HOME
DETAILS
MAL
കുറ്റവാളിയെന്ന് വിചാരണക്കോടതി കണ്ടെത്തിയാല്‍ 16 കഴിഞ്ഞാല്‍ പേര് വെളിപ്പെടുത്താം
backup
October 01 2021 | 04:10 AM
ബാസിത് ഹസന്‍
തൊടുപുഴ: കുറ്റവാളികളെന്ന് കണ്ടെത്തുന്ന 16 വയസ് കഴിഞ്ഞവരുടെ പേരുവിവരം വെളിപ്പെടുത്താമെന്ന് ഉത്തരവ് . കുട്ടിക്കുറ്റവാളികള്‍ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലിസ് മേധാവി അനില്‍ കാന്ത് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശമുള്ളത്.
നാല് നിബന്ധനകള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ വിവരങ്ങള്‍ പുറത്തുവിടാവൂ എന്ന് സര്‍ക്കുലര്‍ കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു.
കുറ്റവാളി 16 വയസ് പൂര്‍ത്തിയായിരിക്കണം. കുറ്റകൃത്യം നീചമായിരിക്കണം. 2015 ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ 15, 19 സെക്ഷനുകള്‍ പ്രകാരം പ്രായപൂര്‍ത്തിയായതായി പരിഗണിച്ച് വിചാരണ നടക്കണം. കുറ്റവാളിയെന്ന് വിചാരണക്കോടതി കണ്ടെത്തിയിരിക്കണം. ഈ നാല് നിബന്ധനകള്‍ പൂര്‍ത്തീകരിച്ചാല്‍ കേസ് സംബന്ധിച്ച് ഏതു രേഖകളും പരസ്യപ്പെടുത്താം. നീചമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ നിയമത്തിനെതിരേ പ്രവര്‍ത്തിക്കുന്ന കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി പ്രായപൂര്‍ത്തിയാവരായി കണക്കാക്കും. ഏഴു വര്‍ഷവും അതിലധികവും ശിക്ഷിക്കുന്ന കുറ്റകൃത്യങ്ങളെയാണ് സാധാരണയായി നീചമായ കുറ്റകൃത്യമായി കണക്കാക്കുന്നത്.
പൊലിസ് പരിശോധനാ സര്‍ട്ടിഫിക്കറ്റില്‍ തന്റെ കുറ്റകൃത്യം വെളിപ്പെടുത്തിയതിനാല്‍ ജോലിസാധ്യത ഇല്ലാതായതായി കാണിച്ച് ഒരു കുട്ടിക്കുറ്റവാളി ഇടുക്കി ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റിയെ സമീപിച്ചിരുന്നു.
ജില്ലാ ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റിയുടേയും ബന്ധപ്പെട്ട പൊലിസ് ഉദ്യോഗസ്ഥരുടേയും യോഗം ഹൈക്കോടതി ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റി കഴിഞ്ഞ 15 ന് വിളിച്ചുചേര്‍ത്ത് വിഷയത്തിന്റെ വിവിധവശങ്ങള്‍ ചര്‍ച്ച ചെയ്തു.
ഈ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് സംസ്ഥാന പൊലിസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."