HOME
DETAILS
MAL
ആമസോണ്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രണ്ടാം പതിപ്പെന്ന് ആര്‍.എസ്.എസ് മാസിക
backup
September 28 2021 | 04:09 AM
നാഗ്പൂര്‍: ഇ കൊമേഴ്‌സ് ഭീമന്മാരായ ആമസോണ്‍, ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രണ്ടാം പതിപ്പാണെന്ന് ആര്‍.എസ്.എസ് മാസികയായ പാഞ്ചജന്യ.
സര്‍ക്കാരില്‍ നിന്ന് അനുകൂല നയങ്ങള്‍ക്കായി കോടിക്കണക്കിനു രൂപ കമ്പനി കൈക്കൂലി നല്‍കിയതായും മാസിക ആരോപണമുന്നയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ പതിപ്പിലാണ് ആമസോണിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന കവര്‍ സ്‌റ്റോറി.
ഈസ്റ്റ് ഇന്ത്യ കമ്പനി 2.0 എന്ന തലക്കെട്ടിലാണ് ലേഖനം. പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യ പിടിച്ചെടുക്കാന്‍ ഈസ്റ്റ് ഇന്ത്യ കമ്പനി എന്തെല്ലാം ചെയ്‌തോ അതുതന്നെയാണ് ആമസോണും ചെയ്യുന്നതെന്നാണ് ആരോപണം. ഇന്ത്യന്‍ വിപണിയില്‍ ആമസോണ്‍ കുത്തക സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ഇതിനായി ഇന്ത്യന്‍ പൗരന്മാരുടെ സാമ്പത്തിക, രാഷ്ട്രീയ, വ്യക്തിഗത സ്വാതന്ത്ര്യം ഹനിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ലേഖനത്തിലുണ്ട്.
ആമസോണ്‍ വ്യാപാര സൈറ്റിനു പുറമേ വിഡിയോ പ്ലാറ്റ്‌ഫോമായ പ്രൈമിനെതിരേയും ലേഖനം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ആമസോണ്‍ പ്രൈം വിഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളും വെബ്‌സീരീസുകളും ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നാണ് വിമര്‍ശനം.
ഇന്ത്യയിലെ നിരവധി സ്ഥാപനങ്ങളെ നശിപ്പിക്കാന്‍ ആമസോണ്‍ ശ്രമിച്ചതായും തങ്ങളുടെ നയങ്ങള്‍ നടപ്പാക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് കൈക്കൂലി നല്‍കിയതായും മാസിക ആരോപിക്കുന്നു. ബിസിനസ് ലോകത്തെ പ്രധാന വിവാദമായ ആമസോണ്‍-ഫ്യൂച്ചര്‍ ഗ്രൂപ്പ് തര്‍ക്കം ചൂണ്ടിക്കാട്ടിയാണ് ഈ ആരോപണമെന്നാണ് കരുതുന്നത്.
ഇന്ത്യയിലെ നിയമവിദഗ്ധര്‍ക്ക് ആമസോണ്‍ കൈക്കൂലി നല്‍കിയതായും ഇന്ത്യയില്‍ നിലനില്‍ക്കുന്നതിന് 2018-2020 കാലത്ത് 8,546 കോടി നിയമചെലവുകള്‍ക്ക് വിനിയോഗിച്ചതായും പറയുന്നു.
പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ആര്‍.എസ്.എസിന്റെ സ്വദേശി ജാഗരണ്‍ മഞ്ചും ആമസോണിന്റെത് അധാര്‍മിക വ്യാപാരമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."