പ്രതിഷേധം കടുപ്പിച്ച് വി.എം സുധീരന്; എ.ഐ.സി.സി അംഗത്വവും രാജിവെച്ചു
തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വി.എം. സുധീരന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെയും ഞെട്ടിച്ച് എ.ഐ.സി.സി അംഗത്വവും രാജിവെച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നു രാജിവെച്ചതിനു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കാണ് എ.ഐ.സി.സി അംഗത്വം രാജിവെച്ചുള്ള കത്തയച്ചത്. എന്നാല്‍ കൂടുതല്‍ വിശദീകരണത്തിന് അദ്ദേഹം തയാറായിട്ടില്ല.
കെ.പി.സി.സിയിലെ തര്‍ക്കങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടുന്നില്ല എന്ന ആക്ഷേപമാണ് കത്തിലുയര്ത്തിയിരിക്കുന്നത് എന്നാണറിയുന്നത്. കെ.പി.സി.സി നേതൃത്വത്തോടുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്നുമറിയുന്നു. സംസ്ഥാന നേതൃത്വം കൂടിയാലോചനകള്‍ നടത്തുന്നില്ല. ഏകപക്ഷീയമാണ് തീരുമാനമെന്നും സുധീരന് ആരോപണം ഉന്നയിച്ചിരുന്നു.
പുനസംഘടനയും മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നു സുധീരന് രാജിവെച്ചത്. പിന്നാലെ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ നേതൃത്വം ശ്രമം തുടങ്ങിയിരുന്നു. സുധീരന് രാജി പിന്‍വലിക്കണമെന്ന ആവശ്യവുമായി കെ.പി.സി.സി നേതൃത്വവും രംഗത്തെത്തിയിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വീട്ടിലെത്തി അദ്ദേഹത്തെ കണ്ട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. ഇതിലൊന്നും വഴങ്ങാതെയാണ് എ.ഐ.സി.സി അംഗത്വത്തില്‍നിന്നും രാജിവെച്ചത് ഹൈക്കമാന്‍ഡിനെയും ഞെട്ടിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."