ഭൂതര്‍ക്കം ആഭ്യന്തരമാകുമ്പോള്‍
ഗിരീഷ് കെ. നായര്‍
പണ്ട് നാട്ടുരാജ്യങ്ങള്‍ ഭൂമിയുടെ പേരില്‍ ശണ്ഠ കൂടിയിരുന്നത് ചരിത്രത്താളുകളില്‍ വായിച്ച് ഇവര്‍ക്ക് വട്ടായിരുന്നോ എന്ന് ചിന്തിക്കുന്നവരേറെ. രാജ്യാന്തര തലത്തിലേക്ക് ഭൂതര്‍ക്കം വളര്‍ന്നപ്പോഴാകട്ടെ സ്വരാജ്യസ്‌നേഹം ഉടലെടുക്കുകയും ഒരിഞ്ച് ഭൂമിയും വിട്ടുകൊടുക്കില്ലെന്ന് രാജ്യങ്ങള്‍ പ്രഖ്യാപിക്കുകയും നേരിടാന്‍ കോപ്പുകൂട്ടുന്നതും കാണാം. രാജ്യങ്ങള്‍ അയല്‍ക്കാരാണെങ്കിലും പലപ്പോഴും ശത്രുക്കളായാണ് ഭവിക്കാറ്. ഭൂതര്‍ക്കം ആഭ്യന്തരമാകുമ്പോള്‍ ചോദ്യമുനയിലെത്തുക ഭരിക്കുന്നവരാണ്.
കര്‍ണാടകയും മഹാരാഷ്ട്രയും തമ്മില്‍ ഭൂതര്‍ക്കത്തില്‍ സ്വരച്ചേര്‍ച്ച ഇല്ലാതായത് ഇന്നലെയും ഇന്നുമൊന്നുമല്ല. 1960ല്‍ മഹാരാഷ്ട്ര സംസ്ഥാനം രൂപീകൃതമായ കാലത്തോളം പഴക്കമുണ്ടതിന്. തര്‍ക്കത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടായെങ്കിലും ഇപ്പോള്‍ അത് അക്രമങ്ങളിലേക്കും കടന്നിരിക്കുന്നു എന്നത് വിഷയം ഗുരുതരമാക്കുന്നു.
ബെളഗാവി (പഴയ ബെല്‍ഗാം), കാര്‍വാര്‍, നിപ്പാനി എന്നിവയുള്‍പ്പെടെ കര്‍ണാടകയുടെ ഭാഗമായ 865 അതിര്‍ത്തി ഗ്രാമങ്ങള്‍ മഹാരാഷ്ട്രയോട് കൂട്ടിച്ചേര്‍ക്കണമെന്നാണ് ആ സംസ്ഥാനത്തിന്റെ ആവശ്യം. ഈ മേഖലയില്‍ മറാഠി സംസാരിക്കുന്നവരാണ് 70 ശതമാനവും എന്നതാണ് കാരണമായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
പകരം മഹാരാഷ്ട്രയുടെ ഭാഗമായതും കന്നഡ സംസാരിക്കുന്നവരേറെയുള്ളതുമായ 260 ഗ്രാമങ്ങള്‍ വിട്ടുതരാമെന്നും പറയുന്നു. എന്നാല്‍, കര്‍ണാടക ഇത് അംഗീകരിക്കാന്‍ തയാറല്ല. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകൃതമായത് 1956ലാണെന്നും അതില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നുമാണ് കര്‍ണാടകയുടെ പക്ഷം. മഹാരാഷ്ട്രയുടെ ഭാഗമായ 40 ഗ്രാമങ്ങള്‍ കര്‍ണാടകയുടേതാണെന്നും വിട്ടുതരണമെന്നും മുഖ്യമന്ത്രി ബൊമ്മെ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം മുറുകിയത്.
2004ലാണ് വിഷയം മഹാരാഷ്ട്ര സുപ്രിംകോടതിയിലെത്തിച്ചത്. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ പോരു തുടങ്ങുകയും രാഷ്ട്രീയക്കാരും സംഘടനകളും അതേറ്റുപിടിക്കുകയും ചെയ്തു. ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഇരു സംസ്ഥാനങ്ങളും ഭരിക്കുന്നത് കേന്ദ്രം ഭരിക്കുന്ന കക്ഷി തന്നെയാണ്. അതുകൊണ്ട് ഏത് സംസ്ഥാനത്തിന് അടിയേറ്റാലും പ്രാദേശിക വാദം ആ സംസ്ഥാനത്തെ ഭരണം നഷ്ടപ്പെടുത്തിയേക്കുമെന്ന് ബി.ജെ.പി ഭയപ്പെടുന്നു. മാത്രമല്ല, കര്‍ണാടക ബി.ജെ.പിയുടെ കൈപ്പിടിയിലായി എന്ന് ഇപ്പോഴും പറയാനാവില്ല. ഇടയ്ക്ക് അധികാരത്തിലെങ്ങനെയെങ്കിലും കയറിപ്പറ്റുമെന്നല്ലാതെ ആധികാരികമായി നേടിയിട്ടില്ല. ഇത്തവണ ദക്ഷിണേന്ത്യയുടെ നട്ടെല്ലായി ബി.ജെ.പി കരുതുന്ന ഈ സംസ്ഥാനം പിടിയിലൊതുക്കാമെന്ന വ്യാമോഹത്തിനിടെയാണ് ഇടിത്തീ പോലെ ഭൂതര്‍ക്കം എത്തിയത്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സംസ്ഥാനത്തിന്റെ ഒരു ഭാഗം അടിയറവച്ച് നീക്കുപോക്കുണ്ടാകുന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന് അവര്‍ക്ക് നന്നായറിയാം.
പരിഹാര ശ്രമം
1966ല്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് മെഹര്‍ ചന്ദ് മഹാജന്റെ നേതൃത്വത്തില്‍ ഒരു കമ്മിഷനെ വച്ച് പ്രശ്‌ന പരിഹാരത്തിന് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഒരു ശ്രമം നടത്തിയിരുന്നു. ജാട്ട്, അക്കാല്‍കോട്ട്, സോളാപൂര്‍ എന്നിവയുള്‍പ്പെടെ 247 ഗ്രാമങ്ങള്‍ മഹാരാഷ്ട്രയ്‌ക്കൊപ്പം ചേര്‍ക്കണമെന്നായിരുന്നു കമ്മിഷന്‍ നിര്‍ദേശിച്ചത്. പകരം, നിപ്പാനി, ഖാനാപുര, നന്ദഗഡ് തുടങ്ങി 264 ഗ്രാമങ്ങള്‍ കര്‍ണാടകയില്‍ ലയിപ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇത് മഹാരാഷ്ട്ര കണ്ണുംപൂട്ടി തള്ളി. ഇതോടെ പ്രശ്‌നം ഇരുസംസ്ഥാനങ്ങള്‍ക്കിടയില്‍ കനലായി മാറി.
ബൊമ്മെ, താക്കറെ, ഫട്‌നവിസ്
ഒരിഞ്ചും വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. പക്ഷെ പ്രാദേശിക വാദത്തിന്റെ ഉസ്താദുമാരായ ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറയുന്നത് ബൊമ്മയുടേത് തീവ്ര നിലപാടാണെന്നാണ്. കോടതിയില്‍ തീര്‍പ്പുണ്ടാകും വരെ കേന്ദ്ര ഭരണ പ്രദേശമായി തര്‍ക്കമേഖലയെ പ്രഖ്യാപിക്കണമെന്ന നിര്‍ദേശവും താക്കറെ ഉയര്‍ത്തുന്നു. ഫട്‌നവിസ് ആകട്ടെ, മറാഠി സംസാരിക്കുന്നവരുള്ള കര്‍ണാടക പ്രദേശം മഹാരാഷ്ട്രയോട് കൂട്ടിച്ചേര്‍ക്കാന്‍ ഏതറ്റം വരെയും പോകുമെന്ന നിലപാടിലുമാണ്. പ്രതിപക്ഷ കക്ഷികള്‍ക്കൊന്നും വിഷയത്തില്‍ താല്‍പര്യമില്ലേ എന്ന തോന്നല്‍ സ്വാഭാവികമാണ്. അവരൊന്നും വലിയ വാദങ്ങളുമായി രംഗത്തുമില്ല.
പ്രാദേശിക വാദത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും പ്രതിപക്ഷവും ഒട്ടും പിന്നിലല്ല എന്നതാണ് സത്യം. ബി.ജെ.പി പിന്തുണയോടെ മഹാരാഷ്ട്ര ഭരിക്കുന്ന ശിവസേന വിഭാഗം തലവന്‍ ഏക്‌നാഥ് ഷിന്‍ഡെയാണ് ഇപ്പോള്‍ ഭൂതര്‍ക്കം വീണ്ടും ചര്‍ച്ചാവിഷയമാക്കിയതെങ്കിലും തര്‍ക്കം മുറുകിയപ്പോള്‍ ഇക്കാര്യം അറിഞ്ഞമട്ടു കാണിക്കുന്നതേയില്ല.
ഡിസംബര്‍ 22ന് കര്‍ണാടക അസംബ്ലിയില്‍ മുഖ്യമന്ത്രി ബൊമ്മെ ഒരു പ്രമേയം അവതരിപ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കുമെന്ന തരത്തിലുള്ള ഈ പ്രമേയം ശബ്ദവോട്ടോടെയാണ് അംഗീകരിക്കപ്പെട്ടത്. ഇതിനു ബദലായി മഹാരാഷ്ട്രയും പ്രമേയം പാസാക്കി. ഫട്‌നവിസ് ഭൂതര്‍ക്കം കേന്ദ്ര ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അമിത് ഷാ ഇടപെട്ടിരുന്നു. കോടതി തീരുമാനം വരെ കാത്തിരിക്കണമെന്ന ഡിസംബര്‍ 14ന് ഇരുമുഖ്യന്‍മാര്‍ക്കും ഷാ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ആരും അത് പാലിച്ചില്ല.
ജനപക്ഷം
ഒരേ ഭാഷ സംസാരിക്കുന്നവര്‍ ഒരേ സംസ്ഥാനത്തിന്റെ ഭാഗമാകുക എന്നതാണ് നാട്ടുനടപ്പ്. മഹാരാഷ്ട്രയിലെ അക്കല്‍കോട്ടിലെ 11 ഗ്രാമങ്ങള്‍ ഒരു പ്രമേയം പാസാക്കിയിരുന്നു. കര്‍ണാടകയ്‌ക്കൊപ്പം പോകാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു പ്രമേയം. ഈ ഗ്രാമങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതോടെ പ്രമേയങ്ങള്‍ പിന്‍വലിക്കപ്പെട്ടു. ഇവിടെ, ജനങ്ങള്‍ അവരാഗ്രഹിക്കുന്നതെന്ത് എന്ന് വെളിപ്പെടുത്തുകയായിരുന്നു.
അതിര്‍ത്തിയില്‍ അബദ്ധത്തില്‍ പെട്ടുപോയ ജനങ്ങള്‍ തങ്ങള്‍ സംസാരിക്കുന്ന ഭാഷയുടെ അടിസ്ഥാനത്തിലാണ് മറ്റേ സംസ്ഥാനത്തിനൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നതെന്നാണ് പൊതുവേ കരുതുന്നത്. വരികള്‍ക്കിടിയില്‍ വിഷയീഭവിക്കുന്ന മറ്റ് ചില വസ്തുതകളുമുണ്ട്. കൊവിഡ് കാലമുള്‍പ്പെടെ മഹാരാഷ്ട്ര സര്‍ക്കാരിന് ഗ്രാമപ്രദേശങ്ങളില്‍ സേവനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതും അടിസ്ഥാന സൗകര്യവികസനം മരീചികയായി തുടരുന്നതും തൊട്ടടുത്ത സംസ്ഥാനത്തെ ഗ്രാമങ്ങളിലെ വികസനവും അവര്‍ ഗൗനിച്ചു എന്നുവേണം കരുതാന്‍. സ്വാഭാവികമായും മെച്ചപ്പെട്ട ജീവിതമുണ്ടെന്ന് തോന്നുന്നിടത്തേക്ക് മാറാന്‍ ആഗ്രഹിക്കും. അത് ഏകപക്ഷീയമല്ലതാനും.
തങ്ങള്‍ സംസാരിക്കുന്ന ഭാഷയുള്ള സംസ്ഥാനത്തിന്റെ ഭാഗമായി മാറണമെന്ന് അവര്‍ ചിന്തിക്കുമ്പോള്‍ ഭരിക്കുന്നവര്‍ക്കെങ്ങനെ എതിര്‍ക്കാനാവും. കോടതികള്‍ തീരുമാനമെടുക്കേണ്ടത് ഈ വിഷയത്തിലൂന്നിയാവണം. അതല്ലെങ്കില്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ തുടരും.
മുതലെടുക്കാന്‍ അക്രമി സംഘടനകളോ കുബുദ്ധികളായ ചില രാഷ്ട്രീയക്കാരോ ശ്രമിച്ചാല്‍ അത് കൈവിട്ട് പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."