നിയമനങ്ങളില്‍ പൊലിസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി; എയ്ഡഡ് മേഖലയിലും നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, വികസന അതോറിറ്റികള്‍, സഹകരണ സ്ഥാപനങ്ങള്‍, ദേവസ്വംബോര്‍ഡുകള്‍ എന്നിവിടങ്ങിളിലെ നിയമനങ്ങളില്‍ പൊലിസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭാ യോഗതീരുമാനം. ജീവനക്കാരന്‍ ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കണം. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ നിയമങ്ങള്‍/സ്റ്റാറ്റിയൂട്ടുകള്‍/ചട്ടങ്ങള്‍/ബൈലോ എന്നിവയില്‍ മൂന്നുമാസത്തിനുള്ളില്‍ ഭേദഗതി വരുത്തണമെന്നും യോഗം തീരുമാനിച്ചു. സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപക ആക്ഷേപം ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് സഹകരണസ്ഥാപനങ്ങളിലെ നിയമനത്തിലും പൊലിസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നത്.
മന്ത്രിസഭായോഗതീരുമാനങ്ങള്‍
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനുള്ള സംസ്ഥാന കമ്മിഷന്റെ സാമൂഹിക സാമ്പത്തിക സര്‍വ്വേ കുടുംബശ്രീ മുഖേന നടത്തുന്നതിന് മന്ത്രിസഭായോഗം അനുമതി നല്‍കി. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ വാര്‍ഡുകളിലെ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന അഞ്ചുവീതം കുടുംബങ്ങളെ കണ്ടെത്തി വിവരശേഖരം നടത്തുന്നതിന് 75,67,090 രൂപ വിനിയോഗിക്കുന്നതിനും അനുമതി നല്‍കി.
ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഭൂമി കൈമാറ്റം
ഇരിട്ടി, കല്യാട് വില്ലേജില്‍ 41.7633 ഹെക്ടര്‍ അന്യം നില്‍പ്പ് ഭൂമിയും ലാന്റ് ബോര്‍ഡ് പൊതു ആവശ്യത്തിന് നീക്കിവച്ച 4.8608 ഹെക്ടര്‍ മിച്ചഭൂമിയും ഉള്‍പ്പെടെ 46.6241 ഹെക്ടര്‍ ഭൂമി അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് സ്ഥാപിക്കുന്നതിന് കൈമാറി നല്‍കാന്‍ തീരുമാനിച്ചു. രണ്ട് സേവന വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ പ്രകാരമാണിത്. നിബന്ധനകള്‍ക്ക് വിധേയമായി ഉടമസ്ഥാവകാശം റവന്യു വകുപ്പില്‍ നിലനിര്‍ത്തി കൈവശാവകാശം ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറും. ഭൂമി അനുവദിക്കുന്ന തിയതി മുതല്‍ ഒരുവര്‍ഷത്തിനകം നിര്‍ദ്ദിഷ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം.
സ്റ്റാഫ് പാറ്റേണ്‍ പുതുക്കും
വിനോദസഞ്ചാര വകുപ്പിനു കീഴില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിലെ സ്റ്റാഫ് പാറ്റേണ്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി മാര്‍ഗരേഖ പ്രകാരം പുതുക്കാന്‍ തീരുമാനിച്ചു.
അഭിഭാഷക പാനല്‍
സുപ്രീം കോടതിയില്‍ സംസ്ഥാനത്തിന്റെ കേസുകള്‍ നടത്തുന്നതിനുള്ള സീനിയര്‍ അഭിഭാഷകരുടെ പാനലില്‍ രഞ്ജിത്ത് തമ്പാനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."