കെ.പി.സി.സി പ്രസിഡന്റിനെ സമയം ചോദിച്ച് കാണേണ്ട ഗതികേടില്ല; തുറന്നടിച്ച് മുല്ലപ്പള്ളി
തിരുവനന്തപുരം: വി.എം സുധീരനു പിന്നാലെ കെ.പി.സി.സി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
കഴിഞ്ഞ 50 വര്‍ഷമായി ഏതെങ്കിലും ഒരു കെ.പി.സി.സി പ്രസിഡന്റിനെ സ്ലോട്ട് വച്ച് കാണേണ്ട ഗതികേട് തനിക്ക് ഉണ്ടായിട്ടില്ല. അങ്ങനെ വന്നാല്‍ അദ്ദേഹത്തെ കാണുന്ന അവസാന ആളായിരിക്കും താനെന്നും മുല്ലപ്പള്ളി പറഞ്ഞു. മുല്ലപ്പള്ളിക്ക് കാണാന്‍ സമയം അനുവദിച്ചിട്ടും എത്തിയില്ല എന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ വിമര്‍ശനം. താന്‍ ഫോണ്‍ എടുക്കാറില്ലെന്ന സുധാകരന്റെ വാദവും അടിസ്ഥാനരഹിതമാണെന്ന് മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ക്ക് ആര്‍ക്കും അങ്ങനെ പരാതിയില്ല. എല്ലാവരും ആദരിക്കുന്ന നേതാവാണ് വി.എം.സുധീരന്‍. അദ്ദേഹത്തിന്റെ അഭിപ്രായം കേള്‍ക്കാതെ മുന്നോട്ടുപോകാനാവില്ല.
എല്ലാ മുതിര്‍ന്ന നേതാക്കളെയും ചേര്‍ത്തുപിടിച്ചുമാത്രമെ പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാവൂ. സംഘടനയില്‍ അച്ചടക്കം വേണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഇന്നലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറുമായി നടത്തിയ കൂടിക്കാഴ്ചയിലും മുല്ലപ്പള്ളി നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കെ.പി.സി.സി നേതൃത്വം ഏകാധിപത്യശൈലിയില്‍ പെരുമാറുന്നുവെന്നാണ് വിമര്‍ശനം. എല്ലാവരേയും ഒപ്പം നിര്‍ത്താന്‍ നേതൃത്വത്തിന് കഴിയുന്നില്ല.
മുന്‍അധ്യക്ഷനെന്ന പരിഗണന പോലും നല്‍കിയില്ല. തന്റെ കാലത്ത് കൂടിയാലോചന ഇല്ലെന്ന് പറഞ്ഞ് അട്ടഹസിച്ചവരാണ് ഇപ്പോള്‍ നേതൃസ്ഥാനത്തുള്ളതെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. ഞായറാഴ്ച താരീഖ് അന്‍വര്‍ മുല്ലപ്പള്ളിയെ കാണാനെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാനനിമിഷം തീരുമാനം മാറ്റിയിരുന്നു. ഇതില്‍ മുല്ലപ്പള്ളി കടുത്ത അതൃപ്തി അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇന്നലെ രാവിലെ കൂടിക്കാഴ്ചയ്ക്ക് താരീഖ് അന്‍വര്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."