മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിക്ക് എത്താതെ ഡോക്ടര്‍മാര്‍; രോഗികള്‍ വലയുന്നു
മഞ്ചേരി: മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ പലരും ഡ്യൂട്ടിക്ക് ഹാജരാകുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. സീനിയര്‍ ഡോക്ടര്‍മാരാണ് ഇത്തരത്തില്‍ രോഗികളെ വലക്കുന്നതെന്നാണ് ആക്ഷേപം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അപകടങ്ങളില്‍ പരുക്കുകള്‍ സംഭവിച്ചു നിരവധി പേരാണു ദിനേന അത്യാഹിത വിഭാഗത്തിലെത്തുന്നത്. പകല്‍ സമയങ്ങളില്‍പ്പോലും മെഡിക്കല്‍ ഓഫിസര്‍മാരുടെയും പ്രൊഫസര്‍മാരുടെയും സേവനം വേണ്ടവിധം അത്യാഹിത വിഭാഗത്തില്‍ കിട്ടുന്നില്ല. രാത്രി അടിയന്തര ഘട്ടങ്ങളില്‍ പോലും വിളിച്ചാല്‍ എത്താന്‍ ഇത്തരം ഡോക്ടര്‍മാര്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
കൂടുതല്‍ പേരുടെ സേവനം ആവശ്യമുള്ള സര്‍ജറി, മെഡിസിന്‍ വിഭാഗങ്ങളിലെ ഡ്യൂട്ടിയില്‍ മെഡിക്കല്‍ ഓഫിസര്‍മാരും ഡോക്ടര്‍മാരും മിക്കപ്പോഴും ഉണ്ടാകുന്നില്ല. അടിയന്തിര ചികിത്സ ലഭിക്കേണ്ട രോഗികള്‍ പോലും മണിക്കൂറുകളോളം പരിചരണത്തിനായി കാത്തിരിക്കണം. ഇഎന്‍ടി, ഒഫ്താല്‍മോളജി, ദന്തവിഭാഗം തുടങ്ങിയവയിലെ സ്ഥിതിയും ഇപ്രകാരം തന്നെ . പ്രതിദിനം നൂറികണക്കിനാളുകള്‍ അത്യാഹിതവിഭാഗത്തില്‍ എത്തുന്നുണ്ട്. അപകടങ്ങളില്‍ പരിക്കേറ്റവരാണ് ഇതില്‍ ഭൂരിഭാഗവും. ഇവര്‍ക്കു ലഭിക്കേണ്ട സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്കു വൈകുന്നേരമായാല്‍ മെഡി.കോളജില്‍ സൗകര്യങ്ങളില്ല .
വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ഇടവിട്ടുമാത്രമാണ്. ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ സ്‌പെഷ്യാലിറ്റി വിഭാഗം ഡോക്ടര്‍മാരുടെ സേവനവും മിക്ക സമയത്തും ലഭ്യമാകുന്നില്ല. അതേസമയം ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്ക് എത്താത്തത് സംബന്ധിച്ച് കൃത്യമായി റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ടവര്‍ക്കു നല്‍കുന്നുണ്ടന്നും അതിന്റെ അടിസ്ഥാനത്തില്‍ ഇത്തരക്കാര്‍കെതിരേ നടപടി ഉണ്ടാകുമെന്നും മെഡി.കോളജ് സുപ്രണ്ട് ഡോ: നന്ദകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."