HOME
DETAILS
MAL
കെ റെയില്‍: ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവിറങ്ങി
backup
September 29 2021 | 05:09 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബിയില്‍ നിന്ന് 2,100 കോടി രൂപ വായ്പ ലഭ്യമാക്കുന്നതിന് ഗതാഗത വകുപ്പ് ഉത്തരവിറക്കി.
ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബിയില്‍ നിന്ന് വായ്പ ലഭ്യമാക്കുന്നതിന് 22ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്കകമാണ് ഗതാഗത വകുപ്പ് ഉത്തരവിറക്കിയത്.
ഭൂമി ഏറ്റെടുക്കുന്നതിനായി റവന്യൂ വകുപ്പിന്റെ യൂനിറ്റിന് പുറമെ കേരള റെയില്‍ ഡെവലപമെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ യൂനിറ്റും ഉണ്ടായിരിക്കും. ഇതിനാവശ്യമായ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. പദ്ധതിക്കായി ഏറ്റെടുക്കേണ്ട 1,383 ഹെക്ടറില്‍ 1,198 ഹെക്ടറും സ്വകാര്യ ഭൂമിയാണ്. സ്ഥലം ഏറ്റെടുക്കാനും പുനരധിവാസത്തിനുമായി 11,837 കോടി ചെലവുവരുമെന്നും ഉത്തരവില്‍ പറയുന്നു. നിലവില്‍ കിഫ്ബിയില്‍ നിന്ന് ലഭ്യമാകുന്ന വായ്പ ഉപയോഗിച്ച് 11 ജില്ലകളില്‍ നിന്നായി 955.13 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനാണ് തീരുമാനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നാവും ഭൂമി ഏറ്റെടുക്കുക.
കെ റെയിലിനെതിരേ സമരം ശക്തമാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചതിന് പിന്നാലെയാണ് ദ്രുതഗതിയില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കെ റെയിലിനെതിരേ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യു.ഡി.എഫ് യോഗം ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അല്ലാത്തപക്ഷം പ്രതിഷേധം ശക്തമാക്കാനുമായിരുന്നു തീരുമാനം. പ്രതിപക്ഷമടക്കം പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്ന പ്രഖ്യാപനം വന്നതോടെ എത്രയുംപെട്ടെന്ന് ഉത്തരവിറക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നുവെന്നാണ് അറിയുന്നത്. ഉത്തരവില്‍ കിഫ്ബിയില്‍ നിന്ന് വാങ്ങുന്ന ലോണിന്റെ പലിശ എത്രയായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."