത്തിന്റെ അർഹതപ്പെട്ട അവകാശങ്ങൾക്കുവേണ്ടിയുള്ള സമരമല്ലേ കേരള സർക്കാർ നടത്തേണ്ടതെന്ന് ആരും ചോദിച്ചുപോകും. പ്രതിപക്ഷത്തേയും ഒപ്പംചേർത്തുള്ള കേന്ദ്രവിരുദ്ധ സമരത്തിന് ഇനിയും തുനിയാതെ നടത്തുന്ന കവല പ്രസംഗം വെറും വാചകമടി മാത്രമായി വിലയിരുത്തിയാൽ തെറ്റുപറയാനാവില്ല.
കേന്ദ്രവിഹിതം സമയാസമയം കിട്ടാത്തതിനാലാണ് ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുടെ വിതരണത്തിൽ മുടക്കം വരുന്നതെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ഇതിൽ ന്യായമില്ലാതെയുമില്ല. കേന്ദ്രത്തിന്റെ ഒരു വിഹിതവും സംസ്ഥാന വിഹിതവും കൂട്ടിയാണ് ക്ഷേമപെൻഷനുകളും ലൈഫ് ഉൾപ്പെടെയുള്ള മിക്ക പദ്ധതികളും സംസ്ഥാനത്ത് നടപ്പാക്കുന്നത്. അപ്പോൾ കേന്ദ്രം മുഖംതിരിച്ചാൽ പദ്ധതികളെ ബാധിക്കുക തന്നെ ചെയ്യും.
കേന്ദ്രസർക്കാർ വിഹിതം നൽകാത്തതിനാൽ പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി മുടങ്ങിയിരിക്കുകയാണ്. ഈ പദ്ധതിയിലൂടെ ലഭിക്കുന്ന പണത്തിനൊപ്പം കേരളത്തിന്റെ വിഹിതംകൂടി ചേരുമ്പോൾ, പേര് ലൈഫ് ഭവന പദ്ധതിയായി മാറുന്നതാണ് കേന്ദ്ര-സംസ്ഥാന പോരിന് കാരണം. ഇതാണ് ഫണ്ട് കേന്ദ്രം തടഞ്ഞുവയ്ക്കാനും കാരണം. കേന്ദ്ര ഫണ്ടിൽ കുടിശ്ശിക വന്നതോടെ സംസ്ഥാനത്തെ ലൈഫ് ഭവന പദ്ധതി തന്നെ ഇഴയുകയാണ്. തദ്ദേശസ്ഥാപന അധികൃതരുടെ വാക്ക് വിശ്വസിച്ച് വീട് പണിയാരംഭിച്ചവരൊക്കെ അടുത്ത ഗഡു കിട്ടാതെ കഷ്ടപ്പെടുന്ന വാർത്ത ഏറെ കേട്ടു. ഇതിനു പിന്നാലെയാണ് അനുവദിക്കുന്ന വീടുകൾക്ക് മുമ്പിൽ പി.എം.എ.വൈ ഗുണഭോക്താവാണെന്ന വലിയ ബോർഡ് വയ്ക്കണമെന്ന കേന്ദ്ര തിട്ടൂരവും. മനുഷ്യരുടെ അടിസ്ഥാന ആവശ്യമായ പാർപ്പിടം കേന്ദ്രസർക്കാരിന്റെയും പ്രധാനമന്ത്രിയുടേയും പരസ്യത്തിന് ഉപയോഗിക്കണമെന്ന് വാശിപിടിക്കുന്നത് നല്ല കാര്യമല്ലെന്നതിൽ രണ്ടഭിപ്രായമല്ല. എന്നാൽ കേന്ദ്രമന്ത്രി പറയുന്നത് കേന്ദ്ര പദ്ധതികൾ കേരളത്തിൽ മറ്റൊരു പേരിട്ട് വിളിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നാണ്. എല്ലാ പദ്ധതികൾക്കും കൊടിയടയാളം വേണമെന്ന കേന്ദ്രത്തിന്റെയും സംസ്ഥാനത്തിൻ്റെയും വാശി തിരുത്തപ്പെടേണ്ടതാണ്.
ക്ഷേമ പെൻഷനുവേണ്ടി സംസ്ഥാനം ആദ്യം തന്ന ശുപാർശ അനുസരിച്ച് കേന്ദ്രം ഒക്‌ടോബറിൽ പണം കൊടുത്തുവെന്നാണ് കേന്ദ്രമന്ത്രിയുടെ രണ്ടാമത്തെ വാദം. അടുത്ത ഗഡുവിനുള്ള അപേക്ഷ നൽകിയിട്ടില്ലെന്നും മന്ത്രി പറയുന്നു. സമയത്തിന് അപേക്ഷ നൽകാത്തതിനാലാണ് യു.ജി.സി കുടിശ്ശിക നൽകാത്തതെന്നും മില്യൻ പ്ലസ് സിറ്റികൾക്കുള്ള കേന്ദ്ര ഗ്രാന്റിന്റെ ബാക്കി തുകയായ 137 കോടി കേരളത്തിന് അനുവദിക്കാത്തത് ധനകാര്യ കമ്മിഷന്റെ മാനദണ്ഡം പാലിക്കാത്തതിനാലാണെന്നുമാണ് കേന്ദ്രമന്ത്രി വ്യക്തമാക്കുന്നത്. ജി.എസ്.ടി നഷ്ടപരിഹാരത്തുക ഇപ്പോൾ വേണ്ടെന്നും എ.ജിയുടെ പുതിയ കണക്ക് തന്നിട്ടുമതിയെന്നും കേരളം അറിയിച്ചെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്കെതിരേ ഇന്നലെ മുഖ്യമന്ത്രി രംഗത്തുവന്നു. പി.എം.എ.വൈ പദ്ധതിയിൽ മൂന്ന് വർഷമായി കേന്ദ്രം ടാർഗറ്റ് തന്നിട്ടില്ല, ക്ഷേമപെൻഷനുമായി ബന്ധപ്പെട്ട് നൽകേണ്ട വിഹിതം വർഷങ്ങളായി കേരളമാണ് അർഹപ്പെട്ടവർക്ക് നൽകുന്നത്, ഇനി കുടിശ്ശികയില്ലെന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കലാണെന്നും മുഖ്യമന്ത്രി പറയുന്നു. ജി.എസ്.ടി സംബന്ധിച്ചുള്ള കണക്ക് എ.ജി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിഷയം മാറ്റാനാണ് കേന്ദ്ര ധനമന്ത്രി ശ്രമിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ മറ്റൊരു വാദം. എല്ലാ കണക്കും സംസ്ഥാനം അക്കൗണ്ടന്റ് ജനറലിന് സമർപ്പിച്ചു കഴിഞ്ഞതാണത്രെ. യു.ജി.സി ശമ്പള പരിഷ്‌കരണ കുടിശ്ശിക 750 കോടി ലഭിക്കാനുണ്ട്. കേരളം ഇതിനുള്ള അപേക്ഷ കേന്ദ്രം ചൂണ്ടിക്കാട്ടിയ ന്യൂനതകൾ പരിഹരിച്ച് നൽകിയിട്ടുണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നെല്ല് സംഭരണ ഇനത്തിൽ കേന്ദ്രവിഹിതമായ 790 കോടി ലഭ്യമായിട്ടില്ല. കേന്ദ്രവിഹിതം ലഭിക്കാത്തതുകൊണ്ടാണ് അതുകൂടി ഏറ്റെടുത്ത് സംസ്ഥാനത്തിന് നൽകേണ്ടി വരുന്നത്.
കേന്ദ്രം എപ്പോൾ പണം നൽകുന്നുവോ അപ്പോൾ തീരുന്ന പ്രശ്‌നമാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി പറയുന്നത് ആത്മാർഥതയോടെയുള്ളതാണോ, അതല്ല രാഷ്ട്രീയ നേട്ടത്തിന് വേണ്ടിമാത്രമുള്ളതാണോ എന്ന സംശയം ഉയരുക സ്വാഭാവികം. എന്തുകൊണ്ട് കേന്ദ്ര നിലപാടുകൾക്കെതിരേ ഡൽഹിയിൽ സമരം നടത്താൻ മടിക്കുന്നുവെന്ന് പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് പ്രസക്തിയേറുന്നത് ഇവിടെയാണ്.
ഏത് പദ്ധതികളാണെങ്കിലും അത് ജനങ്ങളുടെ അവകാശമാണ്. പൊതുജനം നൽകുന്ന നികുതിപ്പണവും പൊതുസമ്പത്തും ഉപയോഗിച്ചുള്ള പദ്ധതികളാണിതൊക്കെ. അതിനാൽ തന്നെ നടത്തിപ്പുകാരെന്ന ബോധ്യവും കർത്തവ്യബോധവുമാണ് ഭരണാധികാരികൾക്ക് വേണ്ടത്. രാഷ്ട്രീയത്തിന്റേയോ മറ്റോ പേരിൽ അവകാശം തടയാൻ ശ്രമിച്ചാൽ അതിനെതിരേ യോജിച്ചുള്ള പ്രതിരോധമാണ് തീർക്കേണ്ടത്. അതിന് അമാന്തമരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."