ലോക നേരുകള്‍ വെളിപ്പെടുത്തുന്ന ബുക്കര്‍ വിജയി
ഐറിഷ് എഴുത്തുകാരന്‍ പോള്‍ ലിഞ്ചിന്റെ നോവല്‍' പ്രൊഫറ്റ് സോങ്' ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം കരസ്ഥമാക്കി. ഈ നോവലിനെ ഏറ്റവും ചുരുക്കി എങ്ങനെ അവതരിപ്പിക്കാം? ലോക നേരുകള്‍ വെളിപ്പെടുത്തുന്ന അതിശക്തമായ രചന. ലോകരാജ്യങ്ങള്‍, അവിടെയുള്ള ഭരണ സംവിധാനങ്ങള്‍ ഇവയെല്ലാം അങ്ങേയറ്റം തീവ്ര വലതുപക്ഷത്തായിരിക്കുന്നു. സ്വന്തം ജനങ്ങളെ, പൗരന്‍മാരെ എങ്ങനെയെല്ലാം ശത്രുക്കളാക്കാം, പീഡിപ്പിക്കാം, ഒറ്റപ്പെടുത്താം, മനുഷ്യരല്ലാതാക്കാം എന്നതിനെക്കുറിച്ചാണ് ഓരോ ഭരണാധികാരിയും ചിന്തിക്കുന്നത്. കൊടിയ ഏകാധിപതികള്‍ മിക്ക രാജ്യങ്ങളും ഭരിക്കുന്നു. ഒരു ചെറിയ വിമതസ്വരം പോലും തങ്ങള്‍ക്കു നേരെ ഉയരാന്‍ ഈ ഭരണാധികളൊന്നും അനുവദിക്കില്ല. അങ്ങനെയുള്ളവരെ പിടിച്ചു കൊണ്ടുപോകുന്നു, പിന്നീടവരെ കാണാതാകുന്നു. അവര്‍ ജീവിച്ചിരിപ്പുണ്ടോ അതോ കൊല്ലപ്പെട്ടുവോ എന്നതിനെക്കുറിച്ച് ആര്‍ക്കും അറിവൊന്നും കിട്ടുന്നില്ല- ഈ ലോക യാഥാര്‍ഥ്യത്തിനു നേരെ പിടിച്ച കണ്ണാടിയാണ് പ്രൊഫറ്റ് സോങ്ങ്. ഈ കഥ ഇന്ത്യയില്‍ നടക്കുന്നതു പോലെ തീര്‍ച്ചയായും തോന്നും. കാരണം ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളോട് നോവല്‍ അത്രയും അടുത്തുനില്‍ക്കുന്നു. ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക, അറബ് നാടുകള്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കും ഇതു തങ്ങളുടെ ജീവിതാനുഭവം തന്നെയാണെന്ന് തോന്നിയാല്‍ അതില്‍ അത്ഭു തപ്പെടാനില്ല. അത്തരത്തില്‍ ഇന്നത്തെ ലോകത്തിന്റെ നേര്‍ അനുഭവം പകര്‍ത്തുന്നതില്‍ അതിഗംഭീരമായി വിജയിച്ചിരിക്കുന്നു ഈ നോവല്‍. പ്രൊഫറ്റ് സോങ്ങ് അങ്ങനെ ലോകത്തിന്റെ തന്നെ കഥയായി മാറുന്നു. നോവലിന്റെ അതിഗംഭീര വിജയത്തിന്റെ കാരണവും ഈ ലോകാനുഭവം വായനക്കാരുമായി പങ്കുവെക്കാന്‍ കഴിയുന്നു എന്നതു തന്നെയാണ്.
ശാസ്ത്രജ്ഞയായ എലിഷും ഭര്‍ത്താവ് അധ്യാപകനായ ലാറി സ്റ്റോക്കും അവരുടെ രണ്ടുമക്കളും അടങ്ങുന്ന കുടുംബം. ഇവരാണ് നോവലിന്റെ കേന്ദ്രം. ലാറി സ്റ്റോക്ക് അയര്‍ലന്റിലെ ടീച്ചേഴ്‌സ് യൂണിയന്റെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയാണ്. ഭരണകൂട ഭാഷയില്‍ ട്രേഡ് യൂണിയന്‍ നേതാവാണ്. അതു വഴി വിമതനും. ഒരു ദിവസം സന്ധ്യക്ക് അവിടുത്തെ രഹസ്യപ്പൊലിസ് 'ഗാര്‍ഡാ' ലാറിയെ തേടി അവരുടെ വീട്ടിലെത്തുന്നു. എലിഷ് ഭര്‍ത്താവ് വീട്ടിലില്ലെന്ന് പറയുന്നു. ഒരു തിരച്ചില്‍ നടത്തി ഗാര്‍ഡാ അംഗങ്ങള്‍ മടങ്ങിപ്പോകുന്നു. ആ സമയത്തെക്കുറിച്ച് എലിഷ് പറയുന്നു: അജ്ഞാതമായ ഒരാകാശത്തിന് കീഴെ ജീവിക്കേണ്ടി വന്നതുപോലെ: ഈ വാചകത്തില്‍ നിന്നാണ് അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന ഇന്ന് ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും നിലനില്‍ക്കുന്ന രാഷ്ട്രീയ യാഥാര്‍ഥ്യത്തിലേക്ക് പോള്‍ ലിഞ്ച് നമ്മെ കൊണ്ടുപോകുന്നത്. സുരക്ഷിതമാണെന്നു കരുതുന്ന മധ്യവര്‍ഗ കുടുംബ ജീവിതം ആ നിമിഷം മുതല്‍ അനിശ്ചിതത്വത്തിലാകുന്നു. പൊലിസ് വാതിലുകളില്‍ മുട്ടുകയും പിന്നീട് മനുഷ്യരെ കാണാതാവുകയും ചെയ്യുന്ന ഒരു ലോക രാഷ്ട്രീയ കാലാവസ്ഥ എങ്ങനെ രൂപപ്പെടുന്നു, അതിന്റെ മനുഷ്യാനുഭവങ്ങള്‍ എന്തൊക്കെയാണ് എന്നാണ് നോവല്‍ അന്വേഷിക്കുന്നത്. കഥ നടക്കുന്ന അയര്‍ലന്റ് ഭാവനാപ്രദേശം മാത്രമാണ്. ലോകത്ത് എവിടെ വേണമെങ്കിലും ഇതേ അവസ്ഥ ഉണ്ടായിരിക്കുമെന്ന സൂചന അതിശക്തമായി നോവല്‍ നല്‍കുന്നു.
ലാറിയെ പിന്നീട് കാണാതാകുന്നു. തന്റെ അന്വേഷണങ്ങളില്‍ നിന്ന് ലാറിയുടെ ഒരു വിവരവും കണ്ടെത്താന്‍ എലിഷിന് സാധിക്കുന്നില്ല. അടിയന്തര സാഹചര്യങ്ങള്‍, രാജ്യസുരക്ഷ പോറലേല്‍ക്കാതെ നോക്കല്‍- അതാണ് ഞങ്ങള്‍ ചെയ്യുന്നതെന്ന വിശദീകരണം ഗാര്‍ഡാ നല്‍കുന്നു. അധ്യാപകര്‍ക്ക് മെച്ചപ്പെട്ട വേതനം നല്‍കണമെന്നാവശ്യപ്പെട്ട് നടത്തിയ ഒരു പ്രകടനത്തില്‍ മുന്‍നിരയിലുണ്ടായിരുന്നു എന്നതാണ് ലാറി ചെയ്ത കുറ്റം. രാജ്യ സുരക്ഷ അപകടത്തിലായ സാഹചര്യത്തില്‍ (അത് എങ്ങനെയെന്ന് ആര്‍ക്കും മനസ്സിലാകുന്നുമില്ല) ഇങ്ങനെ ഒരു പ്രകടനം നടത്താമോ? ഇതാണ് ഭരണകൂടത്തിന്റെ ചോദ്യം. പ്രകടനത്തെ അട്ടിമറി ശ്രമങ്ങളുടെ ഭാഗമായി ഭരണകൂടം കാണുന്നു. കൊവിഡ് കാലത്ത് ഭരണകൂടങ്ങള്‍ നേടിയെടുത്ത അമിതാധികാര പ്രവണതയുടെ പശ്ചാത്തലം നോവലില്‍ കാണാം. നോവലില്‍ താക്കോല്‍ വാചകങ്ങളില്‍ വൈറസ് എന്ന വാക്കുമുണ്ട്. ആരോഗ്യ അടിയന്തരാവസ്ഥ എന്ന് വിളിച്ച ആ സന്ദര്‍ഭത്തെ പിന്നീട് എല്ലാ മേഖലകളിലേക്കും ഭരണകൂടങ്ങള്‍ വ്യാപിപ്പിച്ചു. അത് ഒരു ലോകക്രമം തന്നെയായി ഇന്ന് മാറിയിരിക്കുന്നു. ഈ യാഥാര്‍ഥ്യത്തെയാണ് നോവല്‍ വെളിച്ചത്ത് കൊണ്ടു വരുന്നത്.
ലാറിയെ നിരന്തരമായി അന്വേഷിക്കുന്ന എലിഷ് ഗാര്‍ഡായുടെ നോട്ടപ്പുള്ളിയാകുന്നു. ഒടുവില്‍ അവര്‍ക്ക് മക്കള്‍ക്കൊപ്പം രാജ്യം വിട്ടോടിപ്പോകേണ്ടി വരുന്നു. അഭയാര്‍ഥി യാത്രകളുടെ കടല്‍പ്പാതകള്‍ ലോകമെങ്ങും തുറക്കപ്പെടുന്നത് എങ്ങനെയെന്ന് പോള്‍ ലിഞ്ച് കഥയുടെ ഈ സന്ദര്‍ഭത്തില്‍ വിശദവും ആഴത്തിലും പരിശോധിക്കുന്നു. അതു കൊണ്ടുതന്നെ ഇന്നത്തെ ലോകത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ നമുക്ക് മുന്നില്‍ വെളിപ്പെടുകയും ചെയ്യുന്നു.
ഈസ്റ്റര്‍ അവധിക്കാലത്ത് നയാഗ്ര വെള്ളച്ചാട്ടം കാണാന്‍ പോകണമെന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു ഈ കുടുംബം. പാസ്‌പോര്‍ട്ടുകളുടെ കാലാവധി കഴിഞ്ഞിരുന്നതിനാല്‍ അത് പുതുക്കേണ്ടതുണ്ടായിരുന്നു. അതിന് എപ്പോള്‍ പാസ്‌പോര്‍ട്ട് ഓഫിസില്‍ പോകണമെന്ന് എലിഷും ലാറിയും കുറച്ചു ദിവസങ്ങളായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് പൊലിസ് വാതിലില്‍ വന്നു മുട്ടിയത്, ലാറിയെ എന്നേക്കുമായി കാണാതായത്.
എലിഷും മക്കളും കടന്നുപോകുന്ന അഭയാര്‍ഥി യാത്രയുടെ ഹൃദയം നടുക്കുന്ന വിവരണങ്ങളാണ് നോവലില്‍ കാണാന്‍ കഴിയുക. പാസ്‌പോര്‍ട്ടില്ലാത്തതിനാല്‍ അവര്‍ക്ക് നിരവധി 'നിയമവിരുദ്ധ' മാര്‍ഗങ്ങളിലൂടെ യാത്ര ചെയ്യേണ്ടി വരുന്നു. ആ യാത്ര അവരുടെ ഐറിഷ് പൗരത്വത്തെ തന്നെ ഇല്ലാതാക്കുന്നു. അള്‍ഷൈമേഴ്‌സിന്റെ പിടിയിലുള്ള അച്ഛനെ വിട്ടാണ് എലിഷ് മക്കളുമായി ഓടിപ്പോകുന്നത്. അവര്‍ക്ക് മുന്നില്‍ മറ്റു വഴികളുണ്ടായിരുന്നില്ല. കടല്‍മാര്‍ഗമുള്ള അഭയാര്‍ഥി പാതകളിലൂടെയാണ് ആ കുടുംബത്തിന് സഞ്ചരിക്കേണ്ടി വരുന്നത്. അതു കൊണ്ടാണ് നോവലിന്റെ അവസാന വാചകം ഇങ്ങനെയാകുന്നത്: നമ്മള്‍ കടലിലേക്ക് പോകണം, കടലാണ് ജീവിതം: വിവിധ രാജ്യങ്ങളില്‍നിന്ന് അഭയാര്‍ഥികളാക്കപ്പെട്ട മനുഷ്യര്‍ കടല്‍പ്പാതകള്‍ വഴി 'സുരക്ഷിത' ജീവിതം തേടി നടത്തുന്ന യാത്രകളെക്കുറിച്ച് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ലോകം കേട്ടു കൊണ്ടിരിക്കുന്നു. ഐലന്‍ കുര്‍ദി എന്ന കുട്ടി ആ അഭയാര്‍ഥി പ്രവാഹത്തിന്റെ ഇരയും ലോക മനസ്സാക്ഷിയില്‍ എന്നും മുറിവായി പ്രവര്‍ത്തിക്കുന്ന അനുഭവവുമാണ്. കടല്‍പ്പാതകളില്‍ (പ്രത്യേകിച്ചും മെഡിറ്ററേനിയനില്‍) എത്ര ബോട്ടുകള്‍ മുങ്ങി, നൂറു കണക്കിന് മനുഷ്യര്‍ കടലാഴങ്ങളില്‍ കുഴിച്ചു മൂടപ്പെട്ടു- ഇത്തരത്തിലുള്ള നിരവധി യാഥാര്‍ഥ്യങ്ങള്‍ ഈ നോവല്‍ വായിക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നു. സിറിയന്‍ അഭയാര്‍ഥി പ്രവാഹമാണ് നോവലെഴുത്തിലേക്ക് തന്നെ നയിച്ചതെന്ന് പോള്‍ ലിഞ്ച് ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ അഭയാര്‍ഥി പ്രവാഹത്തോട് നിസ്സംഗത പുലര്‍ത്തുകയും പിന്നീട് അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ അഭയാര്‍ഥികളെ തുരത്തുകയും ചെയ്ത യൂറോപ്യന്‍ രാജ്യങ്ങളോടുള്ള പ്രതിഷേധം കൂടിയാണ് തന്റെ നോവലെന്ന് അദ്ദേഹം അഭിമുഖത്തില്‍ വിശദമാക്കുന്നുമുണ്ട്. നോവലിസ്റ്റിന്റെ ഈ നിലപാട് വായനക്കൊപ്പം കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഓരോ രാജ്യവും സ്വയം സൃഷ്ടിക്കുന്ന അടിയന്തരാവസ്ഥകളെക്കുറിച്ച് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും.
സ്വന്തം പൗരരെ, പൗരാഭിപ്രായത്തെ നേരിടാന്‍ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ അടിയന്തരാവസ്ഥകളെ ഉപയോഗപ്പെടുത്തുന്ന ലോകത്തെ ഓരോ രാജ്യത്തേയും തുറന്നുകാട്ടുകയാണ് 250 പേജുകളിലൂടെ നോവലിസ്റ്റ്. ഇസ്റാഇൗല്‍ മുതല്‍ ഇന്നത്തെ ഇന്ത്യവരെയുള്ള രാജ്യങ്ങള്‍ തീര്‍ച്ചയായും ഈ വിശകലനത്തിലുള്‍പ്പെടും. യു.എ.പി.എ വഴി പൗരരെ നിശബ്ദരാക്കുന്ന, മെരുക്കുന്ന കേരളവും തീര്‍ച്ചയായും ഇതില്‍ വരും. എന്നാല്‍ പോള്‍ ലിഞ്ച് നമ്മെ പ്രധാനമായും ഓര്‍മ്മിപ്പിക്കുന്നത് ഈ ഭരണരീതി ഒരു 'ലോകനീതി'യായി പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു എന്നാണ്. ഇതിനെക്കുറിച്ച് നിശബ്ദത പാലിക്കുന്നഒരു ലോകവും ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു എന്നും ബുക്കര്‍ ജേതാവ് തന്റെ വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നു.
തന്റെ വീട്ടില്‍ വന്ന ഗാര്‍ഡാ സംഘത്തിലെ ഒരു പൊലിസുകാരിയെക്കുറിച്ച് ' ജോലിക്ക് പറ്റാത്ത മുഖമുള്ളവള്‍' എന്നാണ് എലിഷ് പറയുന്നത്. അതായത് വളരെ മാന്യമായി ഇടപെടുന്ന പൊലിസ് സംഘം എന്ന തോന്നലാണ് അവര്‍ ആദ്യമുണ്ടാക്കുന്നത്. എന്നാല്‍ അതേ പൊലിസ് സംഘം ആ കുടുംബത്തെ (അങ്ങനെ എത്രയോ കുടുംബങ്ങളെ) എങ്ങനെ അപ്രത്യക്ഷരാക്കുന്നു, രാഷ്ട്രീയ അഭയാര്‍ഥികളാക്കുന്നു എന്ന് നോവല്‍ അതി സൂക്ഷ്മമായി വരച്ചു കാട്ടുന്നു. ഇത്തരം അടിയന്തരാവസ്ഥകളെ അംഗീകരിക്കുന്ന മാധ്യമ ലോകവും നോവലില്‍ കടന്നു വരുന്നു. പത്രം വായിക്കുന്നത് എന്തിനാണെന്നറിയില്ല, പഴയൊരു ശീലംകൊണ്ട് വായിച്ചുപോകുന്നുവെന്ന് മാത്രം എന്നഭിപ്രായപ്പെടുന്ന ഒരു കഥാപാത്രത്തിലൂടെ മാധ്യമ വിമര്‍ശനം ശക്തമായി നോവലിസ്റ്റ് സാക്ഷാത്ക്കരിക്കുന്നു.
സ്ഥാപനങ്ങളുടെ ഉടമവസ്ഥാവകാശം മാറ്റിയാല്‍ യഥാര്‍ഥ സത്യത്തിന്റെ ഉടമകളേയും മാറ്റാന്‍ കഴിയുമെന്ന ഉറച്ച ബോധ്യത്തിലാണ് ഓരോ ഭരണ കൂടങ്ങളും പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ യൂണിവേഴ്‌സിറ്റികളടക്കമുള്ള സ്ഥാപനങ്ങളുടെ ഉടമവസ്ഥാവകാശം എങ്ങനെ മാറുന്നു എന്നതിനെക്കുറിച്ചു മാത്രം നിരീക്ഷിച്ചാല്‍ പോള്‍ ലിഞ്ച് പറയുന്നത് മനസ്സിലാകും. അറിവിന്റേയും സത്യങ്ങളുടേയും ഉടമസ്ഥാവകാശങ്ങള്‍ എങ്ങനെയാണ് ഇന്ന് ലോകം മുഴുവന്‍ മാറിക്കൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയാന്‍ നോവലിന്റെ പല ഭാഗങ്ങളും സഹായിക്കുന്നുണ്ട്. രോഹിത് സിങ് എന്ന ഒരിന്ത്യന്‍ കഥാപാത്രം നോവലില്‍ വന്നു പോകുന്നുണ്ട്. ആ വന്നു പോക്ക് എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടിയാണെന്ന് നോവല്‍ വായിച്ച് തീരുമ്പോള്‍ തീര്‍ച്ചയായും അനുഭവപ്പെടും.
ജോര്‍ജ് ഓര്‍വെല്‍ കമ്യൂണിസ്റ്റ് സമഗ്രാധിപത്യങ്ങളെ വിമര്‍ശിച്ചുകൊണ്ട് എഴുതിയ 'അനിമല്‍ ഫാം', ' 1984' എന്നീ നോവലുകളുടെ സ്‌കാന്‍ റിപ്പോര്‍ട്ടായും പ്രൊഫറ്റ് സോങ്ങ് അനുഭവപ്പെടും. ഓര്‍വെല്‍ തന്റെ വിമര്‍ശനങ്ങളില്‍ നേരിട്ടല്ലാതെ കൊണ്ടു വന്ന കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ മാറ്റം വന്നു. അത്തരം ഭരണകൂടങ്ങള്‍ ഇല്ലാതായി. അവിടെ കൊല്ലപ്പെടുകയും കാണാതാവുകയും തടവിലാവുകയും പലയാനം ചെയ്യേണ്ടി വന്നവരെക്കുറിച്ചും ലോകം പല ആഖ്യാനങ്ങളിലൂടെ കണ്ടും കേട്ടും വായിച്ചും മനസ്സിലാക്കി. ഇന്ന് അതിനേക്കാള്‍ രൂക്ഷമായ നിലയില്‍ ലോകം തീവ്രവലതുപക്ഷ പന്തിയിലേക്ക് മാറിയിരിക്കുന്നു. ഒരു രഹസ്യ പൊലിസുകാരന്‍ മാത്രം മതി പൗരരെ കുടുക്കാന്‍, ഭരണകൂടത്തിന്റെ ശത്രുവാക്കാന്‍. ലോകഘടനയുടെ ഈ മാറ്റത്തെക്കുറിച്ചാണ് വാസ്തവത്തില്‍ പോള്‍ ലിഞ്ചിന്റെ നോവല്‍. ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയ ജൂറിയാണ് അദ്ദേഹത്തിന് ബുക്കര്‍ സമ്മാനം നല്‍കിയത്. ഇത്തരമൊരു തിരിച്ചറിവോടെ നോവല്‍ വായിക്കുമ്പോള്‍, അത് വെറുമൊരു കഥയല്ല, ലോകഗതിയുടെ യാഥാര്‍ഥ്യം തന്നെയാണെന്ന് വായനാ സമൂഹത്തിന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും.
രക്തം രക്തത്തെ തൊടുന്നു എന്നു പറയുന്ന അവസ്ഥ നോവലിന്റെ ഓരോ താളിലും അനുഭവിച്ചറിയാന്‍ കഴിയുന്നതും ഇന്നത്തെ ഓരോ മനുഷ്യനും ഇതേ ലോകഗതിയുടെ ഇരകള്‍ കൂടിയാണെന്നതു കൊണ്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."