പ്ലസ് വണ്‍ അലോട്ട്‌മെന്റ് ; ഐ.സി.ടി സെല്ലിനെതിരേ വ്യാപക പരാതി
ടി. മുംതാസ്
കോഴിക്കോട്: പ്ലസ് വണ്‍ ഏക ജാലക പ്രവേശന നടപടികള്‍ നിയന്ത്രിക്കുന്ന ഐ.സി.ടി സെല്ലിനെതിരേ വ്യാപക പരാതിയുമായി പ്രിന്‍സിപ്പല്‍മാരും അധ്യാപകരും. ഇത്തവണ ഐ.സി.ടി സെല്ലിന്റെ ഭാഗത്തുനിന്നു വന്ന വീഴ്ച നിരവധി വിദ്യാര്‍ഥികളുടെ പ്രവേശനം പോലും അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. എന്നിട്ടും അത്യാവശ്യഘട്ടങ്ങളില്‍ പോലും സംശയനിവാരണത്തിന് വിളിച്ചാല്‍ സെല്ലിലെ ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കില്ലെന്നും പരാതിയുണ്ട്.
ഏക ജാലകത്തിന്റെ ഹെല്‍പ്പ് ലൈനില്‍ ഓരോ ജില്ലയിലെയും ഐ.സി.ടി സെല്‍ കോഓഡിനേറ്റര്‍മാരുടെ നമ്പര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ നമ്പറുകളില്‍ വിളിച്ചാല്‍ കൃത്യമായ മറുപടിയൊന്നും ലഭിക്കില്ല.
ഇത്തവണ കോഴിക്കോട്ടെ ഒരു സര്‍ക്കാര്‍ സ്‌കൂളിലേക്ക് യാക്കോബായ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിക്ക് ഒ.ബി.സി സംവരണ വിഭാഗത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചു. കുട്ടി പ്രവേശന് വന്നപ്പോള്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെടുമോ എന്ന കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കു സംശയമായി. സംശയ നിവാരത്തിന് ഐ.സി.ടി സെല്ലില്‍ വിളിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. മണിക്കൂറുകളോളം സ്‌കൂളില്‍ കാത്തിരുന്നിട്ടും കൃത്യമായ മറുപടി ലഭിക്കാതായതോടെ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയെ തിരികെ വിളിക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. ജനറല്‍ വിഭാഗത്തില്‍പ്പെട്ട കുട്ടിയെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് ഏകജാലക അലോട്ട്‌മെന്റില്‍ വന്ന പിശകായിരുന്നു. ഇത്തരത്തില്‍ സംവരണ വിഭാഗം മാറിയ നിരവധി പരാതികള്‍ ഇത്തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ലിറ്റില്‍ കൈറ്റ്‌സ് സര്‍ട്ടിഫിക്കറ്റിലെ ഗ്രേഡ് കൃത്യമായി രേഖപ്പെടുത്താന്‍ ക്രമീകരണം വരുത്താത്തത് കാരണമുണ്ടായ അപാകതകളാണ് കുട്ടികളെ ആശങ്കയിലാക്കുന്ന മറ്റൊരു പ്രശ്‌നം. ലിറ്റില്‍ കൈറ്റ്‌സ് പ്രവര്‍ത്തനങ്ങള്‍ക്ക് എ ഗ്രേഡ് എന്നു രേഖപ്പെടുത്താനുള്ള അവസരം മാത്രമാണ് സൈറ്റില്‍ നല്‍കിയിരുന്നത്. ബി ഗ്രേഡ് ലഭിച്ച ചില വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ ബി ഗ്രേഡ് രേഖപ്പെടുത്താന്‍ ഓപ്ഷന്‍ ഇല്ലാത്തതിനാല്‍ പകരം സൈറ്റില്‍ എ ഗ്രേഡ് രേഖപ്പെടുത്തി. പ്രവേശനത്തിന് സ്‌കൂളില്‍ എത്തിയപ്പോഴാണ് വിദ്യാര്‍ഥികള്‍ക്ക് ഇത് സ്വീകരിക്കില്ലെന്ന് ബോധ്യമായത്. തങ്ങളുടെ ഭാവിതന്നെ അനിശ്ചിതത്വത്തിലാവുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. ഇത്തരത്തില്‍ ആദ്യ അലോട്ട്‌മെന്റില്‍ പ്രവേശനം നിരസിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സപ്ലിമെന്ററി ലിസ്റ്റിലായിരിക്കും ഇനി അവസരം ലഭിക്കുക. ഇതു കാരണം ഇവര്‍ക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളോ സ്‌കൂളോ ലഭിക്കാത്ത അവസ്ഥയാവും ഉണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."