യൂത്ത് ലീഗ് ജില്ലാ സമ്മേളനം ഇന്നു മുതല്‍ കല്‍പ്പറ്റയില്‍ സമ്മേളനത്തില്‍ 1000 യുവതി യുവാക്കള്‍ പങ്കെടുക്കും
കല്‍പ്പറ്റ: യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനം ഇന്ന് മുതല്‍ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'രാജ്യാഭിമാനം കാക്കുക, ആത്മാഭിമാനം ഉയര്‍ത്തുക' എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. വൈകിട്ട് നാലിന് ഓഡിറ്റോറിയത്തില്‍ സജമാക്കിയ പി.എം ഹനീഫ് നഗറില്‍ പതാക ഉയര്‍ത്തുന്നതോടെയാണ് സമ്മേളനം ആരംഭിക്കുക.
തുടര്‍ന്ന് നടക്കുന്ന സ്മൃതി സദസ് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ആദ്യകാല നേതാക്കള്‍ യുവതലമുറയുമായി സദസില്‍ സംവദിക്കും. നാളെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ നടക്കുന്ന സമ്മേളനത്തില്‍ ശാഖാതലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 1000 യുവതി യുവാക്കള്‍ പങ്കെടുക്കും. പരിപാടിയില്‍ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ്, എം.എല്‍.എമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ മുനീര്‍, കെ.എം ഷാജി, ടി.എ അഹമ്മദ് കബീര്‍, സി. മമ്മൂട്ടി എന്നിവരും പി.എം സാദ്ദിഖലി, സി.കെ സുബൈര്‍, പി.പി.എ കരീം, കെ.കെ അഹമ്മദ് ഹാജി, എം.എ മുഹമ്മദ് ജമാല്‍, കെ.എ മുജീബ്, എം.പി നവാസ്, അഡ്വ. പി. കുല്‍സു, അഡ്വ. ഫാത്തിമ തഹ്‌ലീയ പങ്കെടുക്കും.
വിവിധ സെഷനുകളില്‍ 'ഫാസിസം, ന്യൂനപക്ഷം' എന്ന വിജയത്തില്‍ ടി.എ അഹമദ് കബീര്‍ എം.എല്‍.എ, 'സ്ത്രീപക്ഷ രാഷ്ട്രീയം' എന്ന വിഷയത്തില്‍ അഡ്വ. ഫാത്തിമ തഹ്‌ലീയ, 'ബഹുസ്വരത' എന്ന വിഷയത്തില്‍ പി.എം സാദ്ദിഖലി എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ഐ.എസ്, എന്‍.ഡി.എഫ് അടക്കമുള്ള മത തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കാന്‍ യുവാക്കളെ പ്രാപ്തരാക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. മതേതര ചിന്തകള്‍ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാരിനെതിരായി യുവാക്കളെ ബോധവല്‍ക്കരിക്കുകയും സമ്മേളന ലക്ഷ്യമാണ്.
വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണവും നടത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ജില്ലാ പ്രസിഡന്റ് യഹ്‌യാഖാന്‍ തലക്കല്‍, ജനറല്‍ സെക്രട്ടറി പി. ഇസ്മായില്‍ കമ്പളക്കാട്, അബ്ദുല്‍ ഗഫൂര്‍ കാട്ടി, പി.കെ അമീന്‍, കെ.എം ഷബീര്‍ അഹമ്മദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."