ഗസ്സക്ക് മുകളില്‍ വീണ്ടും യുദ്ധവിമാനങ്ങള്‍, വെടിയൊച്ചകള്‍; ആക്രമണം വീണ്ടും തുടങ്ങിയതായി ഇസ്‌റാഈല്‍
ഗസ്സക്ക് മുകളില്‍ വീണ്ടും യുദ്ധവിമാനങ്ങള്‍, വെടിയൊച്ചകള്‍; ആക്രമണം വീണ്ടും തുടങ്ങിയതായി ഇസ്‌റാഈല്‍
ഗസ്സ: വെടിനിര്‍ത്തല്‍ കരാറിന്റെ സമയം അവസാനിച്ചതിന് പിന്നാലെ ഗസ്സയില്‍ വീണ്ടും വെടിയൊച്ചകള്‍ ഉയരുന്നു. നിര്‍ത്തിവെച്ച ആക്രമണം വീണ്ടും ആരംഭിച്ചതായി ഇസ്‌റാഈല്‍ സൈനികര്‍ പ്രസ്താവനയിറക്കി. ഗസ്സ മുനമ്പില്‍ നിന്ന് വെടിയൊച്ചകള്‍ കേട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഫലസ്തീന്‍ വിമോചന പോരാളികളും ഇസ്‌റാഈല്‍ സൈനികരും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടക്കുകയാണെന്ന് ഗസ്സ സിറ്റിയിലേയും വടക്കന്‍ ഗസ്സ മുനമ്പിലേയും ദൃക്‌സാക്ഷികള്‍ പറയുന്നു. നുസ്‌റേത്ത്, ബുറൈജ് എന്നീ അഭയാര്‍ഥി ക്യാംപുകള്‍ക്ക് നേരെ ഷെല്ലാക്രമണം നടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്‌റാഈലിന്റെ ഡ്രോണുകളും യുദ്ധവിമാനങ്ങളും ഗസ്സക്ക് മുകളിലുണ്ടെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Fighting resumes in Israel-Gaza war https://t.co/aYYwW3mKZB
— Al Jazeera English (@AJEnglish) December 1, 2023
ഹമാസ് വെടിനിര്‍ത്തല്‍ ലംഘിച്ചെന്നാണ് പറഞ്ഞാണ് ഇസ്‌റാഈല്‍ ഇപ്പോള്‍ ആക്രമണം അഴിച്ചു വിടുന്നത്. ഗസ്സയില്‍ നിന്ന് തങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം ഉണ്ടായെന്നും ഇവര്‍ ആരോപിക്കുന്നു.
അതേസമയം, ഇസ്‌റാഈലിനെ ലക്ഷ്യമിട്ട് ഗസ്സയില്‍ നിന്നും വന്ന മിസൈല്‍ നിര്‍വീര്യമാക്കിയെന്ന അവകാശവാദവും സൈന്യം പുറപ്പെടുവിക്കുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഹമാസിന്റെ പ്രതികരണം പുറത്ത് വന്നിട്ടില്ല.
ഒരാഴ്ച നീണ്ട താല്‍ക്കാലിക വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച രാവിലെ ഏഴിന് (പ്രാദേശികസമയം) അവസാനിക്കാനിരിക്കെ ഇത് രണ്ടുദിവസത്തേക്കുകൂടി നീട്ടാന്‍ ഖത്തറും ഈജിപ്തും ചര്‍ച്ചകള്‍ ഊര്‍ജിതമാക്കിയിരുന്നു. ചര്‍ച്ചകളില്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഹമാസ് താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ഇസ്‌റാഈല്‍ തയാറായില്ലെന്നാണ് സൂചനകള്‍. ബന്ദികളെ മുഴുവന്‍ വിട്ടയക്കണമെന്നാണ് ഇസ്‌റാഈല്‍ ആവശ്യപ്പെടുന്നത്. പകരം ഇസ്‌റാഈല്‍ തടവറകളിലെ മുഴുവന്‍ ഫലസ്തീനികളേയും സ്വതന്ത്രരാക്കണമെന്ന് ഹമാസും ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."