കിതച്ചോടുന്ന പര്‍വത തീവണ്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ പാര്‍ലമെന്റ് സമിതി പര്‍വത റെയില്‍ സന്ദര്‍ശിച്ചു
ഗൂഡല്ലൂര്‍: യുനെസ്‌കോയുടെ പൈതൃക പദവി ലഭിച്ച നീലഗിരി പര്‍വത തീവണ്ടി പാര്‍ലമെന്റ് സമിതി സന്ദര്‍ശിച്ചു. മുന്‍ കേന്ദ്ര മന്ത്രി മനീഷ് തിവാരിയുടെ നേതൃത്വത്തിലുള്ള 24 അംഗ എം.പി സംഘമാണ് പരിശോധന നടത്തിയത്. ഊട്ടി, കുന്നൂര്‍, ആടര്‍ലി, കേത്തി, അറുവങ്കാട് തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളിലും കാന്റീനുകളിലും സംഘം പരിശോധന നടത്തി. സേലം ഡിവിഷന്‍ റെയില്‍വേ മാനേജര്‍ ശര്‍മയും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. പര്‍വത തീവണ്ടിയുടെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സംഘം സന്ദര്‍ശനത്തിനെത്തിയത്.
എന്‍ജിന്‍ തകരാര്‍ കാരണം പാതിവഴിയില്‍ സര്‍വിസ് മുടക്കുന്നത് പതിവാണ്. ഇത് സഞ്ചാരികളെയും പ്രദേശത്തുകാരെയും ഒരുപോലെ വലക്കുന്നുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസത്തില്‍ മാത്രം പതിനഞ്ച് തവണയാണ് ട്രെയിന്‍ പണിമുടക്കിയത്. സാങ്കേതിക തകരാര്‍ കാരണം പലപ്പോഴും തീവണ്ടി സര്‍വിസ് റദ്ദാക്കുകയാണ്. കൊടുംവനത്തിനുള്ളില്‍ എന്‍ജിന്‍ തകരാര്‍ കാരണം ട്രെയിന്‍ നില്‍ക്കുന്നത് പതിവാണ്. മേട്ടുപാളയത്തില്‍ നിന്ന് ഊട്ടിയിലേക്ക് പുറപ്പെടുന്ന ട്രെയിന്‍ എന്‍ജിന്‍ തകരാര്‍ കാരണം ആടര്‍ലി, റണ്ണിമേട്, കുന്നൂര്‍ ലെവല്‍ക്രോസ് തുടങ്ങിയ സ്ഥലങ്ങളില്‍ കേടാവുന്നത് പതിവ് കാഴ്ചയാണിവിടെ. എന്‍ജിനുകളില്‍ വെള്ളം കയറാതെയും ഫര്‍ണസ് ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ചും ബ്രേക്ക് നിലച്ചുമാണ് കരിവണ്ടി നിന്നു പോകുന്നത്. പര്‍വത തീവണ്ടി നിലനിര്‍ത്തുന്നതിലൂടെ വര്‍ഷം അഞ്ചുകോടി രൂപ നഷ്ടമാണെന്ന് കാണിച്ച് സര്‍വിസ് നിര്‍ത്തിവയ്ക്കാന്‍ റെയില്‍വേ തീരുമാനിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ കടുത്ത എതിര്‍പ്പ് കാരണം തീരുമാനത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു.
1899 ജൂണ്‍ 15നാണ് മേട്ടുപാളയം-കുന്നൂര്‍ പാതയില്‍ പര്‍വത തീവണ്ടി സര്‍വിസ് ആരംഭിച്ചത്. 1908 സെപ്തംബര്‍ 16ന് കുന്നൂര്‍ മുതല്‍ ഫോണ്‍ഹില്‍ വരെയും ഒക്‌ടോബര്‍ 15ന് ഊട്ടിവരെയും ഓടിത്തുടങ്ങി. മേട്ടുപാളയം മുതല്‍ ഊട്ടി വരെയുള്ള 46 കിലോമീറ്റര്‍ പാതയില്‍ 16 തുരങ്കങ്ങളും 200 കൊടും വളവുകളും 250 പാലങ്ങളുമുണ്ട്. സമാനമായ പാത സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആല്‍പ്‌സ് പര്‍വത നിരയിലേക്കുള്ള റെയില്‍പാത മാത്രമാണ്. പഴയ റാക് ആന്‍ഡ് പിനിയണ്‍ സാങ്കേതിക വിദ്യയിലാണ് തീവണ്ടി ഓടുന്നത്.
നീരാവി എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന തീവണ്ടി വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇതിനകം തന്നെ സെപ്തംബര്‍ 27 വരെയുള്ള ട്രയിന്‍ ടിക്കറ്റുകളുടെ ബുക്കിങ് പൂര്‍ത്തിയായിട്ടുമുണ്ട്. പ്രതിവര്‍ഷം 25 ലക്ഷം വിനോദസഞ്ചാരികളാണ് നീലഗിരിയിലെത്തുന്നത്. അവധിക്കാലങ്ങളില്‍ പര്‍വത തീവണ്ടി യാത്രക്കായി മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സഞ്ചാരികള്‍ ബുക്ക് ചെയ്യാറുണ്ട്. പുകതുപ്പിയും വെള്ളംകുടിച്ചും കിതച്ചോടുന്ന വണ്ടി തമിഴ്‌നാട്ടിലെ സേലം റെയില്‍വേ ഡിവിഷനു കീഴിലാണിപ്പോള്‍. ആദ്യം പാലക്കാട് ഡിവിഷന് കീഴിലായിരുന്നു. ഏതായാലും ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തീവണ്ടി സവാരി നിലനിര്‍ത്തണമെന്നാണ് സഞ്ചാരികളുടെയും യാത്രക്കാരുടെയും ആവശ്യം.ഇതുകൊണ്ട് തന്നെ പാര്‍ലമെന്റ് സമിതിയുടെ സന്ദര്‍ശനത്തില്‍ പര്‍വത തീവണ്ടിയെ സ്‌നേഹിക്കുന്നവര്‍ പ്രതീക്ഷയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."