HOME
DETAILS
MAL
മോന്‍സണ്‍ മൂന്നുദിവസം കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
backup
October 01 2021 | 04:10 AM
കൊച്ചി: പുരാവസ്തുതട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കലിനെ എറണാകുളം എ.സി.ജെ.എം കോടതി മൂന്നു ദിവസത്തേക്ക് കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ തെളിവുകളും വിവരങ്ങളും ശേഖരിക്കാനുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. മോന്‍സണ്‍ ഹാജരാക്കിയ ബാങ്ക് രേഖകള്‍ കൃത്രിമമാണെന്ന് ബാങ്ക് അറിയിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ബാങ്കില്‍നിന്ന് തേടിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.
ആദ്യഘട്ടത്തിലുണ്ടായിരുന്നതിനു പുറമെ കൂടുതല്‍ കേസുകള്‍ ഇപ്പോള്‍ മോന്‍സണെതിരേയുണ്ട്. നേരത്തെയുണ്ടായിരുന്ന സാമ്പത്തിക തട്ടിപ്പു കേസില്‍ ഫെമ ഇടപാടുമായി ബന്ധപ്പെട്ട് മോന്‍സണ്‍ ഹാജരാക്കിയിരുന്ന രേഖകളെല്ലാം വ്യാജമാണെന്നു കണ്ടെത്തിയിട്ടുണ്ട്.
എച്ച്.എസ്.ബി.സി ബാങ്ക് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. 2,62,000 കോടി രൂപയുടേതായി മോന്‍സണ്‍ പ്രദര്‍ശിപ്പിച്ചത് തങ്ങളുടെ രേഖകളല്ലെന്ന് ബാങ്ക് പ്രാഥമികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രേഖകള്‍ എങ്ങനെയാണ് കെട്ടിച്ചമച്ചതെന്നും അന്വേഷിക്കുന്നുണ്ട്. കൂടാതെ ചില ട്രിബ്യൂണലുകളമായി ബന്ധപ്പെട്ട രേഖകള്‍ കൂടി മോന്‍സണ്‍ തട്ടിപ്പിനുപയോഗിച്ചിട്ടുണ്ട്. ഇവ എങ്ങനെ കൃത്രിമമായി നിര്‍മിച്ചു, ആരുടെ സഹായം ലഭിച്ചു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ടെന്നും അതിനാല്‍ കസ്റ്റഡിയില്‍ വേണമെന്നുമാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടത്.
കസ്റ്റഡി നീട്ടണമെന്ന ക്രൈംബ്രാഞ്ച് ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തു. മോന്‍സന്റെ അക്കൗണ്ടിലേക്കു പണമെത്തിയിട്ടില്ല. ഇല്ലാത്ത പണം കണ്ടെത്താന്‍ കസ്റ്റഡി നീട്ടരുത്. മോന്‍സണെതിരായ ആരോപണം അടിസ്ഥാനരഹിതമാണ്. വീട്ടില്‍ കുറച്ചു സാധനങ്ങള്‍ ഉണ്ടാക്കിവച്ചെന്നല്ലാതെ വില്‍പ്പനയ്ക്കു ശ്രമിച്ചിട്ടില്ല. ഈ ആരോപണത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. കോടികളുടെ തട്ടിപ്പു നടന്നെന്നു പറയുമ്പോഴും അതിനു മതിയായ രേഖകള്‍ ക്രൈംബ്രാഞ്ചിന്റെ പക്കലില്ല. മാധ്യമവാര്‍ത്തകള്‍ക്കു പിന്നാലെയാണ് അന്വേഷണ സംഘം പോകുന്നത്. 10 കോടിയുടെ തട്ടിപ്പു നടന്നെന്നു പറയുമ്പോഴും ഒരുകോടി കൈമാറിയതിന്റെ രേഖകള്‍ മാത്രമാണ് ക്രൈംബ്രാഞ്ച് കാണിച്ചിട്ടുള്ളതെന്നും പ്രതിഭാഗം പറഞ്ഞു.
പ്രതിഭാഗം വാദം തള്ളി കോടതി ക്രൈംബ്രാഞ്ചിന്റെ വാദങ്ങള്‍ അംഗീകരിക്കുകയായിരുന്നു. ഇന്നലെ രാവിലെ കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതിനു ശേഷമാണ് ക്രൈംബ്രാഞ്ച് മോന്‍സണെ കോടതിയില്‍ ഹാജരാക്കിയത്. ഇന്നും നാളെയും ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ മോന്‍സണെ ചോദ്യം ചെയ്യും.
മറ്റുള്ള ആരോപണങ്ങളും പരിശോധിക്കും:
എ.ഡി.ജി.പി ശ്രീജിത്ത്
കൊച്ചി: മോന്‍സണെതിരേ നിലവില്‍ സാമ്പത്തിക തട്ടിപ്പു കേസുകളിലാണ് അന്വേഷണം നടക്കുന്നതെന്നും പ്രതിക്കെതിരായ മറ്റുള്ള ആരോപണങ്ങളിലും അന്വേഷണം നടക്കുമെന്നും ക്രൈംബ്രാഞ്ച് എ.ഡി..ജി.പി എസ്. ശ്രീജിത്.
മോന്‍സന്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന പരാതി പരിശോധിക്കും.
മോന്‍സണെതിരേ നാലു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ഷെമീറിന്റെയും യാക്കൂബിന്റെയും പരാതികള്‍, ഭൂമി തട്ടിപ്പിനെക്കുറിച്ച് പാലാ സ്വദേശി രാജീവിന്റെ പരാതി, ചാനല്‍ ചെയര്‍മാന്‍ ചമഞ്ഞതിനെക്കുറിച്ച് 'സംസ്‌കാര ടി.വി' ഉടമകളുടെ പരാതി എന്നിവയുടെ അടിസ്ഥാനത്തിലാണ് നാലു കേസുകള്‍. നാലുകോടി രൂപ വാങ്ങിയതിനു തെളിവു ലഭിച്ചിട്ടുണ്ട്. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."