രാജ്യത്ത് ആദ്യമായി ജലാശയഭൂപടം തയാറാക്കാന്‍ കേരളം
കൊച്ചി: ഭൂസര്‍വേ റെക്കോഡിനു സമാനമായി രാജ്യത്ത് ആദ്യമായി ജലാശയങ്ങളുടെ ഭൂപടം തയാറാക്കാനുള്ള തീരുമാനവുമായി കേരളം. സംസ്ഥാന തുറമുഖ വകുപ്പിന്റെ കീഴിലുള്ള ഹൈഡ്രോ ഗ്രാഫിക് സര്‍വേ വിഭാഗമാണ് ജലാശയ ഭൂപടം തയാറാക്കുന്നത്. 'ഹൈഡ്രോ ഇന്‍ഫര്‍മേഷന്‍ മാപ്പിങ്ങാ'ണ് ജലാശയ ഭൂപട രൂപീകരണത്തിനായി ഉപയോഗിക്കുന്നത്.
ആലപ്പുഴ ജില്ലയിലാണ് ഇത്തരത്തില്‍ ആദ്യമായി ജലാശയ ഭൂപടം തയാറാക്കുന്നത്. ഇതിനുള്ള സോഫ്റ്റ്‌വെയര്‍ തയാറാക്കുന്നതിന് ഡിജിറ്റല്‍ സര്‍വകലാശാലയുമായി ഹൈഡ്രോ ഗ്രാഫിക് വിഭാഗം കരാര്‍ ഒപ്പിട്ടു. രണ്ടു മാസത്തിനുള്ളില്‍ ആലപ്പുഴ ജില്ലയിലെ ജലാശയങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിക്കാനാണ് നീക്കം. വെള്ളപ്പൊക്കമുണ്ടായാല്‍ ഏതൊക്കെ സ്ഥലങ്ങള്‍ വെള്ളത്തിനടിയില്‍ ആകുമെന്നും എത്ര സമയംകൊണ്ട് പ്രളയം എത്തുമെന്നും മറ്റുമുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയും.
ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും മറ്റും ഓഫിസുകളില്‍ ഇരുന്നുകൊണ്ടുതന്നെ വെള്ളപ്പൊക്കത്തിന്റെ അവസ്ഥ മനസിലാക്കാന്‍ കഴിയും. കേരളത്തിലെ മുഴുവന്‍ ജലാശയങ്ങളുടെയും വിവരങ്ങള്‍ ശേഖരിച്ച ശേഷം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. ജലാശയങ്ങളുടെ ആഴം, ചുഴികള്‍, അടിത്തട്ടിലെ പാറക്കെട്ടുകള്‍, തുടങ്ങിയവ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഹൈഡ്രോ ഇന്‍ഫര്‍മേഷന്‍ മാപ്പിങ്ങിലൂടെ ലഭിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
നവകേരള കര്‍മപദ്ധതിയുടെ ഭാഗമായി നദികളുടെ വിവങ്ങള്‍ രേഖപ്പെടുത്തുന്ന 'ഓപണ്‍ സ്ട്രീറ്റ് മാപ്പിങ് (ഒ.എസ്. മാപ്പിങ്) പദ്ധതിയും സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.
ഹരിത കേരള മിഷനും ഐ.ടി മിഷനും സംയുക്തമായാണ് ഇതു നടപ്പാക്കുന്നത്. എല്ലാ ജില്ലകളിലും എഴുപത്തഞ്ചു ശതമാനത്തോളം പൂര്‍ത്തിയായിക്കഴിഞ്ഞു. കൂടാതെ കുളങ്ങളുടെയും മറ്റ് ജലാശയങ്ങളുടെയും രേഖപ്പെടുത്തല്‍കൂടി ഒ.എസ്. മാപ്പിങ്ങിലൂടെ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."