അത്ഭുത കാഴ്ചകളുമായി പൊതുജനങ്ങൾക്കുള്ള ഗ്രീൻ സോൺ തുറന്നു; COP28 ൽ എത്തുന്നത് ആയിരങ്ങൾ
അത്ഭുത കാഴ്ചകളുമായി പൊതുജനങ്ങൾക്കുള്ള ഗ്രീൻ സോൺ തുറന്നു; COP28 ൽ എത്തുന്നത് ആയിരങ്ങൾ
ദുബൈ: ദുബൈയിൽ നടന്നുവരുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനത്തിന് തുടക്കമായി. പൊതുജനങ്ങൾക്കായി ഒരുക്കിയ ഗ്രീൻ സോണിലേക്കാണ് ഞായറാഴ്ച രാവിലെ മുതൽ പ്രവേശനം നൽകിയത്. COP28 വെബ്‍സൈറ്റ് വഴി ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് പ്രവേശനം നൽകുന്നത്. സൗജന്യമായാണ് ഇവിടേക്ക് പ്രവേശനം ഒരുക്കിയത്. ലോകത്തിന്റെ ഭാവി നിശ്ചയിക്കുന്ന നൂതന ആശയങ്ങളുടെ ലോകമാണ് ഗ്രീൻ സോൺ.
COP28 ഉച്ചകോടിയിൽ പ്രധാനമായും രണ്ട് സോണുകളാണ് ഒരുക്കിയിട്ടുള്ളത്. ഉച്ചകോടിയിലേക്ക് എത്തിയ വിവിധ രാഷ്ട്രത്തലവന്മാർ ഉൾപ്പെടെയുള്ള പ്രതിനിധികൾക്ക് വേണ്ടി ഒരുക്കിയ ബ്ലൂ സോൺ ഏരിയയിലേക്ക് സാധാരണക്കാർക്ക് പ്രവേശനമില്ല. പൊതുജനങ്ങൾക്ക് പ്രവേശനമുള്ള ഇടം ഗ്രീൻ സോൺ മാത്രമാണ്. 200 സ്വകാര്യ കമ്പനികളുടെയും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെയും പ്രദർശനമാണ് ഗ്രീൻ സോണിലുള്ളത്. കാലാവസ്ഥ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നത് ഉൾപ്പെടെയുള്ള ഏഴു തീമാറ്റിക് ഹബുകളാണ് ഗ്രീൻ സോണിൽ ഒരുക്കിയിട്ടുള്ളത്. ഊർജ പരിവർത്തന ഹബ്, വൈജ്ഞാനിക ഹബ്, കാലാവസ്ഥ ധനകാര്യ ഹബ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഹബ്, സ്റ്റാർട്ടപ് വില്ലേജ്, ഹ്യൂമാനിറ്റേറിയൻ ഹബ്, യുവജന ഹബ് എന്നിവയാണ് അവ.
കാലാവസ്ഥ വ്യതിയാനവും സുസ്ഥിരതയും സംബന്ധിച്ച 300ലധികം ചർച്ചകളും പരിപാടികളും വിവിധ ഹബുകളിലായി നടക്കുന്നുണ്ട്. ഇവിടെ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ പങ്കുവെക്കാൻ അവസരവുമുണ്ട്. സംഗീത പരിപാടികൾ, ഇവന്റുകൾ, ഷോകൾ എന്നിവയും ഇവിടെയുണ്ടാകും. 90ലധികം ഭക്ഷണ-പാനീയ ഔട്ട്ലറ്റുകളും സോണിൽ സജ്ജീകരിച്ചിട്ടുണ്ട്. ഡിസംബർ 12 വരെയാണ് ഇവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."