കഅ്ബാലയത്തിനും വ്യാജന്‍
സാദിഖ് ഫൈസി താനൂര്‍
സി.ഇ 930 ലെ ഹജ്ജ് കാലം. വിശ്വാസികള്‍ മക്കയില്‍ കഅബാലയത്തിന്റെ ചാരത്ത് സംഗമിച്ചിരിക്കുന്നു. ഹജ്ജിന്റെ ഭാഗമായുള്ള ത്വവാഫും സഅ്യുമെല്ലാം നടന്നുകൊണ്ടിരിക്കുന്നു. ജനത്തിരക്കില്‍ വീര്‍പ്പുമുട്ടുകയാണ് മസ്ജിദുല്‍ ഹറം.
പെട്ടെന്നതാ ഒരു ഭീകരാക്രമണം. ഇസ്മാഈലീ ശിയാ വിഭാഗത്തില്‍ നിന്ന് വിഘടിച്ച കറാമിത്വുകള്‍ എന്ന ഭീകരസംഘം ആസൂത്രിതമായി ഹറം അക്രമിച്ചിരിക്കുന്നു. വെറും അക്രമമല്ല. ഇസ്‌ലാമിന്റെ മുഴുവന്‍ മൂല്യങ്ങളെയും ചവിട്ടുമെതിച്ചു ആനന്ദ നിര്‍ത്തമാടിയ ഭീകരാക്രമണം. പള്ളിയിലും മത്വാഫിലും ഉണ്ടായിരുന്ന മുപ്പതിനായിരത്തോളം ഹാജിമാരെ കൂട്ടക്കൊല ചെയ്തു. ആരാധനയില്‍ മുഴുകിയിരുന്ന ആയിരക്കണക്കിനു സ്ത്രീകളെ വിശുദ്ധ ഹറമിന്റെ അകത്തുവച്ചു മാനഭംഗപ്പെടുത്തി. ഹാജിമാരുടെ കബന്ധങ്ങള്‍ കൊണ്ട് സംസം കിണര്‍ നിറച്ചു. അതിലെ വിശുദ്ധ ജലം മൃതശരീരങ്ങളാല്‍ മലീമസമാക്കി.
കലി തീരാത്ത കാട്ടാള വര്‍ഗം കഅ്ബാലയത്തിന്റെ മുകളില്‍ മഴുവും പിക്കാസുമായി ഓടിക്കയറി ആനന്ദനൃത്തമാടി. കഅ്ബയുടെ പാത്തി വെട്ടിമാറ്റി. വാതില്‍ അടര്‍ത്തിയെടുത്തു. കഅ്ബയെ പൊതിഞ്ഞുനില്‍ക്കുന്ന ഖില്ല കീറിയെറിഞ്ഞു, വിശുദ്ധഗേഹത്തെ വിവസ്ത്രയാക്കി. കഅ്ബയുടെ കിഴക്കേ മൂലയില്‍ വെള്ളിക്കവചത്തിനകത്ത് വളരെ പവിത്രമായി പരിപാലിക്കപ്പെട്ടിരുന്ന ഹജറുല്‍ അസ്‌വദ് എന്ന സ്വര്‍ഗശില അവിടെ നിന്നു അടര്‍ത്തിമാറ്റി കടത്തിക്കൊണ്ടുപോയി. കഅ്ബയില്‍ കയറി ഈ പൈശാചികതകളെല്ലാം ചെയ്തു കൊണ്ടിരിക്കുമ്പോള്‍, അവര്‍ ഇസ്‌ലാമിനെയും അല്ലാഹുവിനെയും പരിഹസിക്കുന്നുണ്ടായിരുന്നു. 'കഅ്ബയെ തൊട്ടാല്‍ അബാബീല്‍ പക്ഷികള്‍ വരുമെന്നു പറയുന്നവരേ, എവിടെ നിങ്ങളുടെ അബാബീല്‍ പക്ഷികള്‍? എവിടെ തല മുകളില്‍ വര്‍ഷിക്കുന്ന ചുട്ടുപഴുത്ത കല്ലുകള്‍?....' എന്നു പറഞ്ഞു അവര്‍ അലറുന്നുണ്ടായിരുന്നു.
ഇസ്‌ലാമിന്റെ പേരില്‍ ഉടലെടുത്ത ഒരു വിഭാഗമാണ് ഈ പൈശാചിക താണ്ഡവങ്ങള്‍ക്കു പിന്നിലെല്ലാം ഉണ്ടായിരുന്നത് എന്നതാണ് ഏറെ അത്ഭുതം. അതിനു ചുക്കാന്‍ പിടിച്ചതാകട്ടെ, അബൂത്വാഹിറില്‍ ജനാബി(906-944) എന്ന തീവ്ര ശിയാ നേതാവും. ദുര്‍ബലമായ അബ്ബാസി ഭരണകൂടത്തിന് ഈ അക്രമം നിസ്സഹായരായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു. എതിര്‍ത്ത മക്ക ഗവര്‍ണറെ ശിയാ ഭീകരര്‍ ആദ്യമേ കൊന്നുകളഞ്ഞതോടെ അബ്ബാസികള്‍ ഏതാണ്ട് പൂര്‍ണമായും മാളത്തിലൊളിച്ചു.
ഹജറുല്‍ അസ്‌വദ് മക്കയില്‍ നിന്ന് ഖത്വീഫിലേക്ക് കടത്തിക്കൊണ്ടുപോയ ഖറാമിത്വുകള്‍ അവിടെ ഒരു തടാക തീരത്ത് പുതിയ കഅ്ബ പണിതു. അവിടെ സ്വഫാ- മര്‍വക്ക് പകരം പുണ്യപര്‍വതങ്ങള്‍ നിശ്ചയിച്ചു. വിശുദ്ധ സ്ഥലങ്ങള്‍ പ്രഖ്യാപിച്ചു. ജനങ്ങളെ അവിടെ ചെന്നു ഹജ്ജ് നിര്‍വഹിക്കാന്‍ നിര്‍ബന്ധിച്ചു. വിസമ്മതിച്ചവരെ കൊന്നുകളഞ്ഞു. മക്കയിലേക്കുള്ള വഴി തടഞ്ഞു. അങ്ങനെ ഏഴു വര്‍ഷം കൊണ്ട് എഴുപതിനായിരം വിശ്വാസികളെങ്കിലും ഈ ഭീകരരാല്‍ വധിക്കപ്പെട്ടിട്ടുണ്ടത്രെ! ഭീകരത താണ്ഡവമാടിയ ഇക്കാലത്ത് മക്കയിലേക്ക് ഹജ്ജിനു പോകല്‍ നിര്‍ബന്ധമില്ലെന്ന് സുന്നി പണ്ഡിതന്മാര്‍ ഫത്‌വ ഇറക്കി. അത്രയും സങ്കീര്‍ണമായിരുന്നു ആ സന്ദര്‍ഭം.
മക്കയില്‍ ഹജ്ജിന് എത്തിയവര്‍ തന്നെ ഏറെ സാഹസപ്പെട്ടായിരുന്നു എത്തിയിരുന്നത്. 22 വര്‍ഷക്കാലം ഹജറുല്‍ അസ്‌വദ് ആ ഭീകരര്‍ കൈവശം വച്ചു. അബ്ബാസികള്‍ സ്വര്‍ണക്കിഴികള്‍ ഓഫര്‍ ചെയ്തിട്ടും അവരത് തിരിച്ചു നല്‍കിയില്ല. ഏറെ സമ്മര്‍ദങ്ങള്‍ക്കു ശേഷം, സി.ഇ 952 ല്‍ കറാമിത്വുകള്‍ ഹജ്ജറുല്‍ അസ്‌വദ് ഒരു ചാക്കില്‍ കെട്ടി കൂഫാ പള്ളിയില്‍ വലിച്ചെറിഞ്ഞു. ഏഴു കഷ്ണമായി പൊട്ടിയ ആ വിശുദ്ധ ശില അബ്ദുല്ലാഹിബിന്‍ അക്കീമിന്റെ നേതൃത്വത്തിലുള്ള അക്കാലത്തെ ഉലമാക്കള്‍ പരിശോധിച്ചു. തീയില്‍ ചൂടാകാത്തതും വെള്ളത്തില്‍ താഴ്ന്നുപോകാത്തതുമെന്ന് ഇസ്‌ലാമിക പ്രമാണങ്ങളില്‍ വന്ന അടയാളങ്ങള്‍ പരീക്ഷിച്ചു ഉറപ്പിച്ചു. അങ്ങനെ നീണ്ട 22 വര്‍ഷങ്ങള്‍ക്കു ശേഷം ഹജറുല്‍ അസ്‌വദ് പൊട്ടിയതെല്ലാം ഒട്ടിച്ചു കഅബയില്‍ ഒരു വെള്ളിക്കവചത്തില്‍ സ്ഥാപിച്ചു.
ഖത്വീഫില്‍ സ്ഥാപിച്ച വ്യാജ കഅ്ബ, കറാമിത്വുകള്‍ ഉരുക്കു മുഷ്ടി ഉപയോഗിച്ചിട്ടും പ്രലോഭനങ്ങള്‍ ചൊരിഞ്ഞിട്ടും വേരുപിടിച്ചിട്ടില്ല. ജീവന്‍പോയിട്ടും ജനം അങ്ങോട്ടു തിരിഞ്ഞുനോക്കിയില്ല. അവസാനം കറാമിത്വുകള്‍ തന്നെ തമ്മില്‍ തല്ലി നശിക്കാന്‍ തുടങ്ങി. നേതാവ് അബൂത്വാഹിറിന് മാരക വൃണം വന്നു പുഴുക്കള്‍ സ്വന്തം ശരീരം തിന്നുന്നതു കണ്ടു മരിക്കേണ്ടി വന്നു. ഖത്വീഫിലെ ആ വ്യാജ കഅ്ബയുടെ അടയാളങ്ങള്‍ ഇന്നും കാണാം. സഊദിയിലെ തന്നെ ഖത്വീഫിയുള്ള ആ സ്ഥലം പിന്നീട് അറിയപ്പെട്ടതു തന്നെ 'ഐന്‍ കഅ്ബ' എന്ന പേരിലാണ്.
(സര്‍ക്കലി: അല്‍ അഅലാം 3/123, ഇബ്‌നു കസീര്‍: അല്‍ ബിദായ 11/182, ഇബ്‌നുല്‍ അസീര്‍: അല്‍കാമില്‍ 8/207, Peters, Francis E. Mecca: a literary history of the Muslim Holy Land. pp. 125-26) (ശിഹാബുദ്ദീന്‍ അബ്ശീഹി:
അല്‍ മുസ്തത്വിരിഫ് 2 /533)
ഹജ്ജിനെക്കാള്‍
പ്രതിഫലമാണീ കൈനീട്ടത്തിന്!
തുര്‍ക്കുമാനിസ്ഥാനിലെ മര്‍വില്‍ നിന്ന് ഹജ്ജ് തീര്‍ഥാടനത്തിനു പുറപ്പെട്ടതാണ് ഇമാം അബ്ദില്ലാഹിബിന്‍ മുബാറക്(റ). നിരവധി മഹാ പണ്ഡിതന്മാരുടെ ഗുരുവും വഴികാട്ടിയുമായ സൂഫിവര്യന്‍. മദ്ധ്യേഷ്യയിലെ മര്‍വില്‍ നിന്ന് മക്ക വരെയുള്ള യാത്രാചെലവിനും മറ്റുമായി കുറേ പണവും കഴിക്കാന്‍ പക്ഷികളും കരുതിയിരുന്നു. യാത്ര മധ്യേ ഒരു പക്ഷി ചത്തുപോയി. അടുത്തുള്ള കുപ്പത്തൊട്ടിയില്‍ അതിനെ കളയാന്‍, മുന്നേ പോകുന്ന സഹയാത്രികരെ ഏല്‍പ്പിച്ചു ഇമാം പിന്നാലെ യാത്രയായി.
കുപ്പത്തൊട്ടിയുടെ സമീപത്തെത്തിയപ്പോള്‍ ഇമാം ആ രംഗം കണ്ടു. തങ്ങള്‍ നേരത്തെ ഉപേക്ഷിച്ച പക്ഷിയുടെ ജഡം ഒരു സ്ത്രീ എടുത്തു കൊണ്ടുപോയി കഴിക്കാന്‍ വേണ്ടി തൊലിയുരിക്കുന്നു. അവര്‍ നിഷിദ്ധമായ ശവം കഴിക്കാന്‍ ഒരുങ്ങുന്നത് ഇമാമിനെ വല്ലാതെ അസ്വസ്ഥനാക്കി. അദ്ദേഹം അവരുടെ കൂരയുടെ അടുത്തെത്തി കാര്യം തിരക്കി.
'എനിക്കും എന്റെ സഹോദരനും ധരിച്ചിരിക്കുന്ന ഈ ഉടയാടയല്ലാതെ വേറൊന്നുമില്ല. ജനങ്ങള്‍ ഈ കുപ്പയില്‍ വലിച്ചെറിയുന്ന വസ്തുക്കളാണ് ഞങ്ങളുടെ ആശ്രയം. ഞങ്ങള്‍ ശവം തിന്നാന്‍ നിര്‍ബന്ധിതരാണ്. വിശപ്പു കൊണ്ട് കണ്ണു കാണാത്ത ഞങ്ങള്‍ക്ക് ശവം നിഷിദ്ധമല്ല....'
ആ സ്ത്രീയുടെ മറുപടി ഇബ്‌നു മുബാറക്കിനെ വല്ലാതെ ഉലച്ചു. 'നമ്മുടെ കൈയില്‍ എത്ര കാശ് കാണും?' ഇമാം തന്റെ ഭൃത്യനോട് തിരക്കി. 'ആയിരം ദീനാര്‍' അയാളുടെ മറുപടി. 'എങ്കില്‍, നമ്മുടെ നാട്ടിലേക്ക് തിരിച്ചുപോകാനുള്ള ഇരുപത് ദീനാര്‍ മാറ്റിവെച്ചു, ബാക്കി ഇവര്‍ക്ക് കൊടുക്കൂ.... ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്നതിനെക്കാള്‍ നമുക്ക് പവിത്രവും പുണ്യവും ഈ പാവങ്ങളെ സഹായിക്കുന്നതാണ്....'
പണം മുഴുവന്‍ ആ പാവങ്ങള്‍ക്കു നല്‍കി ഇമാം സ്വന്തം നാട്ടിലേക്ക് യാത്ര തിരിച്ചു!
(ഇബ്‌നു കസീര്‍ / അല്‍ ബിദായ വന്നിഹായ 10/191)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."