HOME
DETAILS
MAL
അവയവദാനത്തിലൂടെ ഏഴുപേര്‍ക്ക് പുതുജീവനേകി നേവിസിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് മന്ത്രിമാര്‍
backup
September 29 2021 | 03:09 AM
കോട്ടയം: അവയവദാനത്തിലൂടെ ഏഴുപേര്‍ക്ക് പുതുജീവിതം സമ്മാനിച്ച കോട്ടയം വടവാതൂര്‍ കളത്തില്‍പ്പടി ചിറത്തിലത്ത് നേവിസിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് മന്ത്രിമാരായ വി.എന്‍ വാസവനും വീണാ ജോര്‍ജും. നേവിസിന്റെ വീട്ടിലെത്തിയാണ് മന്ത്രിമാര്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതുമൂലമുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് ഫ്രാന്‍സില്‍ പഠിക്കുകയായിരുന്ന നേവിസിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ അവയവങ്ങള്‍ ദാനംചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
അവയവങ്ങള്‍ ദാനം ചെയ്യാനുള്ള നേവിസിന്റെ മാതാപിതാക്കളുടെ തീരുമാനം മാതൃകാപരമെന്ന് മന്ത്രിമാര്‍ പറഞ്ഞു. ഏഴുപേര്‍ക്ക് പുതുജീവനേകാന്‍ കഴിഞ്ഞ മാതാപിതാക്കളുടെ തീരുമാനത്തെ സര്‍ക്കാര്‍ ആദരവോടെ കാണുന്നതായും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. നേവിസിന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനംചെയ്യാനുള്ള മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും തീരുമാനത്തോട് നന്ദിയും ആദരവും അറിയിക്കുന്നതായും അനശ്വരമായ ഓര്‍മകള്‍ അവശേഷിപ്പിച്ചാണ് നേവിസ് കടന്നുപോയതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
നേവിസിന്റെ പിതാവ് സാജന്‍ മാത്യു, മാതാവ് ഷെറിന്‍, സഹോദരങ്ങളായ എല്‍വിസ്, വിസ്മയ എന്നിവരെ മന്ത്രിമാര്‍ സര്‍ക്കാരിന്റെ ആദരവ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് നേവിസിന്റെ അവയവങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴി കുടുംബം ദാനം ചെയ്തത്. ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. അവയവം സ്വീകരിച്ചവര്‍ അതത് ആശുപത്രികളില്‍ സുഖംപ്രാപിച്ചുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."