സെലെന്‍സ്‌കിയുടെ 'സമാധാന ഫോര്‍മുല' റഷ്യ നിരസിച്ചു; ഉക്രൈനില്‍ കനത്ത വ്യോമാക്രമണം
കീവ്: ഉക്രൈനും റഷ്യയും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുന്നതിന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി മുന്നോട്ടുവച്ച 10 ഇന 'സമാധാന ഫോര്‍മുല' അസ്വീകാര്യമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്. ഉക്രൈന്‍ ഇപ്പോഴും യഥാര്‍ത്ഥ സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന് റഷ്യ വിശ്വസിക്കുന്നതായി വിദേശകാര്യ മന്ത്രി സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍.ഐ.എയോട് പറഞ്ഞു.
പാശ്ചാത്യ സഹായത്തോടെ റഷ്യയെ കിഴക്കന്‍ ഉക്രൈനില്‍ നിന്നും ക്രിമിയയില്‍ നിന്നും പുറത്താക്കാമെന്ന ഉക്രൈനിന്റെ മോഹം മിഥ്യയാണെന്ന് ലാവ്‌റോവ് പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ഉക്രൈനിലേക്ക് ആയുധങ്ങളെത്തിക്കുന്നത് തടയാന്‍ റഷ്യന്‍ സേന രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറന്‍ ഉക്രൈനിലേക്കുള്ള ആയുധ വിതരണ ശൃംഖലകള്‍ തകര്‍ക്കുമെന്ന് റഷ്യന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ലാവ്‌റോവ് പറഞ്ഞു.
11 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ യാഥാര്‍ത്ഥ്യബോധത്തില്‍ നിന്ന് ഏറെ അകലെയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സെലെന്‍സ്‌കിയുടെ ഫോര്‍മുല ലാവ്‌റോവ് നിരസിച്ച് മണിക്കൂറുകള്‍ക്കകം, ഉക്രൈന്‍ തലസ്ഥാനമായ കീവ്, ഖാര്‍കീവ് എന്നിവയുള്‍പ്പെടെ വന്‍ നഗരങ്ങളില്‍ റഷ്യ കനത്ത മിസൈലാക്രമണം നടത്തി. കീവില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഉക്രൈനു നേരെ 120ലധികം മിസൈലുകള്‍ റഷ്യ വര്‍ഷിച്ചതായി ഉക്രൈന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മിഖായിലോ പൊഡോലിയാക് പറഞ്ഞു. നഗരത്തിന്റെ 90 ശതമാനം ഭാഗത്തും വൈദ്യുതി വിതരണം നിലച്ചതായി ലീവ് നഗരത്തിലെ മേയര്‍ ആന്‍ഡ്രി സദോവി അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഖാര്‍കീവില്‍ റഷ്യ മിസൈലുകള്‍ തൊടുത്തതെന്ന് ഖാര്‍കീവ് ഗവര്‍ണര്‍ ആരോപിച്ചു. അതിശൈത്യത്തിന്റെ പിടിയിലുള്ള ഉക്രൈനില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുത്തുകയാണ് റഷ്യയുടെ യുദ്ധതന്ത്രമെന്ന് സെലെന്‍സ്‌കി നേരത്തേ കുറ്റപ്പെടുത്തിയിരുന്നു.
ഉക്രൈനിന്റെ അഖണ്ഡതയെ ബഹുമാനിക്കുകയും രാജ്യാതിര്‍ത്തികള്‍ പുനഃസ്ഥാപിക്കുകയും റഷ്യന്‍ സൈനികരെ മുഴുവന്‍ പിന്‍വലിക്കുകയും ചെയ്യുന്ന 10 ഇന സമാധാന പദ്ധതിയാണ് സെലെന്‍സ്‌കി മുന്നോട്ടുവച്ചത്. എന്നാല്‍ കിഴക്ക് ലുഹാന്‍സ്‌കും ഡൊനെറ്റ്‌സ്‌കും തെക്ക് ഖെര്‍സണും സാപൊറീഷ്യയും റഷ്യയുടേതാണെന്ന് ആദ്യം ഉക്രൈന്‍ അംഗീകരിക്കണമെന്നാണ് മോസ്‌കോയുടെ നിലപാട്. ഈ നാല് മേഖലകളും റഷ്യയുടേതാണെന്ന യാഥാര്‍ത്ഥ്യം കണക്കിലെടുക്കാത്ത ഒരു സമാധാന പദ്ധതിയും നടപ്പാവാന്‍ പോകുന്നില്ലെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."