ഹജ്ജ്; സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ തീരുമാനം കാത്ത് കേന്ദ്രം
മലപ്പുറം: 2022ലെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള മുന്നൊരുക്കങ്ങള്‍ക്കു സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ തീരുമാനം കാത്ത് കേന്ദ്ര ഹജ്ജ് മന്ത്രാലയം. കൊവിഡ് മൂലം തുടര്‍ച്ചയായ രണ്ടു വര്‍ഷം ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടനം മുടങ്ങിയിരുന്നു.
എന്നാല്‍, കഴിഞ്ഞ വര്‍ഷം സഊദിയിലുള്ള ഇന്ത്യക്കാര്‍ക്ക് ഹജ്ജിന് അവസരം നല്‍കിയിരുന്നു. കൊവിഡ് വ്യാപനം കുറഞ്ഞതോടെ വ്യോമഗതാഗതം പുനഃസ്ഥാപിച്ചു വരുന്നതിനാല്‍ ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിന് സാധ്യതയേറെയാണ്. ഹജ്ജ് തീര്‍ഥാടനത്തിന്റെ അപേക്ഷാ സ്വീകരണം മുതല്‍ തീര്‍ഥാടകരുടെ മടക്കംവരെയുള്ള കാര്യങ്ങള്‍ ക്രമപ്പെടുത്തിയ ആക്ഷന്‍ പ്ലാനാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കു തയാറാക്കേണ്ടത്.കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഹജ്ജ് അപേക്ഷകള്‍ സ്വീകരിച്ചിരുന്നു. 2020ല്‍ ആദ്യ ഗഡു പണം സ്വീകരിച്ച ശേഷമാണ് യാത്ര റദ്ദാക്കിയത്. പിന്നീട് ഇവര്‍ക്ക് പണം തിരിച്ചു നല്‍കുകയായിരുന്നു. ഈ വര്‍ഷം അപേക്ഷകരോട് കൊവിഡ് പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതിനു ശേഷമാണ് അവസാന നിമിഷം റദ്ദാക്കിയത്. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കു കഴിഞ്ഞ തവണ അപേക്ഷിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.ഹജ്ജിന് അനുമതി ലഭിച്ചാല്‍ അപേക്ഷ സ്വീകരിച്ച് നറുക്കെടുപ്പിനു മുമ്പായിത്തന്നെ സഊദിയില്‍ താമസ സൗകര്യത്തിനുളള കെട്ടിടങ്ങള്‍ കണ്ടെത്തും. തുടര്‍ന്ന് ഹജ്ജ് സര്‍വിസ് നടത്താന്‍ വിമാനക്കമ്പനികളില്നിന്നുളള ക്വാട്ടേഷന് സ്വീകരിക്കും. തുടര്‍ന്നാണ് ഹജ്ജ് കരാറില്‍ ഒപ്പുവയ്ക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, വ്യോമയാന മന്ത്രാലയം, കേന്ദ്ര ഹജ്ജ് കമ്മിറ്റി, സഊദി ഹജ്ജ് കോണ്‍സുലേറ്റ് എന്നിവയാണ് ഹജ്ജ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."