മോക്ഡ്രില്ലിനിടെ മരണം: കരക്ക് എത്തിച്ചപ്പോഴേക്കും ബിനു മരിച്ചിരുന്നു, ആശുപത്രിയില്‍ കൊണ്ടു പോയത് നാടകമെന്നും നാട്ടുകാര്‍; പോസ്റ്റ്‌മോര്‍ട്ടം ഇന്ന്
മല്ലപ്പള്ളി: മോക്ഡ്രില്ലിനിടെ മുങ്ങിമരിച്ച യുവാവിനെ ആശുപത്രിയില്‍ ചികിത്സക്ക് എത്തിച്ചത് നാടകമാണെന്നും സംഭവ സ്ഥലത്തുവെച്ചു തന്നെ യുവാവിന് ജീവന്‍ നഷ്ടപ്പെട്ടിരുന്നെന്നും നാട്ടുകാര്‍. കരക്ക് എത്തിച്ചപ്പോഴേക്കും ബിനു മരിച്ചിരുന്നുവെന്ന് സി.പി.ആര്‍ നല്‍കിയ മോന്‍സി കുര്യാക്കോസ് പറഞ്ഞു. ജീവനുള്ള ശരീരം പോലെയല്ല ബിനുവിന്റെ ശരീരം പ്രതികരിച്ചത്. ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതായി സംശയമുണ്ടായിരുന്നുവെന്നും മോന്‍സി വ്യക്തമാക്കി. ബിനുവിനൊപ്പം മോന്‍സി കുര്യാക്കോസും മോക്ഡ്രില്ലിന്റെ ഭാഗമായിരുന്നു.
ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാന വ്യാപകമായി നടത്തിയ പ്രളയ ദുരന്ത നിവാരണ പരിശീലനത്തിനിടെ ഇന്നലെ രാവിലെ മണിമലയാറ്റിലായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം. വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപം പടുതോട് കടവില്‍ സംഘടിപ്പിച്ച പരിശീലനത്തിനിടെ കല്ലൂപ്പാറ തുരുത്തിക്കാട് കാക്കര മണ്ണില്‍ വീട്ടില്‍ പാലത്തുങ്കല്‍ ബിനു സോമന്‍ (34) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ വെളളതതില്‍ മുങ്ങിയ യുവാവിനെ അരമണിക്കൂറിനുശേഷമാണ് കണ്ടെത്തിയത്. തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. രാത്രി 8.15ഓടെയാണ് മരണം സ്ഥിരീകരിച്ചത്. യുവാവിന് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിച്ചുവെന്നാണ് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ അറിയിച്ചത്. എന്നാല്‍, യുവാവിന് സംഭവ സ്ഥലത്തുവെച്ചു തന്നെ ജീവന്‍ നഷ്ടപ്പെട്ടിരുന്നെന്നും സംഭവത്തില്‍ പ്രതിഷേധം കുറക്കാന്‍ മരണവിവരം പുറത്തുവിടുന്നത് വൈകിപ്പിക്കുകയായിരുന്നെന്നുമാണ് നാട്ടുകാരുടെ ആരോപണം. മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാന ജില്ല ദുരന്ത നിവാരണ അതോറിറ്റികള്‍ സംയുക്തമായാണ് മണിമലയാറ്റില്‍ പരിശീലനം സംഘടിപ്പിച്ചത്. ഇതിലേക്ക് നീന്തല്‍ അറിയാവുന്ന ബിനു ഉള്‍പ്പെടെ നാലുപേരെ റവന്യൂവകുപ്പിന്റെ നിര്‍ദേശപ്രകാരം എത്തിച്ചത് പ്രദേശത്തെ ജനപ്രതിനിധിയാണ്.
ബിനു സോമനോട് വെള്ളത്തിലേക്ക് ചാടാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കി. പൊങ്ങിവരുമ്പോള്‍ രക്ഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, പൊങ്ങിവരാതെ ബിനു ചളിയിലേക്ക് ആണ്ടുപോകുകയായിരുന്നു. അരമണിക്കൂര്‍ തിരച്ചില്‍ നടത്തിയാണ് കണ്ടെത്തിയത്. പരിശീലനഭാഗമായി എത്തിയിരുന്ന ദേശീയ ദുരന്ത നിവാരണ സേനയിലെ നാല് അംഗങ്ങളും അഗ്‌നിരക്ഷ സേനയും പൊലിസും സജ്ജരായിരുന്നു. ഇവരാരും അപകടം മനസ്സിലാക്കി ഉടന്‍ രക്ഷിക്കാന്‍ ഇറങ്ങിയില്ലെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. റവന്യൂ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പൊലിസും സ്ഥലത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."