HOME
DETAILS
MAL
ഭാരത് ബന്ദില്‍ സ്തംഭിച്ച് രാജ്യം
backup
September 28 2021 | 04:09 AM
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് നടത്തിയ ഭാരത് ബന്ദില്‍ സ്തംഭിച്ച് രാജ്യം. ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ റോഡ് ഉപരോധവും റെയില്‍വേ ട്രാക്ക് ഉപരോധവും നടത്തി. ഇതേത്തുടര്‍ന്ന് നിരവധി തീവണ്ടികള്‍ റദ്ദാക്കി. പലയിടത്തും തീവണ്ടികള്‍ വഴിതിരിച്ചു വിട്ടു. ഭാരത് ബന്ദ് വിജയകരമായിരുന്നുവെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പ്രതികരിച്ചു. സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് കര്‍ഷക സംഘടനകള്‍ തയാറാണ്. പക്ഷേ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.
ഭാരത് ബന്ദ് 25 തീവണ്ടി സര്‍വിസുകളെ ബാധിച്ചതായി റെയില്‍വേ അറിയിച്ചു. ഡല്‍ഹി, അംബാല, ഫിറോസ്പൂര്‍ ഡിവിഷനുകളിലായി 20ലധികം സ്ഥലങ്ങളില്‍ കര്‍ഷകര്‍ ട്രാക്ക് കൈയേറിയതായും റെയില്‍വേ അധികൃതര്‍ പറഞ്ഞു. ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ ഡല്‍ഹിയില്‍ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഡല്‍ഹി ഹരിയാന അതിര്‍ത്തിയിലെ ഗുഡ്ഗാവില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളമാണ് കുടുങ്ങിക്കിടന്നത്. പഞ്ചാബില്‍ 350ലധികം സ്ഥലങ്ങളില്‍ കര്‍ഷകര്‍ പ്രതിഷേധിച്ചു. പഞ്ചാബില്‍ ബന്ദ് പൂര്‍ണമായിരുന്നു. മിക്ക സ്ഥലങ്ങളിലും കടകളും മറ്റ് വാണിജ്യ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ഹൈവേയില്‍ മാത്രം 25 സ്ഥലങ്ങളില്‍ കര്‍ഷകര്‍ റോഡുകള്‍ ഉപരോധിച്ചു. പലയിടങ്ങളിലും റെയില്‍വേ ട്രാക്കുകളില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഉത്തര്‍പ്രദേശിലും കര്‍ഷക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. ജാര്‍ഖണ്ഡിലും പ്രതിഷേധം ശക്തമായിരുന്നു. തലസ്ഥാനമായ റാഞ്ചിയില്‍ കടകള്‍ അടഞ്ഞു കിടന്നു. രാജസ്ഥാനിലെ മിക്ക ജില്ലകളിലും റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ നടന്നു. മഹാരാഷ്ട്രയില്‍ മുംബൈ നഗരത്തിലൊഴികെ എല്ലായിടത്തും പ്രതിഷേധം നടന്നു. ജമ്മുവില്‍ സി.പി.എം നേതാവ് മുഹമ്മദ് യുസഫ് തരിഗാമിയുടെ നേതൃത്വത്തില്‍ റാലി നടന്നു. മധ്യപ്രദേശിലും കര്‍ഷകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."