ഇന്ത്യന്‍ മതേതരത്വത്തിന്റെ കെടാവിളക്ക്
മനുഷ്യരെയെല്ലാം ഐക്യത്തിന്റെ ഒറ്റച്ചരടില്‍ കോര്‍ത്തിണക്കാന്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച മഹാത്മാ ഗാന്ധി ചരിത്രത്തില്‍ ആരായിരുന്നുവെന്നും ഗാന്ധിജിയുടെ ദര്‍ശനങ്ങളുടെ സമകാലീന പ്രസക്തി എന്തെന്നും വിശകലനവിധേയമാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. രാജ്യത്തിന്റെ മതേതര, ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരേ ഉയര്‍ന്നുവരുന്ന ഫാസിസ്റ്റ് രാഷ്ട്രീയ ഭീഷണികളെ പ്രതിരോധിക്കാന്‍ ഗാന്ധിയന്‍ ആശയങ്ങള്‍ക്കേ കഴിയൂ. വാക്കുകളില്‍നിന്ന് അര്‍ഥവും ചരിത്രത്തില്‍നിന്ന് സത്യവും നഷ്ടപ്പെട്ടുപോകുന്ന കാലത്താണ് ഗാന്ധിജിയുടെ ജന്മവാര്‍ഷികം കടന്നുപോകുന്നത്. ഗാന്ധി ഘാതകര്‍ തന്നെ ഗാന്ധിജിയുടെ ജീവിതസന്ദേശം ഉള്‍ക്കൊള്ളണമെന്ന് ഉപദേശിക്കുന്ന സത്യാനന്തരകാലം. സത്യത്തിനും അഹിംസയ്ക്കും നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ഏകാന്തവഴികളിലൂടെ സഞ്ചരിച്ച മഹാത്മാവിനെ സത്താരഹിതമായി അപനിര്‍മിക്കുകയാണ് മതരാഷ്ട്രവാദികളും ഉത്തരാധുനിക പണ്ഡിതന്മാരും. ഈയൊരു സാഹചര്യത്തിലാണ് ഗാന്ധിജിയുടെ ജീവിതത്തെയും ചിന്തകളെയും സംബന്ധിച്ച വസ്തുനിഷ്ഠമായ വിശകലനങ്ങള്‍ ആവശ്യമായിത്തീരുന്നത്.
മഹാത്മാഗാന്ധിയുടെ ജീവിതവും ആദര്‍ശങ്ങളും നമ്മള്‍ പഠിക്കുകയും മനസിലാക്കുകയും ചെയ്യുന്നതോടൊപ്പം അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക എന്നതും ആവശ്യമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഹിംസ ഒന്നിനും പരിഹാരമല്ലെന്ന് പഠിപ്പിച്ച മഹാത്മാവിന്റെ നാട്ടില്‍ എന്തിനും ഏതിനും സഹജീവികളുടെ ജീവിതമെടുക്കുക എന്ന ചിന്താഗതി വളര്‍ന്നുവരുന്ന അത്യന്തം അപകടകരമായ അവസ്ഥയാണിന്നുള്ളത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വ ആധിപത്യത്തിനെതിരേ ഇന്ത്യയിലെ ബഹുജനങ്ങളെയാകെ അണിനിരത്തുന്നതില്‍ വിസ്മയകരമായ പങ്കാണ് ഗാന്ധിജി വഹിച്ചിട്ടുള്ളത്. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന് ബഹുജന അടിത്തറയും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് മണ്ണൊരുക്കുകയും ചെയ്തത് ഗാന്ധിജിയാണ്.
ഗാന്ധിജി ഉള്‍പ്പെടെയുള്ള നമ്മുടെ ദേശീയ നേതൃത്വം ത്യാഗപൂര്‍ണമായ സമരങ്ങളിലൂടെ രൂപപ്പെടുത്തിയ ഇന്ത്യയെന്ന സങ്കല്‍പം തന്നെ വെല്ലുവിളിക്കപ്പെടുമ്പോഴാണ് നാം ഗാന്ധിയുടെ ജന്മവാര്‍ഷികം ആഘോഷിക്കുന്നത്. ന്യൂനപക്ഷങ്ങളും ദലിതുകളും സ്ത്രീകളും ഭരണഘടനയുടെ ഫെഡറല്‍ മതേതര, ജനാധിപത്യമൂല്യങ്ങളും വേട്ടയാടപ്പെടുന്ന അത്യന്തം ആപല്‍ക്കരമായ സാഹചര്യമാണ് ഇന്ത്യയിലുള്ളത്. നൂറായിരം ജാതികളും എണ്ണമറ്റമതങ്ങളും സംസ്‌കാരങ്ങളും ആചാരങ്ങളും കൊടികുത്തിവാണിരുന്ന ഇന്ത്യയില്‍ ലോകത്തെ ഏറ്റവുംവലിയ ജനസഞ്ചയത്തെ ഒരുമയോടെ നയിക്കാന്‍ ആധുനിക ലോകചരിത്രത്തില്‍ ഗാന്ധിജിയോളം കഴിവുണ്ടായിരുന്ന മറ്റൊരാള്‍ ഉദയം ചെയ്തിരുന്നില്ല.
ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ ആഗോളതലത്തില്‍ ഒട്ടേറെ പൗരാവകാശ പ്രവര്‍ത്തകരെ സ്വാധീനിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, സ്റ്റീവ് ബികോ, നെല്‍സണ്‍ മണ്ടേല എന്നിവര്‍ ഗാന്ധിയന്‍ ആശയങ്ങള്‍ സ്വാംശീകരിച്ചവരില്‍പ്പെടുന്നു. അഹിംസാധിഷ്ഠിത സത്യഗ്രഹം എന്ന ഗാന്ധിയന്‍ ആശയത്തോടുള്ള ബഹുമാനാര്‍ഥം 2007 മുതല്‍ ഐക്യരാഷ്ട്രസഭ ഒക്ടോബര്‍ രണ്ട് അന്താരാഷ്ട്ര അഹിംസാ ദിനമായും ആചരിച്ചുവരുന്നു. ലോകത്ത് ഗാന്ധിയും ഗാന്ധിസന്ദേശങ്ങളും അത്രമേല്‍ സ്വീകാര്യത കൂടിവരികയും അഗണ്യകോടികള്‍ വിശേഷണങ്ങള്‍ക്കതീതമായ ആ ജീവിതം പിന്തുടരുകയും ചെയ്യുമ്പോഴും ഖേദകരമെന്ന് പറയട്ടെ, സമകാലിക ഭാരതത്തില്‍ ഗാന്ധിജി പലപ്പോഴും അവമതിക്കപ്പെടുന്നു. ലോകത്തിനു മാതൃകയായി തുടരുന്ന ഗാന്ധിദര്‍ശനങ്ങളെ തമസ്‌കരിച്ചുകൊണ്ടിരിക്കുന്ന ഇത്തരക്കാരിലൂടെ ഭാരതം പരിഹാസ്യമാകുകയാണ്. അക്രമത്തിലധിഷ്ഠിതമായ ഫാസിസ്റ്റ് ചിന്താധാരയിലൂടെ അധികാരങ്ങള്‍ കൈയാളാന്‍ ശ്രമിക്കുന്നവര്‍ അക്രമരാഹിത്യത്തിലൂന്നിയ ഗാന്ധിയന്‍ ദര്‍ശനങ്ങളെ ഭയപ്പെടുന്നു എന്നതാണ് അതിന്റെ അടിസ്ഥാന കാരണം. ഇത്തരം ഒരു സാഹചര്യം അനുദിനം പടര്‍ന്നുപന്തലിക്കുന്നതിന്റെ കാരണം കണ്ടെത്തുകയാണെങ്കില്‍ മനുഷ്യ മനസുകളില്‍ സ്‌നേഹം എന്ന മൂന്നക്ഷരം മരിച്ചുകൊണ്ടിരിക്കുകയാണെന്ന ഉത്തരത്തിലാണ് നാം എത്തിച്ചേരുക. ഈ ദുസ്സാഹചര്യത്തിനു പരിഹാരമായി ചൂണ്ടിക്കാണിക്കാനുള്ളത് സ്‌നേഹത്തിന്റെ വീണ്ടെടുപ്പുമാത്രമാണ്. അതിനു വേണ്ടിയുള്ളതാവട്ടെ നമ്മളോരോരുത്തരുടെയും പരിശ്രമങ്ങള്‍.
മാനവരാശിയുടെ നന്മക്കായി വീണ്ടുവിചാരത്തിന്റെ സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്ന ബോധ്യം കുടുസു മനസുകളില്‍ ഒരു ചെറുതിരി വെട്ടമായെങ്കിലും പ്രതിഫലിപ്പിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അതുതന്നെയാണ് ഈ കാലഘട്ടത്തിന്റെ പുണ്യം. ദുര്‍ഘടമെന്നു തോന്നിപ്പിക്കുന്ന ആ പാതയിലേക്ക് അത്തരക്കാരെ ആയാസരഹിതരായ യാത്രികരാക്കി മാറ്റാന്‍ ഇന്നുള്ള ഏറ്റവും നല്ല സിദ്ധൗഷധം ഗാന്ധിസമല്ലതെ മറ്റെന്താണ്. ഗാന്ധിയുടെ ഘാതകരെ പോലും മഹാത്മാക്കളാക്കാനും മഹാത്മാവിന്റെ സംശുദ്ധമായ ജീവിത ചരിത്രത്തെ വളച്ചൊടിക്കാനുള്ള നീക്കങ്ങളും തകൃതിയായി മുന്നോട്ടുകൊണ്ടുപോകുന്നവര്‍ ലക്ഷ്യമാക്കുന്നത് ഭാരതത്തിന്റെ മതേതരത്വ സംവിധാനത്തെ ദുര്‍ബലമാക്കുക എന്നതാണ്. അതിനാല്‍ മാനവികതയ്ക്കും മതേതരത്വത്തിനും പ്രാധാന്യം നല്‍കിയ രാഷ്ട്രപിതാവിന്റെ ഓര്‍മകള്‍പോലും പലരെയും അസ്വസ്ഥരാക്കുന്നു. ഇതിനെതിരേ ജനാധിപത്യ, മതേതരവിശ്വാസികള്‍ ഗാന്ധിസന്ദേശങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് ഒരുമയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."