HOME
DETAILS
MAL
മോന്‍സണ്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
backup
September 29 2021 | 03:09 AM
സ്വന്തം ലേഖകന്‍
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെ എറണാകുളം എ.സി.ജെ.എം കോടതി മൂന്നു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.
അഞ്ചു ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പ്രതി കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് മൂന്നു ദിവസത്തിനു ശേഷം ഹാജരാക്കാന്‍ ആവശ്യപ്പെട്ട് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്.
ഇന്നലെ രാവിലെ മോന്‍സണിന് രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തുടര്‍ന്ന് കൊവിഡ് പരിശോധനയും പൂര്‍ത്തിയാക്കിയതിനു ശേഷമാണ് വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കിയത്. അതിനിടെ രണ്ടാമത്തെ കേസിലും ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി.
പുരാവസ്തു കച്ചവടത്തിന്റെ മറവില്‍ മോന്‍സണ്‍ മാവുങ്കല്‍ കൂടുതല്‍പേരെ കബളിപ്പിച്ചതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.
എറണാകുളത്തെ ഒരു കൊട്ടാരം വില്‍ക്കാനുണ്ടെന്ന് ധരിപ്പിച്ച് ഡോക്ടറില്‍ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തതും ഇതിലുള്‍പ്പെടും.
മോന്‍ന്‍സന്റെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകള്‍ ഉടന്‍ പരിശോധിക്കും. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ മോന്‍സണന് വേണ്ടി ഇടപെട്ടെന്ന പരാതിയില്‍ കഴമ്പുണ്ടോയെന്ന് പ്രത്യേകം പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
മോണ്‍സന്റെ വീട്ടിലെ പുരാവസ്തുശേഖരത്തെ കുറിച്ചും ക്രൈംബ്രാഞ്ച് വിശദ അന്വേഷണത്തിന് ഒരുങ്ങുകയാണ്.
പലതും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചിലതെല്ലാം സിനിമയ്ക്കും സീരിയലുകള്‍ക്കും വേണ്ടി വാടകയ്ക്ക് നല്‍കിയിരുന്നു. മോന്‍സണ്‍ മാവുങ്കലിന് പണം കൈമാറിയതിന് കെ.സുധാകരനും മുന്‍ ഡി.ഐ.ജി എസ്.സുരേന്ദ്രനും സാക്ഷികളെന്ന് പരാതിക്കാര്‍ പറഞ്ഞതും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
അതിനിടെ മോന്‍സണ്‍ മാവുങ്കലിന് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ ആലപ്പുഴ പൊലിസിനും എറണാകുളം സിറ്റി പൊലിസിനും സംസ്ഥാന പൊലിസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ രേഖാമൂലം നിര്‍ദേശം നല്‍കിയിരുന്നെന്ന വിവരവും ഇന്നലെ പുറത്തുവന്നു.
ബെഹ്‌റ മോന്‍സന്റെ വീട്ടിലെ ടിപ്പു സുല്‍ത്താന്റെ 'സിംഹാസന'ത്തില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
ക്രൈംബ്രാഞ്ച്
അന്വേഷിക്കുന്നത്
തട്ടിയെടുത്ത പണം എന്തുചെയ്തു?
ബാങ്ക് അക്കൗണ്ട് രേഖകള്‍ എവിടെ?
വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റ് എങ്ങനെ തയാറാക്കി?
ഫെമ കോടതി വിധിയുടെ വിശദാംശങ്ങള്‍?
പുരാവസ്തുക്കളും ഡയമണ്ടും കയറ്റിയയച്ചോ?
വിദ്യാഭ്യാസ യോഗ്യത, ഓണററി ഡോക്ടറേറ്റുകളുടെ നിജസ്ഥിതി?
പുരാവസ്തുക്കളുടെ കാലപ്പഴക്കം? കൂടുതല്‍ പ്രതികളുണ്ടോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."