ഇത് സഞ്ജു ബ്രാന്റ് ഓഫ് ക്രിക്കറ്റ്..!
സഞ്ജു അങ്ങനെയാണ്, ബിസിസിഐ എങ്ങനെ പുറത്താക്കാം എന്ന് ആലോചിക്കുമ്പോള്‍ അദ്ദേഹം അതിനെ പ്രതിരോധിക്കുന്നത് മാച്ച് വിന്നിംഗ് ഇന്നിംഗ്‌സുകളിലൂടെയാണ്. നാമത് പലതവണ കണ്ടതാണ്. ഇന്നലെ ജയ്പൂരിലെ ഹോം ഗ്രൗണ്ടില്‍ ആദ്യ മത്സരത്തിനാണ് രാജസ്ഥാന്‍ ഇറങ്ങിയത്.രാഹുലിന്റെ ലക്‌നൗ ആയിരുന്നു എതിരാളികള്‍. ടോസ് നേടിയ സഞ്ജു ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിന്റെ സമ്മര്‍ദ്ദമില്ലാതെ സ്‌കോര്‍ബോര്‍ഡില്‍ നല്ലൊരു ടോട്ടല്‍ കെട്ടിപ്പടുക്കാം എന്ന് തന്നെയാവും അദ്ദേഹം കരുതിയത്. ബാറ്റിംഗ് തുടങ്ങി, ജയ്‌സ്വാള്‍ ഒരറ്റത്ത് അക്രമം അഴിച്ചുവിട്ടു. ബട്ട്‌ലര്‍ നേരത്തെ മടങ്ങി, സഞ്ജു ക്രീസില്‍ എത്തി. ജയ്‌സ്വാള്‍ ഇടക്ക് വീണപ്പോള്‍ റയാന്‍ പരാഗിനെ കൂട്ടുപിടിച്ച് തന്റെ തനത് 'സഞ്ജു ബ്രാന്‍ഡ് ഓഫ് ക്രിക്കറ്റ്' ശൈലിയില്‍ ക്യാപ്റ്റന്‍ അടി തുടങ്ങി. രാഹുല്‍, ബോളേഴ്‌സിനെ മാറിമാറി പരീക്ഷിക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. എന്നാല്‍ സഞ്ജു ഇതിലൊന്നും ആശങ്കപ്പെട്ടില്ല, തനിക്ക് നേരെ വരുന്ന പന്തുകളെ മാത്രമാണ് അദ്ദേഹം കണ്ടത്, ബോളേഴ്‌സിനെ ശ്രദ്ധിച്ചതേയില്ല.
രാഹുല്‍ തന്റെ സെന്‍സേഷന്‍ ബോളറായ രവി ബിഷ്‌ണോയിയെ പന്ത് ഏല്‍പ്പിക്കുന്നു, അടുത്തകാലത്ത് രാജ്യാന്തര ട്വന്റി20യില്‍ മികച്ച ബൗളറായി താരപരിവേഷം ലഭിച്ച ആളാണ് ബിഷ്‌ണോയി. അദ്ദേഹത്തിന്റെ ഗൂഗ്ലിക്കും ലെഗ് ബ്രേക്കിനും നന്നായി മൂര്‍ച്ചയുമുണ്ട്. ജന്മംകൊണ്ട് രാജസ്ഥാനിയായ ബിഷ്‌ണോയിക്കും സഞ്ജു ബിസിസിഐയില്‍ നിന്ന് നേരിട്ടതിന് സമാനമായ അവഗണന മുന്‍പ് ഫേസ് നേരിടേണ്ടതായി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് രാജസ്ഥാനെതിരെ കളിക്കുന്നതാണ് തനിക്കേറ്റവുമിഷ്ടമെന്ന് ബിഷ്‌ണോയി മുമ്പൊരിക്കല്‍ പറഞ്ഞത്.ബിഷ്‌ണോയി തന്നെ ഏറ്റവും കോണ്‍ഫിഡന്റായ ഡെലിവറി, ലെഗ്‌ബ്രേക്ക് സഞ്ജുവിനെതിരെ തൊടുത്തുവിട്ടു. പന്ത് ചെറുതായി സ്വിങ് ചെയ്യുന്നുമുണ്ടായിരുന്നു. എന്നാല്‍ അത് പോയി പതിച്ചത് ലോങ്ഓണില്‍ സൈറ്റ് സ്‌ക്രീനിന് അരികിലാണ്. അമ്പയര്‍ ഇരുകൈകളും മുകളിലേക്കുയര്‍ത്തി. ബിഷ്‌ണോയ് നിരാശപ്പെട്ടെങ്കിലും അദ്ദേഹം ലെഗ്‌ബ്രേക്ക് തന്നെ പരീക്ഷിച്ചു. സഞ്ജു ബോളുകള്‍ കൃത്യമായി മിഡില്‍ ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് അദ്ദേഹം ഗൂഗ്ലിയിലേക്ക് മാറി. സഞ്ജുവിന് മാറ്റമുണ്ടായിരുന്നില്ല. മിഡ് വിക്കറ്റില്‍ ഫീല്‍ഡറുടെ തലയ്ക്ക് മുകളിലൂടെ പന്ത് ഗ്യാലറി തൊട്ടു. അങ്ങനെ എണ്ണംപറഞ്ഞ 6 സിക്‌സറുകള്‍ തലങ്ങും വിലങ്ങും സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലെ കാണികളിലേക്ക് ഇടതടവില്ലാതെ എത്തിക്കൊണ്ടേയിരുന്നു. രാജസ്ഥാന്റെ ഇന്നിംഗ്‌സ് 193 ല്‍ അവസാനിക്കുമ്പോള്‍ സഞ്ജുവിന് 52 പന്തില്‍ 82 റണ്‍സ് ഉണ്ടായിരുന്നു. അതിനിടയില്‍ തുടര്‍ച്ചയായി അഞ്ചു സീസണുകളില്‍ ആദ്യ മാച്ചില്‍ അര്‍ദ്ധസെഞ്ചുറി എന്ന റെക്കോര്‍ഡ് നേട്ടം അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചു. വളരെ ബ്രൂട്ടലായാണ് അദ്ദേഹം ഇന്നലെ ലക്‌നൗ ബോളേഴ്‌സിനെ കൈകാര്യം ചെയ്തത്.
ലഫ്റ്റ് ആം സീമറെ നേരിടുന്നതില്‍ പൊതുവേ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ദുര്‍ബലരാണ്. ബോള്‍ട്ടും ആമിറും ഒക്കെ ടീം ഇന്ത്യയുടെ മുന്‍നിരയെ വിറപ്പിക്കുന്നത് ഈ ഒരുദൗര്‍ബല്യം മുതലെടുത്ത് കൊണ്ടാണ്. അവിടെയാണ് ഇന്നലെ മുഹസിന്‍ എന്ന ലെഫ്റ്റ് ആമര്‍ എറിഞ്ഞ മാരകമായൊരു കട്ടര്‍ സഞ്ജു ലോങ്ങ് ഓഫിലൂടെ സിക്‌സര്‍ പായിച്ചത്.
ടൂര്‍ണമെന്റ് ആരംഭിക്കുന്നതേയുള്ളൂ, സഞ്ജു മികച്ച ഫോമിലുമാണ്. ടി20 ലോകകപ്പും വരാനിരിക്കുന്നു. ടീം സെലക്ഷനില്‍ ഐപിഎല്‍ പ്രകടനങ്ങള്‍ നിര്‍ണായകമാകുമെന്നുതന്നെ കരുതാം. എന്നാല്‍ സഞ്ജുവിന്റെ കാര്യത്തില്‍ പൊതുവേ ഇത് ബാധകമാവാറില്ല. ട്വന്റി 20 ലോകകപ്പ് അടുക്കുമ്പോള്‍ അദ്ദേഹത്തിന് ഏകദിന വിളിവരും. ഈ കഴിഞ്ഞ വേള്‍ഡ് കപ്പ് സമയങ്ങളില്‍ ട്വന്റി20 ടീമിലേക്കുള്ള വിളി വന്നതുപോലെ. നാഷണല്‍ ടീമില്‍ അവഗണന തുടരുമ്പോഴും അദ്ദേഹം മികച്ച ക്രിക്കറ്റാണ് കളിച്ചുകൊണ്ടിരിക്കുന്നത്. തന്റെ നിലപാടാണ് അദ്ദേഹം ഉച്ചത്തില്‍ പറഞ്ഞു വെയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."