വേള്‍ഡ് എക്‌സ്‌പോ 2030 സഊദിയിൽ; പ്രഖ്യാപനം ആഘോഷമാക്കി രാജ്യം
വേള്‍ഡ് എക്‌സ്‌പോ 2030 സഊദിയിൽ; പ്രഖ്യാപനം ആഘോഷമാക്കി രാജ്യം
റിയാദ്: വേള്‍ഡ് എക്‌സ്‌പോ 2030
സഊദിയിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. പാരീസിലെ ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്‌സ്‌പോസിഷൻസ് ആസ്ഥാനത്ത് നടന്ന 173ാമത് ജനറൽ അസംബ്ലിയിലാണ് പ്രഖ്യാപനമുണ്ടായത്. അംഗീകാരം ലഭിച്ചതോടെ സഊദി തലസ്ഥാന നഗരിയായ റിയാദിൽ 2030 ഒക്ടോബർ 1 മുതൽ 2031 മാർച്ച് 31 വരെ എക്സ്പോ നടത്താനാണ് സഊദിയുടെ തീരുമാനം. എക്സ്പോ നടത്താനായി മത്സര രംഗത്തുണ്ടായിരുന്ന ഇറ്റലി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് വോട്ടെടുപ്പിലൂടെ സഊദി അറേബ്യ 2030 ലെ വേള്‍ഡ് എക്‌സ്‌പോക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം നേടിയെടുത്തത്. അംഗ രാജ്യങ്ങൾ രഹസ്യബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പിൽ 130 രാജ്യങ്ങൾ സഊദിയെ പിന്തുണച്ചു.
മാനവികതയുടെ മികച്ച ഭാവിക്കായി വേൾഡ് എക്സ്പോയുടെ ചരിത്രത്തിൽ തന്നെ അഭൂതപൂർവമായ പതിപ്പായിരിക്കും റിയാദിൽ ഒരുക്കുകയെന്നും സഊദി ആതിഥേയത്വം വഹിക്കുകയെന്നും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
ജനറല്‍ അസംബ്ലി മീറ്റിംഗ് നടക്കുന്നതിന് മുന്നോടിയായി സഊദി അറേബ്യ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം പാരീസില്‍ മീഡിയ ഓയാസിസ് എന്ന പേരില്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചുവരികയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച തുടങ്ങിയ എക്‌സിബിഷന്‍ ഇന്നലെ സമാപിച്ചു. 2030 ലെ വേൾഡ് എക്സ്പോ റിയാദിൽ നടത്തുന്നതിനുള്ള സഊദിയുടെ ഫയൽ കഴിഞ്ഞ ജൂണിൽ ഔദ്യോഗികമായി സമർപ്പിച്ചിരുന്നു. കൂടാതെ 7.8 ബില്യണ് ഡോളർ ഇതിനായി അനുവദിക്കുകയും ചെയ്തു. സഊദിയുടെ അപേക്ഷ പരിഗണിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ പ്രത്യേക കമ്മറ്റി സഊദിയിലെത്തി പരിശോധനയും പൂർത്തിയാക്കിയിരുന്നു. പാരീസിൽ നടന്ന ഔദ്യോഗിക സ്വീകരണത്തിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."