HOME
DETAILS
MAL
അന്വേഷണം ബെഹ്‌റയിലേക്ക് നീളാതിരിക്കാന്‍ ജാഗ്രതയോടെ പൊലിസ്
backup
October 01 2021 | 04:10 AM
ഇ.പി മുഹമ്മദ്
കോഴിക്കോട്: പുരാവസ്തു തട്ടിപ്പുകേസ് അന്വേഷണം മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയിലേക്ക് നീളാതിരിക്കാന്‍ പൊലിസിന്റെ ജാഗ്രത.
മോന്‍സണ്‍ മാവുങ്കലുമായി ബെഹ്‌റയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടും ഇതുസംബന്ധിച്ച് അന്വേഷണം വേണ്ടെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. മോന്‍സണുമായി അടുപ്പമുള്ള ഉന്നത പൊലിസുദ്യോഗസ്ഥര്‍ക്കെതിരേ ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചെങ്കിലും ഈ പട്ടികയിലും ബെഹ്‌റയുടെ പേരില്ല. ഐ.ജി ലക്ഷ്മണ, മുന്‍ ഡി.ഐ.ജി സുരേന്ദ്രന്‍, എറണാകുളം എ.സി.പി ലാല്‍ജി എന്നിവര്‍ക്കെതിരേ മാത്രമാണ് ഇന്റലിജന്റ്‌സ് അന്വേഷണത്തിന് ഡി.ജി.പി അനില്‍ കാന്ത് നിര്‍ദേശം നല്‍കിയത്.
ആരോപണങ്ങളുയര്‍ന്നിട്ടും കൃത്യമായ വിശദീകരണം നല്‍കാന്‍ ബെഹ്‌റ ഇതുവരെ തയാറായിട്ടില്ല. എല്ലാ വിവരങ്ങളും അന്വേഷണസംഘത്തിനു കൈമാറിയിട്ടുണ്ടെന്നു മാത്രമാണ് ഇതിനകം പ്രതികരിച്ചത്. ബെഹ്‌റയും എ.ഡി.ജി.പി മനോജ് എബ്രഹാമും മോണ്‍സന്റെ വീട്ടിലിരിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലിസിന്റെ 'ബീറ്റ് ബുക്ക്' മോന്‍സന്റെ വീടിനു മുന്നില്‍ സ്ഥാപിച്ചത് ബെഹ്‌റയുടെ നിര്‍ദേശപ്രകാരമായിരുന്നെന്ന വിവരവും പുറത്തുവന്നത്. ബെഹ്‌റ ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്ന് മോന്‍സണ്‍ തങ്ങളെ വിശ്വസിപ്പിച്ചെന്ന് പരാതിക്കാരനായ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി എം.ടി ഷമീര്‍ പറഞ്ഞു. പണമിടപാട് സംബന്ധിച്ച കൂടിക്കാഴ്ചയിലെല്ലാം ബെഹ്‌റയുമായുള്ള ബന്ധത്തെക്കുറിച്ച് മോന്‍സണ്‍ പറഞ്ഞിട്ടുണ്ട്. ഡി.ജി.പി കഴിഞ്ഞ ദിവസം ഇവിടെ വന്നിരുന്നു, അടുത്ത ദിവസം വരും എന്നെല്ലാം മോന്‍സണ്‍ പറയുമായിരുന്നു. ബന്ധം മറയാക്കി തട്ടിപ്പ് നടത്തുകയായിരുന്നെങ്കില്‍ മോന്‍സണെതിരേ ബെഹ്‌റ പരാതി നല്‍കുകയാണ് വേണ്ടതെന്നും ഷമീര്‍ പറഞ്ഞു. ബെഹ്‌റയുടെ സ്വന്തക്കാരനെന്നു പരിചയപ്പെടുത്തിയാണ് പല റാങ്കിലുമുള്ള ഉദ്യാഗസ്ഥരെ മോന്‍സണ്‍ ബന്ധപ്പെട്ടത്. ഇക്കാര്യങ്ങള്‍ അറിയാമായിരുന്നിട്ടും മോന്‍സന്റെ നടപടികളില്‍ ദുരൂഹത തോന്നിയില്ലെന്നത് ബെഹ്‌റയ്‌ക്കെതിരായ ആരോപണങ്ങള്‍ക്ക് ബലമേറ്റുന്നു. മോന്‍സന്റെ ഇടപാടുകളെക്കുറിച്ച് മനോജ് എബ്രഹാം സംശയം പ്രകടിപ്പിച്ചെങ്കിലും ഡി.ജി.പിയായിരുന്ന ബെഹ്‌റ ഇതു കാര്യമായി എടുത്തില്ല. അന്വേഷണത്തിനു മുതിര്‍ന്നപ്പോള്‍ ബെഹ്‌റ താല്‍പര്യം കാണിച്ചതുമില്ല. മനോജ് എബ്രഹാം സ്വന്തം നിലയ്ക്ക് ചില വിവരങ്ങള്‍ ശേഖരിച്ചെങ്കിലും പരാതിയില്ലാത്തതിനാല്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനായില്ല. ഇറ്റാലിയന്‍ പൗരത്വമുള്ള ലോക കേരളസഭാംഗം അനിത പുല്ലയിലാണ് മോന്‍സണെയും ബെഹ്‌റയെയും കൂട്ടിയിണക്കിയത്. എന്നാല്‍ അനിതയുമായി മോന്‍സണ്‍ തെറ്റിയതോടെ പല ഉന്നത പൊലിസുദ്യോഗസ്ഥരും കളംമാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."