ചരിത്രവധക്കാര്‍ രാജ്യത്തോട് ചെയ്യുന്നത്
ഡോ. ജയഫറലി ആലിച്ചെത്ത്
ചരിത്രവും മതവിശ്വാസവും പരസരപൂരിതമായ സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍ ചരിത്രത്തെ ചരിത്രമായും വിശ്വാസസംഹിതകളെ വിശ്വാസങ്ങളായും മനസിലാക്കേണ്ടതുണ്ട്. ചരിത്രം മനസിലാക്കിയെടുക്കാന്‍ വെമ്പുന്ന മനസുകളില്‍ മതത്തിന്റെ അടരുകളാല്‍ തീര്‍ക്കുന്ന വിഭജനം ഒരു പുരോഗമനാത്മക മതേതര സാമൂഹികതയ്ക്ക് ഗുണകരമാവില്ല. വിശ്വാസങ്ങളെ നിറങ്ങളോടുപമിക്കാനും നിറങ്ങള്‍ക്കനുസരിച്ച് ചരിത്ര രൂപീകരണം നടത്തുന്ന പരിശ്രമങ്ങള്‍ നിഗൂഢ ലക്ഷ്യങ്ങള്‍വച്ചാണെന്നത് നിഷേധിക്കാനാവില്ല. ഒരു നാടിന്റെ പൈതൃകത്തെയും പാരമ്പര്യങ്ങളെയും വക്രീകരിച്ച് താല്‍ക്കാലിക മുതലെടുപ്പിന് വിളനിലമൊരുക്കുന്നവര്‍ നടത്തുന്നത് ചരിത്ര മാനഭംഗമാണെന്നതില്‍ സംശയമില്ല. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് വാര്‍ത്തെടുക്കുന്ന കൃത്രിമ ചരിത്ര മാതൃകകള്‍ വികൃതമാക്കുന്നത് ഒരു ജനതയുടെ അസ്ഥിത്വത്തെയാണ്.
1921 ലെ മലബാര്‍ പോരാട്ടങ്ങളുടെ നൂറാം വാര്‍ഷികാചരണങ്ങളുടെ കാലത്ത് തന്നെ തീവ്രവലതുപക്ഷ ഹിന്ദുത്വ വാമൊഴികളെ ചരിത്രമാക്കിയവരോധിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ചരിത്രത്തെ വിശ്വാസത്തോടുപമിച്ച്, വിശ്വാസത്തിന്റെ വേര്‍തിരിവുകളില്‍ ചരിത്രത്തെ പ്രതിഷ്ഠിച്ചു നേട്ടം കൊയ്‌തെടുക്കാനുള്ള വഞ്ചനാപരമായ സമീപനമെന്ന് പറയാം. കൊളോണിയല്‍ ചൂഷണങ്ങളോട് ക്രിയാത്മകമായ നിലപാടെടുത്ത് പോരാട്ടഭൂമികയില്‍ നിലകൊണ്ട ധീരദേശാഭിമാനികളെ, അവരുടെ വിശ്വാസത്തിന്റെ പേരില്‍ ചരിത്രത്താളുകളില്‍ നിന്ന് മായ്ച്ചുകളയാനുള്ള ഫാസിസ്റ്റ് കുതന്ത്രങ്ങളുടെ തുടര്‍ച്ചയാണെന്ന് പറയാം. ഒരു ഭാഗത്ത് ഇത്തരം ചരിത്ര നിയോഗങ്ങളെ വകഞ്ഞ് മാറ്റി, ചരിത്ര വഞ്ചകരെ തിരുകിക്കയറ്റി തങ്ങളുടെ രാഷ്ട്രീയ ഇംഗിതത്തിന് ഉതകുംവിധം പുതിയൊരു ചരിത്ര നിര്‍മിതിക്ക് കോപ്പു കൂട്ടുന്നു. അതോടൊപ്പം, നിലനില്‍ക്കുന്ന ചരിത്ര യാഥാര്‍ഥ്യങ്ങളെ അപഹാസ്യപ്പെടുത്തുന്ന രീതിയില്‍ വസ്തുതാവിരുദ്ധമായ ഒരു ചരിത്രം കെട്ടിപ്പൊക്കുകയുമാണ് നവ ഭാരത ഫാസിസ്റ്റ് ശക്തികള്‍. രണ്ടായാലും രാജ്യത്തിന്റെ സ്വാതന്ത്ര്യഭൂമികയിലെ ഒറ്റുകാരെന്ന മാനക്കേടിനെ കഴുകിക്കളയാമെന്ന വ്യാമോഹമെന്ന് മനസിലാക്കാം. തുവ്വൂര്‍ കിണറും വാരിയന്‍കുന്നനെന്ന ഹിന്ദു വിധ്വംസകനുമൊക്കെ രൂപപ്പെടുത്തുന്നതില്‍ പ്രത്യയശാസ്ത്രപരമായ ഈ സാധ്യത നന്നായി ഉപയോഗപ്പെടുത്തുന്നുന്നുണ്ടെന്ന് വര്‍ത്തമാന സംഭവ വികാസങ്ങള്‍ ബോധ്യപ്പെടുത്തി തരുന്നുണ്ട്.
രാജ്യത്ത് അപകടകരമായ രീതിയില്‍ രൂപംപ്രാപിക്കുന്ന ന്യൂനപക്ഷവിരുദ്ധ മനോഭാവത്തിന്റെ കേരളീയ പതിപ്പുകളില്‍ അവസാനത്തേതാണ് ഈ ചരിത്രധ്വംസനം. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും നിലകൊള്ളേണ്ട ഭരണകൂടം, വര്‍ഗീയ വേര്‍തിരിവിലൂടെ, മതാന്ധത വളര്‍ത്തി രാഷ്ട്രീയലാഭം കൊയ്യുന്നു. തങ്ങളുടെ, നിലനില്‍പ്പിനും ജീവിക്കാനുള്ള അവകാശത്തിനും രാജ്യാഭിമാനത്തിനും മേലുള്ള കൊളോണിയല്‍ കടന്നുകയറ്റങ്ങളെ ക്രിയാത്മകമായി നേരിട്ട്, നൂറ്റാണ്ടുകളിലൂടെ പോരാട്ട ഭൂമികയില്‍ നിലയുറപ്പിച്ച ഒരു ജനതയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന ചരിത്രനിഷേധമാണ് നടക്കുന്നതെന്ന് പറയാതിരിക്കാനാവില്ല.
തങ്ങളുടെ അധിനിവേശ താല്‍പര്യങ്ങള്‍ക്ക് വിഘാതം സൃഷ്ടിച്ചിരുന്ന മലബാറിലെ മാപ്പിള സമുദായത്തോട് സാമ്രാജത്യശക്തികള്‍ നടപ്പിലാക്കിയ നിഷേധ നിലപാട് തന്നെയാണ് അഭിനവ അല്‍മേഡമാര്‍ എടുക്കുന്നത്. 1921 മലബാര്‍ സമരങ്ങളെ ലഹള (ൃശീെേ), പൊട്ടിത്തെറി (ീൗ േയൃലമസ)െ, കുഴപ്പങ്ങള്‍ (റശേൌൃയമിരല)െ, സാഹചര്യങ്ങള്‍ (ശൌേമശേീി)െ എന്നിങ്ങനെ സ്ഥിരതയില്ലാത്ത വിശേഷണങ്ങള്‍ നല്‍കി ആശയാടിത്തറ നഷ്ടപ്പെടുത്തിയ കൊളോണിയല്‍ ചരിത്ര വഞ്ചനതന്നെയാണ് ഐ.സി.എച്ച്.ആറിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ തിരുകിക്കയറ്റിയ വര്‍ഗീയ ഏജന്റുമാര്‍ നടത്തുന്നത്. മലബാര്‍ പോരാട്ടങ്ങളില്‍ ജീവത്യാഗം നടത്തിയ ധീരദേശാഭിമാനികള്‍ നേരിട്ട പീഡനങ്ങളെ എത്ര ലാഘവത്തോടെയാണ് രാജ്യത്തെ ഒറ്റിക്കൊടുക്കാന്‍ കൂട്ടുനിന്നവരുടെ പിന്‍തലമുറക്കാര്‍ വെട്ടിത്തിരുത്തുന്നത്. രാജ്യാഭിമാനത്തിന് മാനവും ജീവനും സമര്‍പ്പിച്ചവരെ മതകീയ വേര്‍തിരിവ് നടത്തി ചരിത്രത്താളുകളില്‍നിന്ന് വെട്ടിമാറ്റുന്നു എന്ന് മാത്രമല്ല, അവരുടെ ദേശഭക്തിയെ ചോദ്യം ചെയ്യുന്ന തരത്തില്‍ വംശീയ ഉന്മൂലകരായി പ്രതിഷ്ഠിക്കാനുള്ള വെമ്പലിലുമാണ്. സാമ്രാജത്യവിരുദ്ധ പോരാട്ടങ്ങളില്‍ നേതൃത്വപരമായ ഭാഗധേയം തീര്‍ത്ത ഒരു സമുദായത്തെ മതഭ്രാന്തരും ഹിന്ദു ഉന്മൂലകരുമാക്കി വക്രീകരിച്ച കൊളോണിയല്‍ ആഖ്യാനങ്ങളുടെ നവ പതിപ്പാണ് മോദികാലത്തെ സ്തുതിപാഠകരായ ചരിത്രവധക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രാഭിമാനം സംരക്ഷിക്കാന്‍ നടത്തിയ ചെറുത്തുനില്‍പ്പുകള്‍ മതാടിസ്ഥാനത്തില്‍ വര്‍ഗീകരിച്ച്, ദേശീയതയുടെ പരിസരങ്ങളില്‍ നിന്ന് ദേശവിരുദ്ധ മാനം നല്‍കുന്ന തിരക്കിലാണ് രാജ്യത്തിന്റെ ചരിത്ര മഹിമ കണ്ടെത്തി പരിപാലിക്കേണ്ട ചരിത്ര ഗവേഷണ കൗണ്‍സില്‍ പോലും. കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലം ദര്‍ശിക്കാത്ത ചരിത്ര അന്യായം നടത്തുകയാണ് ചരിത്ര കൗണ്‍സിലുകളില്‍ കയറിപ്പറ്റിയ സംഘ്പരിവാര ഏജന്റുമാര്‍. മാപ്പിള പോരാട്ട ചരിത്രത്തിന്റെ ബദല്‍ നിര്‍മിച്ചെടുക്കാന്‍ ദേശീയ ചരിത്രത്തെ കമ്യൂണല്‍ ചരിത്രമാക്കി പരിവര്‍ത്തിച്ചെടുക്കുക എന്ന കുടിലതന്ത്രമാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പരീക്ഷിക്കുന്നത്.
മലബാര്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷി അനുസ്മരണങ്ങള്‍ക്ക് സമമൊപ്പിച്ച് മാപ്പിള കലാപ രക്തസാക്ഷി അനുസ്മരണ വര്‍ഷാചരണങ്ങള്‍ സംഘടിപ്പിക്കുന്ന തീവ്രഹിന്ദുത്വ ശക്തികളുടെ വാദങ്ങള്‍ക്ക് ചരിത്ര സാധുത നല്‍കുന്ന പക്ഷപാത സമീപനമാണ് ഇത്തരം ഔദ്യോഗിക കൗണ്‍സിലുകള്‍ക്കുള്ളതെന്നത് ഖേദമുളവാക്കുന്നു. കോഴിക്കോടുവച്ച് നടന്ന അനുസ്മരണ വര്‍ഷാചരണ ഉദ്ഘാടനത്തില്‍ ആര്‍.എസ്.എസ് നേതാവ് രാം മാധവ് മാപ്പിള പോരാട്ടങ്ങളെ രാജ്യത്തെ താലിബാനിസത്തിന്റെ ആദ്യ സൂചനയെന്നാണ് വിശേഷിപ്പിച്ചത്. ഇതിനൊപ്പിച്ച് 1921 ലെ പോരാട്ടം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്ന വിചിത്ര വാദമാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റാറ്റോറിക്കല്‍ റിസര്‍ച്ച് നിയമിച്ച മൂന്നംഗ സമിതി ഉയര്‍ത്തിയത്.
പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ കടലോര വ്യാപാരത്തിലെ യൂറോപ്യന്‍ കടന്നുകയറ്റങ്ങളെ പ്രതിരോധിച്ച്, നാട്ടുരാജാക്കന്മാരുടെ മുഖ്യസംരക്ഷകരായി വര്‍ത്തിച്ച ഒരു സമുദായത്തിന്റെ ദേശസംരക്ഷണ പ്രയത്‌നങ്ങളെ മതപരിവര്‍ത്തനം ലക്ഷ്യംവച്ചുള്ള മതമൗലിക പ്രസ്ഥാനമാണെന്നവഹേളിക്കുന്നത് തീവ്രവലതു മതവര്‍ഗീയ സംഘടനയുടെ നേതാക്കളല്ല!, രാജ്യത്തിന്റെ ഔദ്യോഗിക സംവിധാനങ്ങളുടെ ഉത്തരവാദിത്വപ്പെട്ട സമിതിയാണെന്നത് എത്ര ഭയാനകം. സമര മുഖത്തുയര്‍ത്തിയ വിശ്വാസമുദ്രാവാക്യങ്ങള്‍ പോലും സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത് മതരാജ്യം സൃഷ്ടിച്ചെടുക്കാനുള്ള പരിശ്രമമായി ആധികാരിക രേഖകളില്‍ എഴുതിച്ചേര്‍ക്കുമ്പോള്‍, ഫാസിസം ഇന്ത്യയുടെ ആത്മാഭിമാനത്തെ ഏതുവിധേനയാണ് തകര്‍ക്കുന്നെതെന്ന് ഊഹിക്കാം.
നിര്‍ണിത ചരിത്ര രേഖകളില്‍ കൃത്രിമം നടത്തുന്നതിലൂടെ രാജ്യത്തിന്റെ യഥാര്‍ഥ ഭാഗധേയം തിരുത്താനും അതിലൂടെ ഹിന്ദുത്വരാഷ്ട്രവാദത്തിന് വേരോട്ടമുണ്ടാക്കി രാഷ്ട്രീയാസ്ഥിരത കൈവരിക്കാനുമുള്ള പരിശ്രമമാണിതല്ലാമെന്ന് വ്യക്തമാണ്. ആലി മുസ്‌ലിയാരും വരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കം 387 സ്വാതന്ത്ര്യ സമര രക്തസാക്ഷികളെ രാജ്യ വിരുദ്ധ പട്ടം ചാര്‍ത്തി വെട്ടിമാറ്റുമ്പോള്‍ തന്നെ ഐ.സി.എച്ച്.ആറിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചുള്ള 'ആസാദികാ അമൃത് മഹോത്സവ്' പോസ്റ്റില്‍ നെഹ്‌റുവിനെപ്പോലുള്ള ദേശീയ നേതാക്കള്‍ക്കിടമില്ലാത്ത വിധം വെട്ടിമാറ്റപ്പെടുന്നു എന്നത് യാദൃച്ഛികമോ ശ്രദ്ധക്കുറവോ അല്ല. നെഹ്‌റുവും ആസാദുമൊക്കെ അരികുവല്‍ക്കരിക്കപ്പെടുന്നിടത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആചാര്യനും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരഭൂമികയില്‍ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചയാളുമായ വി.ഡി സവര്‍ക്കറെ തിരുകിക്കയറ്റിയിരിക്കുന്നു എന്നത് വരാനിരിക്കുന്ന വലിയ വിപത്തിന്റെ സൂചനയാണ്.
കേരള നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് ഉയര്‍ത്തിയ ചോദ്യം പോലെ 'നമ്മള്‍ വന്ന വഴികളെക്കുറിച്ച് നുണകള്‍ പറഞ്ഞ് സ്ഥാപിക്കുന്ന സാഹചര്യം എങ്ങനെ നമുക്ക് നീതീകരിക്കാനാകും'. നിരന്തരം ഇത്തരം അന്യായങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ നിശബ്ദമാകുന്നതില്‍പ്പരം വലിയ അപരാധമെന്തുണ്ട്. മതേതര പശ്ചാത്തലത്തില്‍ പൊരുതിയും ത്യജിച്ചും പൂര്‍വികള്‍ പകര്‍ന്നുനല്‍കിയ രാജ്യസ്വാതന്ത്ര്യം ഫാസിസ്റ്റ് പ്രചാരകരിലേക്ക് കൈമാറ്റം ചെയ്തതിന്റെ ദൗര്‍ഭാഗ്യമാണിതെല്ലാം. സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ പാരമ്പര്യം പോലും മാനിക്കാന്‍ കൂട്ടാക്കാത്ത അസഹിഷ്ണുത വരുത്തിവയ്ക്കാവുന്ന അപകടങ്ങള്‍ തിരിച്ചറിയാനാവുന്നില്ല എന്നത് ഒരു ജനാധിപത്യ, മതേതര സമൂഹത്തിനെ ബാധിച്ചിരിക്കുന്ന നിസ്സംഗതയുടെ ആഴം വെളിവാക്കുന്നു. കേവലം ഒരു സമുദായത്തെ രാഷ്ട്രീയവിരുദ്ധതയിലേക്ക് ചേര്‍ത്തുവച്ച് നടത്തുന്ന കുത്സിത ശ്രമങ്ങളുടെ അപകടം ബോധ്യപ്പെടാത്തതല്ല, ബോധ്യമുണ്ടായിട്ടും നിഷ്‌ക്രിയത്വം നടിക്കുന്ന സമകാലീന ഇന്ത്യന്‍ മൗനം ഏതൊരു ജനാധിപത്യവാദിയേയും ഭയപ്പെടുത്തുന്നതാണ്. ജാലിയന്‍ വാലാബാഗ് പോലെ സ്വാതന്ത്ര്യ സമര ഏടുകളിലെ നീറുന്ന അധ്യായമായ വാഗണ്‍ കൂട്ടക്കുരുതിയില്‍ പൊലിഞ്ഞുപോയ ഭാരത മക്കളെ മതാശയ വിയോജിപ്പിനാല്‍ പുറംതള്ളാനുള്ള സംഘ് ചരിത പരിശ്രമങ്ങള്‍ തങ്ങള്‍ക്കനുകൂലമായ ഒരു കപടദേശീയ പാരമ്പര്യം നിര്‍മിച്ചെടുക്കാനുള്ള പദ്ധതിയുടെ പ്രകടമായ ഉദാഹരണമാണ്.
ഗാന്ധിജിയെ കൊന്നവര്‍, നെഹ്‌റുവിനെ ചരിത്രവധം ചെയ്യുന്നവര്‍ക്ക് രാജ്യത്തിന്റെ തെക്കേ മൂലയില്‍ നൂറ്റാണ്ടിന് മുമ്പ് നടന്ന പോരാട്ടങ്ങളില്‍ ധീര രക്തസാക്ഷികളായ മാപ്പിള പോരാളികള്‍ അരോചകമാകുന്നതിലെ യുക്തി ബോധ്യപ്പെടും. രാജ്യാഭിമാനത്തേക്കാള്‍ രാഷ്ട്രീയ മുതലെടുപ്പിന് മുന്‍ കാലങ്ങളില്‍ തങ്ങളുടെ താത്വികാചാര്യന്മാര്‍ ഈ രാജ്യത്തോടു ചെയ്തു കൂട്ടിയ വഞ്ചനയില്‍ നിന്നുള്ള രക്ഷതേടലാണിത്. പക്ഷേ പരമ്പര്യ മൂല്യവും ഭൂതകാല മഹിമയും ചരിത്രബോധ്യവുമുള്ള ഒരു വിഭാഗം ഇതിനെ ചെറുക്കാനുണ്ടെന്നത് പ്രതീക്ഷാനിര്‍ഭരമാണ്.
ഒരുപക്ഷേ നൂറ്റാണ്ടിലേക്ക് എത്താറായിട്ടും ഹിന്ദുത്വരാഷ്ട്രമെന്ന സ്വപ്നം സമ്പൂര്‍ണമാക്കാന്‍ സംഘ്പരിവാറിന് സാധിക്കാതിരിക്കുന്നതും ഈ മണ്ണിന്റെ സ്വാതന്ത്ര്യ പോരാട്ടങ്ങളില്‍ മൃതിയടഞ്ഞ പോരാളികളുടെ ത്യാഗങ്ങളും ഗാന്ധിയും നെഹ്‌റുവും ആസാദും അംബേദ്ക്കറുമെല്ലാം രൂപപ്പെടുത്തിയ മതേതര, ജനാധിപത്യ മൂല്യങ്ങളുമാണെന്നതില്‍ അഭിമാനിക്കാം. എങ്കിലും മതേതര മൂല്യങ്ങളെ അസഹിഷ്ണുതയോടെ സമീപിക്കുന്ന ഹിന്ദുത്വശക്തികളുടെ ഇടപെടലുകള്‍ എത്രകണ്ട് പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങള്‍ക്കാവും എന്നതിനെ ആശ്രയിച്ചായിരിക്കും രാജ്യത്തിന്റെ ഭാവി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."