HOME
DETAILS
MAL
പി.സി.സി അധ്യക്ഷന്‍ സിദ്ദുവും രണ്ടു മന്ത്രിമാരും രാജിവച്ചു
backup
September 29 2021 | 05:09 AM
പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി
ചണ്ഡിഗഢ്: പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. പഞ്ചാബ് പി.സി.സി അധ്യക്ഷസ്ഥാനം നവജ്യോത് സിങ് സിദ്ദു രാജിവച്ചു. അതിനു പിന്നാലെ വൈകിട്ടോടെ രണ്ടു മന്ത്രിമാരും രാജിവച്ചു. പാര്‍ട്ടി അധ്യക്ഷന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മന്ത്രിമാരായ റസിയ സുല്‍ത്താനയും പര്‍ഗത് സിങും രാജിവച്ചത്. പി.സി.സി ട്രഷറര്‍ ഗുല്‍സണ്‍ ചാഹലും രാജിവച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ചരണ്‍ ജിത് സിങ് ചന്നി അടിയന്തര മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്.
പഞ്ചാബില്‍ മന്ത്രിമാരെ തീരുമാനിച്ചതിലുള്പ്പെടെയുള്ള അതൃപ്തി അറിയിച്ചാണ് പി.സി.സി അധ്യക്ഷനായി 72 ാം ദിവസം സിദ്ദുവിന്റെ രാജി.
രാജിക്കത്ത് സോണിയാ ഗാന്ധിക്ക് അയച്ചുകൊടുത്ത സിദ്ദു, കോണ്‍ഗ്രസില്‍ തുടരുമെന്നും പഞ്ചാബിന്റെ ഭാവിയില്‍ വിട്ടുവീഴ്ചക്കില്ലെന്നും വ്യക്തമാക്കി. പഞ്ചാബ് കോണ്‍ഗ്രസിലെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് കഴിഞ്ഞദിവസം രാജിവച്ചിരുന്നു. സിദ്ദു വിഭാഗത്തിന്റെ തുടര്‍ പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു രാജി. ചരണ്‍ ജിത് ചന്നിയെയായിരുന്നു ഹൈക്കമാന്‍ഡ് പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. അമരിന്ദറിന് പകരക്കാരാനാകാമെന്ന സ്വപ്നത്തിന് തിരിച്ചടിയേറ്റതാണ് സിദ്ദുവിന്റെ പ്രതിഷേധത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ തീരുമാനിച്ചപ്പോള്‍ സുഖ്ജിന്ദര്‍ സിങ് റണ്ധാവയ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കിയതിനെ സിദ്ദു എതിര്‍ത്തിരുന്നു. റാണ സുര്‍ജിത്ത്, ഭരത് ഭൂഷണ് അസു എന്നിവരെ മന്ത്രിമാരാക്കിയപ്പോള്‍ അഴിമതി ചൂണ്ടിക്കാട്ടി തടയാനും ശ്രമിച്ചു.ഡി.ജിപി, അഡ്വക്കേറ്റ് ജനറല്‍ നിയമനങ്ങളും സിദ്ദുവിനെ ചൊടിപ്പിച്ചു. ക്യാപ്റ്റന്‍ അമരിന്ദര്‍ സിങിനെ പുറത്താക്കി ചരണ്‍ ജിത് ചന്നിയെ മുഖ്യമന്ത്രിയാക്കിയതോടെ പഞ്ചാബിലെ പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് കരുതിയ കോണ്‍ഗ്രസ് നേതൃത്വത്തിന് പുതിയ പ്രതിസന്ധി തലവേദനയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."