ആഫ്രിക്കയിലെ ആരോഗ്യംപ്രതിസന്ധികളും പ്രതീക്ഷകളും
അഭിഷേക് പള്ളത്തേരി
അത്ഭുതങ്ങളുടെ നാടാണ് ആഫ്രിക്ക. ആധുനിക ലോകത്തിനൊപ്പം സഞ്ചരിക്കുന്നുവെങ്കിലും തങ്ങളുടെ പരമ്പരാഗത രീതികള്‍ പലതും കൊളോണിയല്‍ കാലഘട്ടത്തു നഷ്ടപ്പെട്ടു. പക്ഷേഇന്നും അവരുടെ ചരിത്ര, സാംസ്‌കാരിക ഗരിമകള്‍ പലതും ദൃശ്യമാണ്. വെസ്റ്റ് ആഫ്രിക്കയില്‍ പ്രത്യേകിച്ച് നൈജീരിയ -സെനഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്നും മുഖത്തും ശരീരത്തിലും മുറിവുണ്ടാക്കി എടുത്ത കല(പാടുകള്‍) കാണാം. ഒരു ആചാരമായി ചെറുപ്പകാലത്ത് ഓരോ ഗോത്രവിഭാഗവും ചെയ്യുന്നതാണെങ്കിലും രോഗങ്ങള്‍ക്കുള്ള പ്രതിവിധി ആയി പച്ചമരുന്ന് ചേര്‍ത്ത് ഇങ്ങനെ മുറിപ്പാടുകള്‍ ഉണ്ടാക്കുന്നതും അവിടെ സാധാരണമാണ്. പലതും രേഖപ്പെടുത്താതെ പോയ ചരിത്രം കൂടെയുണ്ട് ആഫ്രിക്കക്ക്.ഇരുപതാം നൂറ്റാണ്ടിനു മുമ്പ് ജനനതീയതി രേഖപ്പെടുത്തുന്ന സമ്പ്രദായം ആഫ്രിക്കയില്‍ കുറവായിരുന്നു. വികസനം എത്താത്തതും നഗരവല്‍കരണം ഏറ്റവും കുറഞ്ഞ നിലയില്‍ ആയതുകൊണ്ടുമായിരിക്കാം ഇങ്ങനെ സംഭവിച്ചത്. തദ്ദേശമായ പ്രാചീന രോഗ പ്രതിരോധ സംവിധാനങ്ങള്‍ പലതും വിസ്മൃതിയില്‍ ആകുവാന്‍ ഇതാകാം ഒരു കാരണം.
യൂറോപ്യന്‍ കോളനിവല്‍ക്കരണം ആഫ്രിക്കയുടെ ധാതു-പ്രകൃതി സമ്പത്തുക്കള്‍ കൊള്ളയടിക്കുവാനും അടിമക്കച്ചവടത്തിനും വഴിവച്ചപ്പോള്‍ തിരിച്ചു അവര്‍ സമ്മാനിച്ച വിദ്യാഭ്യാസത്തിനും ആതുരരംഗത്തിനും മതപരിവര്‍ത്തനത്തിന്റെ ഗൂഢ ലക്ഷ്യമുണ്ടായിരുന്നെങ്കിലും ആരോഗ്യരംഗത്തു മുന്നേറ്റമുണ്ടായത് ഇക്കാലത്താണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്വിസ് മിഷനറികള്‍ സ്ഥാപിച്ച ആശുപത്രികള്‍ രൂപമാറ്റത്തോടെ ഇന്നും ടാന്‍സാനിയയിലും ഘാനയിലും സൗത്ത് ആഫ്രിക്കയിലും പ്രവര്‍ത്തിച്ചു വരുന്നു.
വെസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നാവിക സര്‍ജനായി പ്രവര്‍ത്തിച്ച പരിചയത്തിന്റെ അടിസ്ഥാനത്തില്‍ 1734 ല്‍ ജോണ്‍ അറ്റ്കിന്‍സ് എഴുതിയ 'ദി നേവി സര്‍ജന്‍' എന്ന പുസ്തകത്തിലാണ് 'ആഫ്രിക്കന്‍ സ്ലീപ്പിങ് ഡിസീസ്' എന്ന വാക്കുപയോഗിക്കുന്നത്. ചെറുകീടങ്ങളുടെ കടിയില്‍ നിന്ന് പകരുന്ന അസുഖം എന്നാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. കൊതുകുകടി വഴി പകരുന്ന മലേറിയ, സ്രവങ്ങളിലൂടെ പകരുന്ന എബോള തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ ഇന്നും ആഫ്രിക്കയുടെ ശാപമാണ്. പ്രത്യേകിച്ച് കോംഗോ തുടങ്ങിയ സെന്‍ട്രല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍.
ലോക മഹായുദ്ധങ്ങളുടെ കാലത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പട്ടാളക്കാരെ കൂടുതല്‍ ഉപയോഗപ്പെടുത്തിയത് യൂറോപ്യന്‍ രാജ്യങ്ങളാണ്. അതിനു കാരണം അവരുടെ ഉയരവും ദൃഢഗാത്രമായ ശരീരവുമാണ്. കേരളത്തിലെ തിരുവിതാംകൂര്‍ രാജവംശത്തിന്റെ സേനയിലും ഇന്ത്യയിലെ പല നാട്ടുരാജ്യങ്ങളുടെ സേനയില്‍കൂടെയും ആഫ്രിക്കന്‍ പട്ടാളക്കാര്‍ ഉണ്ടായിരുന്നു എന്നുള്ളത് ചരിത്ര യാഥാര്‍ഥ്യമാണ്. ഇവരുടെ ഉയരവും കായികബലവും ആഫ്രിക്കയുടെ ഭൂപ്രകൃതിയുടെയോ കാലാവസ്ഥയുടെയോ മാത്രം പ്രത്യേകത ആയിരുന്നില്ല, ചെറുപ്പത്തില്‍ ലഭിച്ച പോഷകാഹാരത്തിന്റെയും ആരോഗ്യകരമായ സംവിധാനത്തിന്റെയും കൂടെ ഫലമായിരുന്നിരിക്കാം.
ആഫ്രിക്കയില്‍ തീര്‍ത്തും അപരിഷ്‌കൃതമായ ആരോഗ്യരംഗം ആയിരുന്നു എന്നതിന് വ്യക്തമായ തെളിവുകളില്ല. എന്നാല്‍ ആധുനികതയോടു പുറംതിരിഞ്ഞു നിന്നിരുന്ന ജനവിഭാഗങ്ങള്‍ ആയിരുന്നു കൂടുതലും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആഫ്രിക്കയില്‍ സഞ്ചരിച്ചു തയാറാക്കിയ റിപ്പോര്‍ട്ടില്‍ സര്‍ വില്യം സിംപ്‌സണ്‍ ഗോത്രവിഭാഗങ്ങള്‍ക്കിടയിലെ അജ്ഞതയും മാറ്റങ്ങള്‍ സ്വീകരിക്കാനുള്ള വിമുഖതയും സംക്രമികരോഗങ്ങളുടെ അതിപ്രസരത്തിനു ഇടയാക്കുന്നു എന്നുള്ളത് രേഖപ്പെടുത്തിയിട്ടുണ്ട്.
ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഭൂഖണ്ഡമായതു കൊണ്ടായിരിക്കാം യൂറോപ്പിനെ ഒരുകാലത്തു വരിഞ്ഞുമുറുക്കിയ പ്ലേഗ് പോലുള്ള സാംക്രമികരോഗങ്ങളുടെ മരണവ്യാപ്തി ആഫ്രിക്കയില്‍ കുറഞ്ഞിരിക്കുന്നത്.
പതിനെട്ടാം നൂറ്റാണ്ടില്‍ കോളനിവല്‍ക്കരണത്തിന്റെയും മിഷനറി പ്രവര്‍ത്തനത്തിന്റെയും ഭാഗമായി ആഫ്രിക്കയില്‍ കുടിയേറിയ വെള്ളക്കാരില്‍ ഭൂരിഭാഗവും മൂന്നുവര്‍ഷത്തിനുള്ളില്‍ പലവിധ അസുഖങ്ങളാല്‍ മരണപ്പെടുകയായിരുന്നു. 'വെള്ളക്കാരുടെ ശ്മശാനം' എന്നാണ് വെസ്റ്റ് ആഫ്രിക്കയെ ഒരുകാലത്തു വിളിച്ചിരുന്നത്.
പ്രതിസന്ധികള്‍,
പുതിയ വെല്ലുവിളികൾ
വലിയൊരു ഭൂഖണ്ഡമായതു കൊണ്ട് ആഫ്രിക്കയെ നാലായി തരംതിരിക്കാം. വെസ്റ്റ് ആഫ്രിക്ക, ഈസ്റ്റ് ആഫ്രിക്ക, സെന്‍ട്രല്‍ ആഫ്രിക്ക, സൗത്ത് ആഫ്രിക്ക. സാംക്രമിക രോഗങ്ങള്‍ കൊണ്ടും രാഷ്ട്രീയ അസ്ഥിരത കൊണ്ടും ഏറെ ജീവനുകള്‍ ഹോമിക്കപ്പെടുന്ന കാഴ്ച ഇന്നും ആഫ്രിക്കയില്‍ ദൃശ്യമാണ്. ആരോഗ്യരംഗത്തു ചെലവഴിക്കേണ്ട തുക, ആയുധം വാങ്ങുന്നതിനും മറ്റു രീതികളിലേക്കും വഴിമാറുന്ന അവസ്ഥ ഇന്നും ആഫ്രിക്കയുടെ ദുരിതമാണ്.
1950 കളുടെ അവസാനം മുതലാണ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ കോളനിവല്‍ക്കരണത്തില്‍ നിന്ന് സ്വതന്ത്ര രാജ്യങ്ങളായി നിലവില്‍വന്നത്. ആരോഗ്യരംഗത്തും കൃത്യമായ വ്യവസ്ഥകള്‍ രൂപീകരിക്കുന്നതില്‍ അന്നത്തെ ദീര്‍ഘവീക്ഷണമുള്ള ചില രാജ്യങ്ങളിലെ ഭരണാധികാരികള്‍ മുന്‍കൈയെടുത്തിരുന്നു. ഉദാഹരണത്തിന് ടാന്‍സാനിയയുടെ ആദ്യത്തെ പ്രധാനമന്ത്രിയും പിന്നീട് പ്രസിഡന്റുമായ ജൂലിയസ് ന്യേരേര. ദാരിദ്ര്യം, അജ്ഞത, അസുഖം എന്നിവക്കെതിരേ യുദ്ധം പ്രഖ്യാപിച്ചാണ് സോഷ്യലിസ്റ്റ് ചിന്തകനയ അദ്ദേഹം അധികാരമേറ്റത്. പ്രൈമറി ഹെല്‍ത്ത് സെന്ററുകളും ക്ലിനിക്കുകളും കൂടുതല്‍ നിര്‍മിച്ചുവെങ്കിലും വിദേശ സഹായത്തോടെയുള്ള ആധുനിക ആശുപത്രികള്‍ നിര്‍മിക്കുന്നതില്‍ അദ്ദേഹത്തിന്റെ 'ദേശീയത' തടസമായി. മറ്റു രാജ്യങ്ങള്‍ പലതും സ്വാതന്ത്ര്യത്തിന്റെ തുടക്കം മുതല്‍ പട്ടാളഭരണത്തിന് കീഴിലാവുകയും ആരോഗ്യരംഗം പിറകോട്ടു പോവുകയുമാണ് ചെയ്തത്.
ഉദാഹരണത്തിന് നൈജീരിയ. വിദ്യാഭ്യാസത്തിലും സാമ്പത്തികമായും പൊതുവെ മുന്നോട്ടു നിന്നിരുന്ന നൈജീരിയയുടെ പട്ടാളഭരണവും അഴിമതിയും വ്യവസ്ഥിതിയെ ബാധിക്കുകയും ആരോഗ്യരംഗത്തു മുന്നേറുവാനുള്ള വഴികള്‍ മന്ദഗതിയിലാക്കുകയും ചെയ്തു. 1960 ല്‍ പതിനഞ്ചു ശതമാനത്തില്‍ കുറവ് ദരിദ്രർ ഉണ്ടായിരുന്ന നൈജീരിയയില്‍ 1999 വരെ നീണ്ടു നിന്ന പട്ടാളഭരണത്തില്‍ അത് 45 ശതമാനത്തിലേക്ക് മുകളിലേക്ക് കുതിക്കുകയാണ് ചെയ്തത്.
ഇന്ന് മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളിലും പിരമിഡ് രീതിയിലുള്ള ആരോഗ്യ സംവിധാനമാണുള്ളത്. ആരോഗ്യമന്ത്രാലയം അടങ്ങുന്ന കേന്ദ്ര സംവിധാനം, ജില്ലാവിഭാഗത്തിലുള്ള പ്രാദേശിക സംവിധാനം, വിദൂരസ്ഥലങ്ങളെ ഉള്‍പ്പെടുത്തിയുള്ള പ്രാന്തപ്രദേശ സംവിധാനം. ആഫ്രിക്കയിലെ ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ പലപ്പോഴും പറയുന്ന ഒന്നാണ് ഇവിടെ സംവിധാനത്തിന്റെ കുറവല്ല, അത് നടത്തിക്കൊണ്ടുപോകുന്നതിലെ പോരായ്മയാണ് പ്രധാന വെല്ലുവിളിയെന്ന്.
കൃത്യമായ മരുന്നുകളുടെ ലഭ്യതക്കുറവ്, മരുന്നുകളുടെ ഗുണമേന്മ ക്കുറവ്, വിതരണത്തിലെ അപാകതകള്‍ ഇതൊക്കെ സാധാരണമാണ് ആഫ്രിക്കയില്‍. തീരുമാനം എടുക്കുന്നതിലെ സുതാര്യതക്കുറവ് പലപ്പോഴും അഴിമതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആരോഗ്യരംഗത്തെ ശമ്പളക്കുറവു പലപ്പോഴും സമരത്തിലേക്കും രോഗികളുടെ ദുരിതത്തിലേക്കും നയിക്കാറുണ്ട്.
നഗരപ്രദേശങ്ങളില്‍ നിന്ന് മാറിയാല്‍, ആശുപത്രികളുടെയും ഹെല്‍ത്ത് സെന്ററുകളുടെയും ശോചനീയാവസ്ഥ കൂടുതല്‍ പ്രകടമാകും. കിടത്തി ചികിത്സിക്കാനുള്ള സൗകര്യം പോലും ഇല്ലാത്ത ആശുപത്രികള്‍, ആവശ്യത്തിന് ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ലഭ്യതക്കുറവ്, ആശുപത്രികളുടെ എണ്ണത്തിലുള്ള കുറവ് ഇതെല്ലാം ആഫ്രിക്കയില്‍ യാത്ര ചെയ്യുമ്പോള്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നതാണ്.
കെനിയ, റുവാണ്ട പോലുള്ള രാജ്യങ്ങള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് പ്രോഗ്രാം ശക്തമാക്കുകയും വിദേശ സഹായം സ്വീകരിക്കുകയും ചെയ്തതിന്റെ ഫലമായി ആരോഗ്യരംഗം വളരെ മുന്നോട്ടു പോയിട്ടുണ്ട്. മലാവി തുടങ്ങിയ അയല്‍രാജ്യങ്ങളിലെ ജനങ്ങള്‍ പലപ്പോഴും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി കെനിയയിലേക്കാണ് വരാറുള്ളത്.
പ്രതീക്ഷകള്‍
ആഫ്രിക്കയിലെ ജനങ്ങളുടെ ഇടയില്‍ അന്ധവിശ്വാസങ്ങള്‍ക്കും അപരിഷ്‌കൃത ചിന്തകള്‍ക്കും കുറവില്ല എന്നുള്ളത് യാഥാര്‍ഥ്യമാണ്. പലപ്പോഴും 'ആത്മാവ്' മുഖാന്തരം ചികിത്സിക്കുന്ന മന്ത്രവാദികളാണ് പല ഗ്രാമങ്ങളിലെയും ഡോക്ടര്‍മാരുടെ കുറവുകള്‍ നികത്തുന്നത്. എന്നാല്‍ വില കുറഞ്ഞ മരുന്നുകളും വാക്‌സിനുകളും വിപണിയില്‍ എത്തിയതോടെ ആഫ്രിക്കയുടെ ആരോഗ്യരംഗത്തും ഒരുപാടു മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. എയ്ഡ്‌സ്, ടി.ബി തുടങ്ങി പല രോഗങ്ങളെയും പിടിച്ചുനിർത്താന്‍ കഴിഞ്ഞുവെങ്കിലും ഇനിയും മുന്നേറാന്‍ ആഫ്രിക്കന്‍ ആരോഗ്യരംഗം കാത്തിരിക്കുകയാണ്.
ഇന്ത്യയുടെ സാധ്യതകള്‍
ഇന്ത്യയുടെ പല ഫാര്‍മ കമ്പനികളും ആഫ്രിക്കന്‍ മാര്‍ക്കറ്റില്‍ പ്രധാന പങ്കു വഹിക്കുന്നവരാണ്. കൂടാതെ ഇന്ത്യന്‍ മരുന്നുകള്‍ക്കുള്ള സ്വീകാര്യത എടുത്തു പറയേണ്ടതാണ്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കാണുന്നത് പോലെ ഇന്ത്യന്‍ ഡോക്ടര്‍മാരും ആശുപത്രികളും വിരളമാണ്. അതിനൊരു കാരണം വിദേശ ഡോക്ടര്‍മാരെ പ്രാക്ടീസ് ചെയ്യുന്നതിന് പല രാജ്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്ന അപ്രഖ്യാപിത വിലക്കാണ്. പല പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ആഫ്രിക്ക പോലുള്ള ഒരു ഭൂഖണ്ഡത്തിന്റെ ഉയര്‍ച്ചയ്ക്ക് ഇന്ത്യയിലെ മിടുക്കന്മാരായ ഡോക്ടര്‍മാരുടെ സേവനം അത്യന്താപേക്ഷിതമാണ്. ഇന്ത്യന്‍ വ്യവസായികളെ ഈ ബിസിനസ് രംഗത്ത് മുതല്‍മുടക്കുവാന്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ ആവശ്യമാണ്. കാരണം, പല രാജ്യങ്ങളിലും ഈ മേഖലയില്‍ ദേശസാല്‍കൃത നയമുണ്ട്. സുരക്ഷ, ഇന്‍ഷുറന്‍സ് മേഖലയിലെ സുതാര്യത എന്നിങ്ങനെ പല വെല്ലുവിളികളും മുന്നിലുണ്ട്.
ഇതെല്ലാം പരിഹരിച്ചു മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചാല്‍ ആഫ്രിക്കയെ കൂടുതല്‍ ആധുനികവത്കരിക്കാനും ആരോഗ്യവല്‍ക്കരിക്കാനും ഇന്ത്യയുടെ നേതൃത്വത്തില്‍ സാധിക്കും.
ഫാര്‍മ കമ്പനികഉടെ നിർമാണ കേന്ദ്രം ആഫ്രിക്കയിലേക്ക് മാറ്റുവാനുള്ള തടസങ്ങളില്‍ പ്രധാനം വ്യതിചലിച്ചു കൊണ്ടിരിക്കുന്ന ആഫ്രിക്കന്‍ കറന്‍സികളും ധനവിനിമയത്തിലെ നിയന്ത്രണങ്ങളും (ഡോളറിന്റെ ലഭ്യതക്കുറവ്) എല്ലാമാണ്. ഉഗാണ്ടയിലെ ഏറ്റവും പഴയ വിദ്യാഭ്യാസ സ്ഥാപങ്ങളിലൊന്നായ മക്കരെറെ യൂനിവേഴ്‌സിറ്റിയില്‍ വെറ്റിനറി-മെഡിക്കല്‍ ബിരുദങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ഇതുപോലെ നിലവാരമുള്ള ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങള്‍ ഇന്നും ആഫ്രിക്കയില്‍ വിരളമാണ്. ഇതെല്ലാം ഇന്ത്യക്കു മുന്നിലുള്ള സാധ്യതകളാണ്.
തന്റെ ചുറ്റുപ്പാടുകളിലെ സൗകര്യക്കുറവും ദാരിദ്ര്യവും ഒന്നും ഒരു ആഫ്രിക്കന്റെ സന്തോഷത്തിനു ഒട്ടും കുറവു വരുത്തിന്നില്ല. എപ്പോഴും ചിരിക്കുന്ന മുഖം ആരോഗ്യവാനായ ഒരു മനസിന്റെ ഉടമക്ക് മാത്രമേ സാധിക്കൂ. അത് വേണ്ടുവോളമുള്ള ഒരു ജനതയാണ് ആഫ്രിക്കന്‍സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."