പി.എസ്.സി സേവനങ്ങൾ ഇനി പ്രൊഫൈൽ വഴി മാത്രം; തപാലിൽ അയക്കേണ്ട
തിരുവനന്തപുരം: പി.എസ്.സിയിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കുള്ള വിവിധ സേവനങ്ങൾ ഇനി ഓൺലൈനിൽ. നിലവിൽ ഇ.മെയിൽ, തപാൽ എന്നിവ മുഖാന്തിരം സ്വീകരിച്ചിരുന്ന അപേക്ഷകൾ സമർപ്പിക്കാനുള്ള സംവിധാനം ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിൽ ലഭ്യമാക്കാനാണ് തീരുമാനം. പ്രൊഫൈൽ വഴിയുള്ള പുതിയ സോഫ്റ്റ് വെയർ മൊഡ്യൂൾ വഴി 2023 മാർച്ച് ഒന്ന് മുതലാണ് ഈ സേവനം ലഭ്യമാകുക.
എന്തെല്ലാം ചെയ്യാം
ഉത്തരകടലാസുകൾ പുനപരിശോധിക്കാനുള്ള അപേക്ഷകൾ, ഉത്തരകടലാസുകളുടെ പകർപ്പുകൾ ലഭ്യമാക്കാനുള്ള അപേക്ഷകൾ, പരീക്ഷ,അഭിമുഖം,പ്രമാണപരിശോധന, നിയമനപരിശോധന എന്നിവയുടെ തീയതിയിൽ മാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ, തുളസി സോഫ്റ്റ് വെയറിൽ പുതിയ വിദ്യാഭ്യാസ യോഗ്യത കൂട്ടിച്ചേർക്കുവാനുള്ള അപേക്ഷകൾ, സ്‌ക്രൈബിന് വേണ്ടിയുള്ള അപേക്ഷ, നിയമനപരിശോധനയ്ക്ക് ഫീ അടക്കുവാനുള്ള സേവനം, ഉത്തര സൂചികയുമായി ബന്ധപ്പെട്ട പരാതി സമർപ്പിക്കുവാനുള്ള അപേക്ഷകൾ, മറ്റ് പൊതു പരാതികൾ എന്നിവ പുതിയ സോഫ്റ്റ് വെയർ മൊഡ്യൂൾ വഴി സമർപ്പിക്കാൻ കഴിയും.
തീരുമാനം വേഗത്തിലാക്കാം
പ്രൊഫൈൽ വഴിയുള്ള പുതിയ സോഫ്റ്റ് വെയർ മൊഡ്യൂൾ വരുന്നതോടെ അതുവഴി സമർപ്പിക്കുന്ന അപേക്ഷകളിൽ വേഗത്തിൽ തീരുമാനമെടുക്കാൻ കഴിയും. പുതിയ സംവിധാനത്തിൽ ഓരോ ഘട്ടത്തിലുമുള്ള നടപടി സംബന്ധിച്ച വിവരം ഉദ്യോഗാർത്ഥികൾക്ക് അപ്പപ്പോൾത്തന്നെ അറിയാൻ കഴിയുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."