പശുക്കള്‍ക്കായൊരു മനുഷ്യക്കുരുതി
കെ.എ സലിം
മുഈനുല്‍ ഹഖിന്റെ കുടുംബം മാത്രമല്ല, കുടിയൊഴിപ്പിക്കപ്പെട്ട 800ല്‍ കൂടുതല്‍ കുടുംബങ്ങള്‍ ഇപ്പോള്‍ തൊട്ടടുത്തുള്ള സൂത്ത നദിക്കരയിലെ തുറന്ന വയലിലാണ് താമസം. അവിടെനിന്ന് നോക്കിയാല്‍ മറുകരയില്‍ പൊലിസ് പൊളിച്ചുമാറ്റിയ പഴയ വീടുകളുടെ അവശിഷ്ടങ്ങളും കത്തിച്ച കൃഷിഭൂമിയും കാണാം. സിപാജാറിലെ ധോല്‍പൂര്‍ ഒന്ന്, രണ്ട്, മൂന്ന് എന്നീ ഗ്രാമങ്ങളിലായുള്ള 25,595 ഏക്കര്‍ ഭൂമിയില്‍ താമസിക്കുന്ന 1200 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ ഹിമന്ദ ബിശ്വ സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. 9.6 കോടി രൂപയുടെ ഗാരുഖുതി പദ്ധതിക്കായാണ് ഒഴിപ്പിക്കല്‍. തദ്ദേശീയരായ യുവാക്കള്‍ക്കായി 2000 ഗീര്‍ പശുക്കളെ വളര്‍ത്തുന്ന ഗോശാല തയാറാക്കലാണ് ഗാരുഖുതി പദ്ധതി. തദ്ദേശീയരെന്നാല്‍ ഹിന്ദുക്കള്‍. ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെ ബംഗ്ലാദേശികള്‍ എന്നാണ് വിളിക്കാറ്. ഗാരുഖുതി പദ്ധതിയെന്ന പേരില്‍ ഹിന്ദു കുടിയേറ്റ കേന്ദ്രമുണ്ടാക്കാനുള്ള പദ്ധതിയാണ് ഹിമന്ദയുടേതെന്നാണ് ആരോപണം. ഇതിനാണ് 40ലധികം വര്‍ഷമായി ഇവിടെ താമസിക്കുന്ന ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെ ഒഴിപ്പിക്കുകയും വെടിവച്ചു കൊല്ലുകയും ചെയ്യുന്നത്.
ഈ വര്‍ഷം ജൂണില്‍ ഹിമന്ദ പ്രദേശം സന്ദര്‍ശിച്ചതോടെയാണ് സംഘര്‍ഷത്തിന്റെ തുടക്കം. പ്രദേശത്ത് ശിവക്ഷേത്രനിര്‍മാണത്തിനായി നേരത്തെത്തന്നെ 40 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ വിട്ടുനല്‍കിയിരുന്നു. ക്ഷേത്രത്തിന്റെ നിര്‍മാണം പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. പിന്നാലെയാണ് കുടിയൊഴിപ്പിക്കലിനായുള്ള പദ്ധതി പ്രഖ്യാപിക്കുന്നത്. ഗാരുഖുതി പദ്ധതിക്കായി ഹിമന്ദ 9.6 കോടി രൂപ പ്രഖ്യാപിച്ചു. പ്രദേശം കമ്യൂണിറ്റി അഗ്രിക്കല്‍ച്ചറല്‍ ലാന്റായും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജൂണില്‍ത്തന്നെ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന മുസ്‌ലിം കുടുംബങ്ങളെ ഒഴിപ്പിച്ചു. പിന്നാലെയാണ് ബാക്കിയുള്ളവരെക്കൂടി ഒഴിപ്പിക്കാനായി പദ്ധതി തയാറാക്കുന്നത്.
സര്‍ക്കാര്‍ പറയുന്നതില്‍ ഒരു വസ്തുതയുണ്ട്, അത് സര്‍ക്കാര്‍ ഭൂമിയാണ്. എന്നാല്‍ എന്തുകൊണ്ട് ഈ കുടുംബങ്ങള്‍ ഇവിടെയെത്തിയെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരവുമുണ്ട്. ബ്രഹ്മപുത്ര നദി ഗതിമാറിയൊഴുകിയപ്പോള്‍ വെള്ളത്തിനടിയിലായിപ്പോയ കജിരംഗ, മായോം, ഗോല്‍പ്പാര, ബാര്‍പ്പേട്ടയിലെ താരാവാരി, ഹഫ്ഷ തുടങ്ങിയ ഗ്രാമങ്ങളില്‍ നിന്ന് കുടിയേറിയവരാണ് ഈ കുടുംബങ്ങള്‍. ബ്രഹ്മപുത്ര ഒരിക്കല്‍ ഗതിമാറിയൊഴുകിയാല്‍ പിന്നീട് ആ പ്രദേശങ്ങള്‍ തിരിച്ചുകിട്ടാറില്ല. അത് നദിയായി തുടരുകയോ അല്ലെങ്കില്‍ ഇനിയൊരിക്കല്‍ക്കൂടി വീടുവച്ചു താമസിക്കാന്‍ പറ്റാതാവും വിധം ചതുപ്പായി മാറുകയോ ചെയ്യും. ഓരോ വെള്ളപ്പൊക്കക്കാലത്തും അസമിലുടനീളം ഇതുമൂലം ഇത്തരത്തിലുള്ള കുടിയേറ്റങ്ങളുണ്ടാകാറുണ്ട്. കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് പിന്നീട് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയോ ഒഴിപ്പിക്കുകയോ ചെയ്യും.
10 വര്‍ഷത്തിലധികം താമസിച്ചവര്‍ക്ക് സര്‍ക്കാര്‍ ആ ഭൂമി നല്‍കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. കൃഷിക്കാരായതിനാല്‍ നദിക്കരകളിലാണ് കുടിയേറ്റ കേന്ദ്രങ്ങളുണ്ടാകുക. ധോല്‍പൂരിലേക്ക് കുടിയേറ്റമുണ്ടാകുന്നത് ഒറ്റഘട്ടമായല്ലെന്ന് ദീര്‍ഘകാലം കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിച്ച ഷെങ്ങ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ അഷ്‌റഫുല്‍ ഹുസൈന്‍ പറയുന്നു. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കുടിയേറി അങ്ങനെ കാലങ്ങള്‍ കൊണ്ട് ധോല്‍പൂരിലെത്തിയവരാണ് പല കുടുംബങ്ങളും. 2016ന് ശേഷം സര്‍ക്കാര്‍ കുടിയൊഴിപ്പിക്കല്‍ വ്യാപകമാക്കിയെന്നും അഷ്‌റഫുല്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടുന്നു. ഹിമന്ദ ബിശ്വ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അതിനൊരു ആക്രമികസ്വഭാവം കൂടി കൈവന്നു.
ധോല്‍പൂരില്‍ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരേ 200 കുടുംബങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ നോട്ടിസയച്ച കോടതി കേസ് പരിഗണിച്ചുവരികയാണ്. ഇതില്‍ വിധിവരാന്‍ പോലും കാത്തിരിക്കാന്‍ തയാറാകാതെയാണ് ഹിമന്ദ കുടിയൊഴിപ്പിക്കാന്‍ പൊലിസിനെ അയയ്ക്കുന്നത്. കഴിഞ്ഞ മാസം 600 ഓളം കുടുംബങ്ങളെ പകരം ഭൂമി പോലും നല്‍കാതെ ഇവിടെ നിന്ന് പൊലിസ് കുടിയൊഴിപ്പിച്ചിരുന്നു. അവരെ പുനരധിവസിപ്പിക്കാന്‍ ആവശ്യപ്പെട്ട് ആള്‍ അസം മൈനോറിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ പോലുള്ള സംഘടനകള്‍ പ്രതിഷേധിച്ചു. സമരക്കാരുമായി ചര്‍ച്ച നടത്തിയ അധികൃതര്‍ പരിഹാരമുണ്ടാക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ഈ ധാരണ ലംഘിച്ച് ബാക്കിയുള്ളവരെ ഒഴിപ്പിക്കാന്‍ പൊലിസ് എത്തിയതോടെയാണ് പ്രശ്‌നം സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. സെപ്റ്റംബര്‍ 23ന് ഒഴിയണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ 22ന് രാത്രി അധികൃതര്‍ നോട്ടിസ് നല്‍കി. സമയം പോലും നല്‍കാതെ ഒഴിപ്പിക്കാനുള്ള നീക്കത്തില്‍ പ്രദേശവാസികള്‍ രോഷാകുലരായി.
സര്‍ക്കാര്‍ ആദ്യം പ്രചരിപ്പിച്ചത് കുടിയേറ്റക്കാര്‍ ബംഗ്ലാദേശികളാണെന്ന നുണയാണ്. എന്നാല്‍, ഗ്രാമത്തിലെ എല്ലാവരും പൗരത്വപ്പട്ടികയിലുണ്ട്. പ്രഭാജാന്‍ വിരോധി മഞ്ച് പോലുള്ള വംശീയ സംഘടനകള്‍ ഈ കുടിയേറ്റക്കാര്‍ക്കെതിരേ ബംഗ്ലാദേശികളെന്നും പ്രദേശവാസികള്‍ക്ക് ഭീഷണിയാണെന്നും വ്യാപക പ്രചാരണം നടത്തിയപ്പോഴും സര്‍ക്കാര്‍ നിശബ്ദരായി നിന്നു. സെപ്റ്റംബര്‍ 23ന് ജില്ലാ അധികൃതര്‍ പൊലിസിന്റെ വലിയൊരു സംഘത്തിനൊപ്പമെത്തി. നദിയുടെ ഒരു വശത്ത് പൊലിസ് തോക്കുകളുമായി നിലയുറപ്പിച്ചു. ഒഴിയാന്‍ തയാറായവര്‍ക്ക് പോലും ഒന്നുമെടുക്കാന്‍ പൊലിസ് അവസരം നല്‍കിയില്ലെന്ന് ഗ്രാമീണര്‍ പറയുന്നു. പാകം ചെയ്തുവച്ച ഭക്ഷണം കഴിക്കാന്‍ പോലും സമയം ലഭിച്ചില്ല. പകരം ഭൂമി നല്‍കണമെന്നും വിളവെടുപ്പ് കാലം വരെയെങ്കിലും കാത്തിരിക്കണമെന്നും ഗ്രാമീണര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വയലുകള്‍ക്ക് തീ കൊളുത്തിക്കൊണ്ടായിരുന്നു പൊലിസിന്റെ മറുപടി. ഈ ഘട്ടത്തില്‍ ചിലര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താന്‍ പോയി. അതില്‍ മുഈനുല്‍ ഹഖുമുണ്ടായിരുന്നുവെന്ന് സഹോദരന്‍ ഐനുദ്ദീന്‍ പറയുന്നു. ഒരു വശത്ത് ചര്‍ച്ച നടക്കുമ്പോള്‍ പൊലിസ് മറുവശത്ത് ലാത്തിച്ചാര്‍ജ് തുടങ്ങി. കുട്ടികളെയും സ്ത്രീകളെയും മര്‍ദിച്ചു. വീടുകള്‍ തകര്‍ക്കാന്‍ തുടങ്ങി. ഇതോടെയാണ് സംഘര്‍ഷമുണ്ടാകുന്നത്.
പൊലിസിനെ അക്രമിക്കാന്‍ മുഈനുല്‍ ഹഖിന് യാതൊരു ഉദ്ദേശവുമുണ്ടായിരുന്നില്ലെന്ന് സഹോദരന്‍ പറയുന്നു. വീടുകള്‍ക്കും കുട്ടികള്‍ക്കും നേരെ പൊലിസ് വെടിവച്ചതാണ് മുഈനുല്‍ ഹഖിനെ പ്രകോപിപ്പിച്ചത്. വടിയുമായി പൊലിസിന് നേരെ ചെല്ലുമ്പോള്‍ വെടിവയ്ക്കുമെന്ന് കരുതിയിരുന്നില്ല. പൊലിസിന് വെടിവയ്‌ക്കേണ്ട യാതൊരു സാഹചര്യവും അവിടെയുണ്ടായിരുന്നില്ലെന്ന് അഷ്‌റഫുല്‍ ഹുസൈനും പറയുന്നു. ഗ്രാമവാസികളുടെ കൈയില്‍ വടിയല്ലാത്ത ആയുധങ്ങളുണ്ടായിരുന്നില്ല.
ഗാരുഖുതി പദ്ധതി ആര്‍ക്കു വേണ്ടിയാണെന്ന ചോദ്യമായിരുന്നു പ്രധാനം. പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയാല്‍ ഉണ്ടാകുന്ന ഹിന്ദു കുടിയേറ്റക്കാര്‍ക്ക് നല്‍കാനുള്ള ഭുമിയൊഴിപ്പിക്കലാണ് ഗാരുഖുത്തി പദ്ധതിയെന്നാണ് ബയ്ഷ ഗ്രാമത്തിലെ സര്‍പഞ്ച് അംറാന്‍ ഹുസൈന്‍ പറയുന്നത്. ഗ്രാമീണര്‍ പറയുന്ന മറ്റൊരു കാര്യംകൂടിയുണ്ട്: പൊലിസ് അതിക്രമത്തില്‍ അവരില്‍ ഭൂരിഭാഗത്തിന്റെയും രേഖകള്‍ നഷ്ടമായി. പൗരത്വം തെളിയിക്കുക കൂടി ചെയ്യേണ്ട സാഹചര്യം വന്നാല്‍ ഭൂരിഭാഗം കുടുംബങ്ങള്‍ക്കും അത് സാധ്യമല്ല.
(തുടരും)
ആദ്യഭാഗം വായിക്കാം:
മുംതാസ് ഇനിയും കണ്ടിട്ടില്ല, മുഈനിന്റെ നെഞ്ചെല്ല് തകര്‍ക്കുന്ന ദൃശ്യങ്ങള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."