അറുതിവേണം സ്‌പെഷൽ സ്‌കൂൾ അധ്യാപകരുടെ ദുരിതത്തിനും
സർക്കാർ ജീവനക്കാരും അധ്യാപകരും സാധാരണയായി സമരം ചെയ്യാറ് നിലവിലെ ശമ്പളം കൂട്ടി കിട്ടാനും മറ്റു ആനുകൂല്യങ്ങൾ വർധിപ്പിക്കാനുമായിരിക്കും. എന്നാൽ സർക്കാരിന്റെ അവഗണനക്കും സമൂഹത്തിന്റെ അശ്രദ്ധയിലും പരിതാപകരമായ അവസ്ഥയിൽ ജോലി ചെയ്യുന്ന ഒരു വിഭാഗം സംസ്ഥാനത്തുണ്ട്. സ്‌പെഷൽ സ്‌കൂൾ അധ്യാപകർ. കഴിഞ്ഞ കുറെ വർഷങ്ങളായി അവർക്ക് നേരെയുള്ള അവഗണന തുടരുന്നത് ശമ്പളം കൊടുക്കാതെയാണ്. അഞ്ചും ആറും മാസങ്ങൾ കഴിയുമ്പോണ് ഇവർക്ക് ശമ്പളം കിട്ടുന്നത്. നിലവിൽ തുച്ഛമായ ശമ്പളത്തിലാണ് ജോലിചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നവരേക്കാളും താഴ്ന്ന വേതനമാണ് സ്‌പെഷൽ സ്‌കൂൾ അധ്യാപകർക്കുള്ളത്. അതുപോലും ശരിയാംവണ്ണം നൽകുന്നില്ല.
സാധാരണ സ്‌കൂളുകളിൽ പഠിപ്പിക്കുന്ന അധ്യാപകരേക്കാൾ ക്ലേശകരമാണ് സ്‌പെഷൽ സ്‌കൂൾ അധ്യാപകർ നടത്തിക്കൊണ്ടിരിക്കുന്ന അധ്യാപനം. സാധാരണ സ്‌കൂളിലെ അധ്യാപകർക്ക് കുട്ടികൾക്ക് പാഠങ്ങൾ പറഞ്ഞുകൊടുത്താൽ മതിയാകും. എന്നാൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അക്ഷരങ്ങൾ പഠിപ്പിക്കുക എന്നത് സ്‌പെഷൽ സ്‌കൂൾ അധ്യാപകർക്ക് യാതനാ നിർഭരമായ അധ്യാപനമാണ്. ഓട്ടിസം പോലുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ അധ്യാപനം മാത്രമല്ല സ്പെഷൽ സ്‌കൂൾ അധ്യാപകരുടെ ഉത്തരവാദിത്വത്തിലുള്ളത്. അവരുടെ പരിപാലനവും ഇവരുടെ സഹനത്തിൽപ്പെടുന്നു. ആഹാരം കൊടുക്കുന്നത് തൊട്ട് കുട്ടിയുടെ നിത്യേനയുള്ള ആവശ്യങ്ങൾ എന്താണോ അതെല്ലാം നിർവഹിച്ചു കൊടുക്കേണ്ട ബാധ്യത ഇവർക്കുണ്ട്.
സ്വന്തം മക്കളെ പരിചരിക്കുന്നതിലും അധികം പരിചരണം സ്‌പെഷൽ സ്‌കൂളിലെ കുട്ടികൾക്കു വേണ്ടിവരും. അതാണവർ യാതൊരു പരാതിയുമില്ലാതെ സ്വന്തം മാതാവിനെക്കാളുപരി നിർവഹിച്ചു കൊണ്ടിരിക്കുന്നത്. എന്നാലോ തുച്ഛമായ പ്രതിഫലമാണ് ഇവർക്ക് നൽകുന്നത്. ഓരോ അഞ്ചു വർഷം കൂടുമ്പോഴും മാറി മാറി വരുന്ന ഭരണകൂടങ്ങൾ സാധാരണ സ്‌കൂൾ അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും ശമ്പള പരിഷ്‌ക്കരണത്തിന്റെ പേരിൽ ശമ്പളം വർധിപ്പിക്കുന്നു.
ഹൈസ്‌കൂൾ അധ്യാപകൻ ഒരുലക്ഷമോ അതിലധികമോ ശമ്പളം വാങ്ങുമ്പോൾ അതിലെ കാൽ ഭാഗം പോലും, അധ്യാപനം ത്യാഗ പൂർണമായ കർമമാക്കിയ സ്‌പെഷൽ സ്‌കൂൾ അധ്യാപകർക്ക് നൽകുന്നില്ല. അതാകട്ടെ സമയാസമയം നൽകുന്നുമില്ല. സ്‌പെഷൽ സ്‌കൂൾ അധ്യാപകർക്കും കുടുംബമുണ്ടെന്ന് സർക്കാർ ഓർക്കണം. പ്രത്യേക പാക്കേജ് എന്ന പേരിലാണ് എട്ടും ഒമ്പതും മാസം കഴിയുമ്പോൾ സർക്കാർ തുക അനുവദിക്കുന്നത്. അതാകട്ടെ മാനേജ്‌മെന്റിന്റെ അക്കൗണ്ടിലേക്കാണ് പോകുന്നത്. പണം മറ്റു പല ആവശ്യങ്ങൾക്കും വിനിയോഗിക്കുന്ന മാനേജ്‌മെന്റുകൾ അധ്യാപകരുടെ ശമ്പളം യഥാസമയം നൽകുന്നതിൽ ശുഷ്‌ക്കാന്തി കാണിക്കാറുമില്ല. ഇത്തരമൊരു അവസ്ഥയിൽ ജീവിതം മുമ്പോട്ട് കൊണ്ട് പോകാൻ കഴിയാത്തതിനാലാണ് എടുത്ത ജോലിയുടെ വേതനത്തിനായി സ്‌പെഷൽ സ്‌കൂൾ അധ്യാപകർ പലപ്പോഴും സമരത്തിനറങ്ങുന്നത്. ഇപ്പോഴും അത് ആവർത്തിക്കേണ്ട ഗതികേടിലെത്തിയിരിക്കുകയാണവർ.
കഴിഞ്ഞ ഏഴ് മാസമായി ശമ്പളം ലഭിക്കാത്ത 234 സ്‌പെഷൽ സ്‌കൂളുകളിലെ 5000ത്തിലധികം വരുന്ന അധ്യാപകരും അനധ്യാപകരും ജനുവരി ഒന്ന് മുതൽ അനിശ്ചിതകാല സമരം ആരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സ്‌പെഷൽ സ്‌കൂൾ എംപ്ലോയിസിന്റെ നേതൃത്വത്തിൽ ആരംഭിക്കാനിരിക്കുന്ന സമരം സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ പഠനത്തേയും അവരുടെ പരിപാലനത്തേയും ബാധിക്കും.
മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുക എന്നത് ഏതൊരു അധ്യാപകനെ സംബന്ധിച്ചും വെല്ലുവിളിയാണ്. ആ വെല്ലുവിളിയാണ് യാതൊരു പരിഭവുമില്ലാതെ സ്‌പെഷൽ സ്‌കൂൾ അധ്യാപകരും മറ്റു ജീവനക്കാരും ഏറ്റെടുത്ത് പരാതികളില്ലാത്ത വിധം നടത്തിപ്പോരുന്നതെന്ന് സർക്കാർ മനസിലാക്കണം. മാറി മാറി വരുന്ന ഭരണകൂടങ്ങളൊക്കെയും തങ്ങളെ അവഗണിച്ചു കൊണ്ടിരിക്കുകയാണെന്നും വർഷങ്ങളായി ഇത് തുടർന്ന് കൊണ്ടിരിക്കുകയാണെന്നും അധ്യാപകർ പറയുമ്പോൾ അവരെ കേൾക്കാൻ സർക്കാർ തയാറാകണം. വർഷങ്ങളുടെ പഴക്കമുള്ള അവരുടെ പരാതി പരിഹരിക്കാൻ വീണ്ടുമൊരു അനിശ്ചിതകാല സമരത്തിലേക്ക് അവരെ സർക്കാർ വലിച്ചിഴക്കരുത്. സ്‌പെഷൽ സ്‌കൂൾ അധ്യാപകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഓരോ അഞ്ചു വർഷം കൂടുമ്പോഴും മാറി മാറി വരുന്ന ഭരണകൂടങ്ങൾ പഠനങ്ങൾ നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും സമിതികൾ രൂപീകരിക്കുമെന്നല്ലാതെ നടപടികൾ സ്വീകരിക്കാറില്ല. പഠന റിപ്പോർട്ടുകൾ യാതൊരു കേടുപാടുമില്ലാതെ ഇപ്പോഴും സൂക്ഷിക്കുന്നുണ്ടാകണം.
തുടരുന്ന അവഗണനകൾക്കെതിരേ നിരവധിതവണ അധ്യാപകർ സഹന സമരങ്ങളും പട്ടിണി സമരങ്ങളും നടത്തിയിട്ടുണ്ട്. 2017ൽ ഓണനാളിൽ സ്‌പെഷൽ സ്‌കൂൾ അധ്യാപകർ സംസ്ഥാനത്തെ 14 കലക്ടറേറ്റുകൾക്ക് മുമ്പിൽ പട്ടിണി സമരം നടത്തിയിട്ട് പോലും സർക്കാരിനെ അതൊന്നും സ്പർശിച്ചതു പോലുമില്ല. ബോണസും ഉത്സവബത്തയും വാങ്ങി സർക്കാർ ജീവനക്കാരും അധ്യാപകരും ഓരോ ആഘോഷങ്ങളും കെങ്കേമമാക്കുമ്പോൾ ഒരു വിഭാഗം അധ്യാപകർ പട്ടിണി കിടക്കുകയാണെന്ന് എന്തുകൊണ്ട് സർക്കാർ ഓർക്കുന്നില്ല. അവർക്കെന്നും ഉത്സവ ബത്തകളും ആഘോഷങ്ങളും അന്യമാണ്. ജോലി സ്ഥിരതയും മിനിമം വേതനവുമില്ലാത്തവർക്ക് എന്ത് ആഘോഷമെന്ന് സർക്കാരും ചിന്തിച്ചു കാണും.
സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന സ്‌പെഷൽ സ്‌കൂളുകൾ 2004ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വിദ്യാഭ്യാസ വകുപ്പിന് കീഴിലേക്ക് മാറ്റിയത്. വകുപ്പ് മാറ്റം നടന്നുവന്നതല്ലാതെ അധ്യാപകർക്കോ മറ്റു ജീവനക്കാർക്കോ യാതൊരു പ്രയോജനവുമുണ്ടായില്ല.
സഹനവും ആത്മാർത്ഥതയും മാത്രമാണ് ഈ രംഗത്ത് സ്‌പെഷൽ സ്‌കൂൾ അധ്യാപകരെ പിടിച്ചുനിർത്തുന്നത്. അത് സർക്കാർ ചൂഷണം ചെയ്യുകയാണ്. എത്രകാലം ഈ ചൂഷണം തുടരാനാകും. എടുത്ത പണിയുടെ കൂലിയാണ് അവർ ചോദിക്കുന്നത്. ഇനിയുമൊരു അനിശ്ചിതകാല സമരത്തിലേക്ക് സ്‌പെഷൽ സ്‌കൂൾ അധ്യാപകരെ തള്ളിയിടാതെ, ശമ്പള കുടിശിക മാനേജ്‌മെന്റുകളുടെ അക്കൗണ്ടുകളിലേക്കയക്കാതെ അധ്യാപകരുടെ അക്കൗണ്ടുകളിലേക്കയച്ച് അവരോട് നീതിപുലർത്താൻ സർക്കാർ തയാറാകണം. ഏഴു മാസത്തെ അവരുടെ ശമ്പള കുടിശിക തീർത്ത് കൊടുക്കുകയും ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."