HOME
DETAILS
MAL
സിദ്ദു രാജി പിന്‍വലിച്ചേക്കും; മുഖ്യമന്ത്രിയെ കണ്ടു
backup
October 01 2021 | 04:10 AM
കളങ്കിതരായ ഉദ്യോഗസ്ഥരെ മാറ്റുമെന്ന് സൂചന, മന്ത്രിസഭാ യോഗം തിങ്കളാഴ്ച
ചണ്ഡിഗഢ്: പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജിവച്ച നവജ്യോത് സിങ് സിദ്ദു മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുമായി കൂടിക്കാഴ്ച നടത്തി. കളങ്കിതരുമായി യോജിച്ചുപോകാനാവില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന സിദ്ദുവിനെ മുഖ്യമന്ത്രി ചന്നി ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഇതിനു സമ്മതം മൂളിയതോടെ സിദ്ദു രാജി പിന്‍വലിച്ചേക്കുമെന്ന വാര്‍ത്തകളും പ്രചരിച്ചു. ചന്നി മന്ത്രിസഭയിലെ അഴിമതി ആരോപണ വിധേയനായ മന്ത്രി, ചില ഉദ്യോഗസ്ഥര്‍ എന്നിവരെ മാറ്റണമെന്ന ആവശ്യമാണ് സിദ്ദു ഉന്നയിച്ചത്. തന്റെ ആവശ്യങ്ങള്‍ വ്യക്തിപരമല്ലെന്നും ആദര്ശത്തിനുവേണ്ടിയാണ് രാജിവച്ചതെന്നും സിദ്ദു വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പിശകുണ്ടെങ്കില്‍ തിരുത്താമെന്ന സന്ദേശം ഈയിടെ ചുമതലയേറ്റ ചന്നി അറിയിച്ചത്.
ഇന്നലെ ചണ്ഡിഗഢിലെ പഞ്ചാബ് ഹൗസിലാണ് ചന്നിയും സിദ്ദുവും കൂടിക്കാഴ്ച നടത്തിയത്. വൈകിട്ട് മൂന്നിന് ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി വിളിച്ചതായി സിദ്ദു ട്വീറ്റ് ചെയ്തിരുന്നു.
തുടര്‍ന്ന് ദീര്‍ഘനേരം ഇരുവരും ചര്‍ച്ച നടത്തി. കാബിനറ്റ് മന്ത്രി രാജ് കുമാര്‍ വെര്കയും പങ്കെടുത്തു. ഒക്ടോബര്‍ നാലിന് മന്ത്രിസഭാ യോഗം ചേരുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ചന്നി പറഞ്ഞു. ഈ യോഗത്തില്‍ ഉദ്യോഗസ്ഥ തലത്തിലെ മാറ്റം റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് സൂചന. എന്നാല്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ സിദ്ദുവോ മുഖ്യമന്ത്രി ചന്നിയോ വെളിപ്പെടുത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."