HOME
DETAILS
MAL
മോന്സണ് 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്ന് പറഞ്ഞത് പച്ചക്കള്ളം; പാസ്പോര്‍ട്ട് പോലുമില്ല
backup
October 01 2021 | 04:10 AM
കൊച്ചി: പുരാവസ്തു വില്പ്പനക്കാരനെന്നവകാശപ്പെട്ട് കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ മോന്സണ് മാവുങ്കല്‍ പലരില്‍നിന്നായി നാലു കോടി രൂപ വാങ്ങിയതിനു തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്. എന്നാല്‍ പണം വാങ്ങിയത് സ്വന്തം അക്കൗണ്ട് വഴിയല്ലെന്നും സഹായികളുടെ അക്കൗണ്ടുകള്‍ വഴിയും നേരിട്ട് പണമായുമാണ് വാങ്ങിയതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
മോന്സണ് പാസ്പോര്‍ട്ടില്ല. ഇന്ത്യയ്ക്കു പുറത്തേക്ക് സഞ്ചരിച്ചിട്ടുമില്ല. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നു വെറുതെ പറഞ്ഞതാണെന്ന് മോന്സണ് ക്രൈംബ്രാഞ്ചിനു മൊഴി നല്കി. കോടികള്‍ തട്ടിയെന്നു പറയുമ്പോഴും ആ തുകയെക്കുറിച്ച് ഒരു സൂചനയും ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടില്ല. ഇന്നലെ ചോദ്യം ചെയ്യലില്‍ തനിക്ക് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണുള്ളതെന്നും അതില്‍ 176 രൂപയേ അവശേഷിക്കുന്നുള്ളൂവെന്നും മോന്സണ് വെളിപ്പെടുത്തി. കാശില്ലാതെ വലയുകയാണ്. അംഗരക്ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശമ്പളം മുടങ്ങി. മകളുടെ വിവാഹ നിശ്ചയത്തിന് മൂന്നു ലക്ഷം രൂപ കടം വാങ്ങേണ്ടിവന്നെന്നും ഇയാള്‍ പറഞ്ഞു.
പരാതിക്കാരില്‍നിന്ന് 10 കോടി വാങ്ങിയിട്ടില്ല. തട്ടിച്ച പണം കൊണ്ട് പള്ളിപ്പെരുനാള് നടത്തി. ഇതിനായി ഒന്നരക്കോടി ചെലവായി. പ്രതിമാസം 50,000 വാടകയുള്ള വീട്ടിലായിരുന്നു താമസം. വൈദ്യുതി ബില്‍ ശരാശരി പ്രതിമാസം 30,000 രൂപയായിരുന്നു.
സ്വകാര്യ സുരക്ഷയ്ക്കുള്‍പ്പെടെ ശരാശരി മാസച്ചെലവ് 25 ലക്ഷം വരുമെന്നും മോന്സണ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. തട്ടിപ്പുപണംകൊണ്ട് കാറുകള്‍ വാങ്ങിക്കൂട്ടിയെന്നും പ്രതി മൊഴി നല്കി. പണം തന്നവര്‍ക്ക് പ്രതിഫലമായി കാറുകള്‍ നല്കി. പരാതിക്കാരായ യാക്കൂബിനും അനൂപിനും പോര്‍ഷെ, ബി.എം.ഡബ്ല്യു കാറുകളും നല്കി.
കോടികളുടെ മൂല്യമുണ്ടെന്ന് താന്‍ പ്രചരിപ്പിച്ചിരുന്ന പുരാവസ്തുക്കളെല്ലാം വ്യാജ നിര്‍മിതികളാണെന്നും ഇയാള്‍ ക്രൈബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി സൂചനയുണ്ട്. കേരളത്തില്‍ തന്നെ നിര്‍മിച്ചതും ഏജന്റുമാര്‍ വഴി സംഘടിപ്പിച്ചതുമാണ് ഇവയിലേറെയെന്നും ഒന്നിനും കൃത്യമായ രേഖകളൊന്നുമില്ലെന്നും മോന്സണ് വെളിപ്പെടുത്തിയിട്ടുണ്ട്.
നിര്‍ണായകമായ പല വിവരങ്ങളും ക്രൈംബ്രാഞ്ചിന്ുലഭിച്ചിട്ടുണ്ടെങ്കിലും അവയൊന്നും പുറത്തുവിട്ടിട്ടില്ല.പണം ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് മോന്‍സന്റെ ശബ്ദസാംപിള്‍ ശേഖരിക്കും. അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് ആര്‍ക്കിയോളജി വകുപ്പിന്റെ സഹായം തേടിയിട്ടുണ്ട്. മോന്‍സന്റെ കൈവശമുള്ള പുരാവസ്തുക്കള്‍ ശാസ്ത്രീയമായി പരിശോധിക്കും. ഇതിനായി അടുത്ത ദിവസം പുരാവസ്തു വകുപ്പിന് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കും.
ശബരിമലയുമായി ബന്ധപ്പെട്ട വിവാദ ചെമ്പോലയും പരിശോധിക്കും. പുരാവസ്തുക്കള്‍ വ്യാജമാണെങ്കില്‍ വഞ്ചനാക്കുറ്റത്തിനു കേസെടുക്കും. പരാതിയില്ലാത്തതിനാല്‍ വ്യാജ ചികിത്സയ്ക്ക് കേസെടുക്കാനാകില്ല.
വ്യാജരേഖകള്‍ നിര്‍മിച്ചു നല്‍കിയതാര്, പുരാവസ്തുക്കള്‍ രാജ്യത്തിനു പുറത്തേക്ക് കടത്തിയിട്ടുണ്ടോ, തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം എന്തു ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് ഇയാളില്‍നിന്ന് ലഭിക്കേണ്ടത്. കലൂരിലെ വീട് കേന്ദ്രീകരിച്ച് നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."