ക്രിസ്തുമസ് വെക്കേഷന്‍ മലേഷ്യയിലേക്കാക്കിയാലോ? ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഒരു മാസം വരെ താമസിക്കാന്‍ അവസരം
ക്രിസ്തുമസ് വെക്കേഷന്‍ മലേഷ്യയിലേക്കാക്കിയാലോ? ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഒരു മാസം വരെ താമസിക്കാന്‍ അവസരം
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനിമുതല്‍ വിസയില്ലാതെ മലേഷ്യയില്‍ പോയിവരാം. ഇന്ത്യക്ക് പുറമെ ചൈനയില്‍ നിന്നുള്ള പൗരന്‍മാര്‍ക്കും ഡിസംബര്‍ 1 മുതല്‍ മലേഷ്യയില്‍ പ്രവേശിക്കുന്നതിന് വിസ ആവശ്യമില്ല. കൂടാതെ 1 മാസം വരെ മലേഷ്യയില്‍ താമസിക്കാനും അവസരമുണ്ട്. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീമാണ് പുതിയ നിയമം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഭരണകക്ഷിയായ പീപ്പിള്‍സ് ജസ്റ്റിസ് പാര്‍ട്ടി കോണ്‍ഗ്രസിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ടൂറിസ്റ്റുകളുടെയും നിക്ഷേപകരുടെയും പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിനായി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ പരിശോധനക്ക് വിധേയമായിട്ടായിരിക്കും വിസ അനുവദിക്കുക.
നിലവില്‍ ഇന്ത്യക്കാര്‍ക്കുള്ള മലേഷ്യന്‍ ടൂറിസ്റ്റ് ഇ-വിസയ്ക്ക് ഒരാള്‍ക്ക് 3,799 രൂപയാണ് നിരക്ക്. മലേഷ്യയില്‍ എത്തിക്കഴിഞ്ഞാലുടന്‍ വിസക്ക് അപേക്ഷിക്കുന്ന ( ഓണ്‍ അറൈവല്‍) രീതിയാണ് നിലവിലുള്ളത്. പുതിയ നിയമത്തിലൂടെ വിസ രഹിത യാത്രയായതിനാല്‍ സ്വന്തം രാജ്യത്തിനുള്ളിലെ മറ്റേതെങ്കിലും സ്ഥലത്തേക്കുള്ള യാത്രയുടേതിന് സമാനമായ രീതിയില്‍ സന്ദര്‍ശനം നടത്താനുള്ള അവസരമാണ് ലഭിക്കുന്നത്.
ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മലേഷ്യയില്‍ മൊത്തം 9.16 ദശലക്ഷം വിനോദ സഞ്ചാരികളാണ് എത്തിയത്. ഇതില്‍ തന്നെ 2,83,885 പേര്‍ ഇന്ത്യക്കാരായിരുന്നു. മലേഷ്യയുടെ വിനോദ സഞ്ചാര മേഖലക്ക് ഗണ്യമായ സംഭാവന നല്‍കുന്ന രാജ്യമെന്ന നിലക്കാണ് ഇന്ത്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം മലേഷ്യ അനുവദിച്ചിരിക്കുന്നത്.
നിലവില്‍ തായ്‌ലന്റിനും, ശ്രീലങ്കയ്ക്കും പിന്നാലെയാണ് മലേഷ്യയും ഇന്ത്യക്കാര്‍ക്ക് വിസ രഹിത യാത്ര അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ഇന്ത്യയടക്കമുള്ള ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 2024 മാര്‍ച്ച് 31 വരെ സൗജന്യ വിസ അനുവദിക്കാന്‍ ശ്രീലങ്കയും തീരുമാനിച്ചിരുന്നു. ഇന്ത്യയിലെ യാത്രക്കാര്‍ക്ക് ഹ്രസ്വകാല വിസ ഇളവുകള്‍ നല്‍കണമെന്ന് വിയറ്റ്‌നാമിന്റെ സാംസ്‌കാരിക, കായിക, ടൂറിസം മന്ത്രി എന്‍ഗൈന്‍ വാന്‍ ജംഗ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇത് അനുവദിക്കപ്പെട്ടാല്‍ നാല് രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."